ഒരു സമരം തീരുമ്പോൾ...
പ്രദീപ് പുറവങ്കര
29 ദിവസം നീണ്ടു നിന്ന ഒരു വിദ്യാർത്ഥി സമരം കൂടി ഇന്നവസാനിച്ചിരിക്കുന്നു. പ്രശസ്ത ടെലിവിഷൻ അവതാരിക ലക്ഷ്മി നായർ തിരുവന്തപുരം ലോ കോളേജിന്റെ മുൻ പ്രിൻസിപ്പലായി ഒതുങ്ങിയിരിക്കുന്നു. അവരുടെ സമീപനങ്ങൾക്കെതിരെ പരാതി ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചതെങ്കിലും പിന്നീട് അത് ഭൂമി കൈയേറൽ അടക്കമുള്ള വിഷയങ്ങളിലേക്ക് മാറിയും തിരിഞ്ഞും എത്തി. ഇടതുപക്ഷത്തിലെ അഭിപ്രായ ഭിന്നതയും ഇതിനിടയിൽ മറനീക്കി പുറത്ത് വന്നു. പ്രശ്നം തുടങ്ങിയ അന്നുതന്നെ സർക്കാർ നല്ല രീതിയിൽ ഇടപ്പെട്ടിരുന്നെങ്കിൽ കേവലം അരമണിക്കൂർ കൊണ്ട് തീർക്കാവുന്ന സംഭവമായിരുന്നു ഇതെന്ന് പലർക്കും തോന്നുന്ന നേരം കൂടിയാണ് ഇത്. സമരം തുടങ്ങിയ ആദ്യനാളുകളിൽ സർക്കാരോ, സി.പി.എമ്മോ ഗൗരവപരമായി ഇതിനെ നോക്കിക്കണ്ടില്ല. നിസംഗമായി കാര്യങ്ങളെ നോക്കി കാണുന്പോഴാണ് പ്രശ്നങ്ങൾ ആളിക്കത്തുക എന്ന് പറയാറുള്ളത് പോലെയായി ഈ സമരത്തിന്റെ ഗതിവിഗതികൾ. ലോ അക്കാദമിക്ക് ഭൂമി പതിച്ച് നൽകിയതിലെ ക്രമവിരുദ്ധമായ കാര്യങ്ങളടക്കം പലതും ഈ സമരകാലത്ത് പുറത്ത് വന്നു.
സമരം തീരുന്പോൾ ഉണ്ടാകുന്ന എല്ലാ ഒത്തുതീർപ്പുകളും അതു പോലെ നടക്കണമെന്നോ, അത് കാരണം എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നോ അർത്ഥമില്ല. പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അതിനൊരു പരിഹാരം കണ്ടെത്താനും സാധിക്കുന്ന വാതിലാണ് ഒത്തുതീർപ്പ് ചർച്ചകൾ. ഏതൊരു ഒത്തുതീർപ്പ് ചർച്ചയിലും രണ്ട് പക്ഷങ്ങളും, ഒരു മധ്യസ്ഥനുമുണ്ടാകും. അതിൽ മധ്യസ്ഥന്റെ ഭാഗം ഏറെ പ്രധാനമാണ്. നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തി വേണം അവർ രണ്ടുകൂട്ടരെയും സമാധാനിപ്പിക്കാനും ഒരു തീർപ്പിലെത്താനും. പക്ഷെ അതിന് പകരം മധ്യസ്ഥൻ ആരോപണ വിധേയരായവരുടെ പക്ഷം ചേർന്നാൽ ആവലാതിക്കാരന് നീതി നിക്ഷേധിക്കപ്പെടുന്നു എന്ന തോന്നൽ ഉണ്ടാകും. ഈ ഒരു തോന്നലാണ് ലോ ആക്കാദമി പ്രശ്നത്തിൽ സർക്കാരിനെ കുറിച്ച് പൊതുവേ ഉണ്ടായത്. അവിടെ വിദ്യാർത്ഥി സമൂഹത്തെ മൊത്തമായിട്ടായിരുന്നു സർക്കാർ കണക്കിലെടുക്കേണ്ടത്. എസ്.എഫ്.ഐ മാത്രമല്ല, ബാക്കി രാഷ്ട്രീയ പാർട്ടികളുടെ യുവജനപ്രസ്ഥാനങ്ങളും ഈ സമരത്തിന്റെ ഭാഗമായിരുന്നു എന്ന കാര്യം പലപ്പോഴും സർക്കാർ എന്ന മധ്യസ്ഥൻ മറന്നുപോയി എന്നത് യാഥാർത്ഥ്യമാണ്.
കേവലമൊരു വിദ്യാർത്ഥി പ്രശ്നമാക്കി ഈ സമരത്തെ ഒതുക്കാൻ ശ്രീ കോടിയേരി ബാലകൃഷ്ണൻ അടക്കം ശ്രമിച്ചപ്പോൾ അതിനെ എതിർക്കാനും പൊതുപ്രശ്നമാക്കി ഉയർത്തി കൊണ്ടുവരാനും ഭരണപക്ഷത്ത് നിന്ന് വി.എസും, സി.പി.ഐയും വരേണ്ടിവന്നു എന്നതും ശ്രദ്ധേയമാണ്. ഏതൊരു രാഷ്ട്രീയക്കാരനും ആരോടും തന്നെ സൗഹാർദമുണ്ടാകാം. എന്നാൽ ആ സൗഹാർദം കാരണം പൊതുവായിട്ടുള്ള ഒരു പ്രശ്നത്തിൽ ഇടപ്പെടാൻ സാധ്യമല്ലെന്ന് പറയുന്പോൾ അവരുടെ രാഷ്ട്രീയമാണ് സംശയത്തിന്റെ നിഴലിൽ പെട്ടുപോകുന്നത്. സൗഹാർദത്തിന്റെ പേരിൽ വഴിവിട്ട് നടക്കുന്ന എല്ലാ കാര്യങ്ങൾക്കും വിധേയത്വം കാണിക്കുന്നതും ഭൂഷണമല്ല. ഇത്തരം പരിമിതികളെ മറികടക്കാനാണ് ജനങ്ങൾ ഇടതുപക്ഷത്തെ തിരഞ്ഞെടുത്ത് ഭരണചക്രമേൽപ്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്വം നന്നായി തന്നെ നിർവഹിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ...