പ്രവാസത്തിന്റെ നിറവ്... പ്രദീപ് പുറവങ്കര
വിസ്തീർണം കൊണ്ട് ചെറുതാണെങ്കിലും മനസ് കൊണ്ട് ഏറെ വലിപ്പമുള്ള രാജ്യമാണ് ബഹ്റിൻ എന്ന് ഇവിടെ മുന്പും ഇപ്പോഴും താമസിച്ചു വരുന്ന ഏവരും ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ്. ജനങ്ങളെ വർഗവ്യത്യാസമില്ലാതെ ഒരു പോലെ കാണാൻ വിശാലമായ മനസുള്ള ഭരണാധികാരികളാണ് ഈ രാജ്യത്തെ ഏറ്റവും മനോഹരമാക്കുന്നത്. അതിന്റെ തെളിവുകളിൽ ഒന്നാണ് ബഹ്റിൻ മലയാളികളുടെ ആസ്ഥാന മന്ദിരമായ കേരളീയ സമാജം.
അറബ് പ്രവാസത്തിന്റെ ആദ്യനാളുകളിൽ തന്നെ ഇവിടേക്ക് ചേക്കേറിയവരാണ് മലയാളികൾ. അവർക്ക് ഒത്തുകൂടാനും തങ്ങളുടെ സംസ്കാരത്തെ ഓർത്തെടുക്കാനും ഉണ്ടാക്കിയെടുത്ത മഹത് പ്രസ്ഥാനമാണ് കേരളീയ സമാജം. 70വർഷത്തിലേയ്ക്ക് ഈ കൂട്ടായ്മ നടന്നടക്കുന്പോൾ ലോകമലയാളികൾക്ക് തന്നെ അഭിമാന മുഹൂർത്തമാകുന്നു. അതിന് സാക്ഷിയാകാൻ കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ബഹ്റിൻ രാജകുടുംബത്തിന്റെ പ്രത്യേക അതിഥിയായി ഇവിടെ എത്തുന്പോൾ ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ പൂർത്തീകരണമായും അത് മാറുന്നു.
പ്രവാസത്തിന്റെ ചൂടും തണുപ്പും അറിയുന്നയാളാണ് നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ അദ്ദേഹം ഏറെ കേട്ട് തഴന്പിച്ചിരിക്കാനുള്ള പരാതികളൊന്നും വീണ്ടും ആവർത്തിക്കുന്നില്ല. ചെയ്യാൻ പറ്റുന്നത് ചെയ്യുമെന്ന വിശ്വാസം താങ്കളിൽ ഞങ്ങൾക്കുണ്ട്. അത് കാത്തുസൂക്ഷിക്കണമെന്ന ആഗ്രഹത്തോടെ...
സ്നേഹപൂർവം
പ്രദീപ് പുറവങ്കര
മാനേജിംഗ് ഡയറക്ടർ/എഡിറ്റർ
ഫോർ പി.എം ന്യൂസ്