പിണറായി എത്തുമ്പോൾ


പ്രദീപ് പുറവങ്കര 

നാളെ വൈകുന്നേരം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തന്റെ നാല് ദിവസത്തെ ബഹ്റിൻ സന്ദർ‍ശനത്തിന് തുടക്കം കുറിക്കുകയാണ്. ബഹ്റിനിലെ ഭരണാധികാരികളടക്കമുള്ളവരെ ഈ സന്ദർ‍ശനത്തിന്റെ ഭാഗമായി അദ്ദേഹവും സംഘവും കാണുന്നുണ്ട്. കൂടാതെ ബഹ്റിനിലെ മലയാളികളുടെ മാതൃസംഘടനയെന്നറിയപ്പെടുന്ന കേരളീയ സമാജത്തിന്റെ എഴുപതാം വാർ‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലും, ബിസിനസ് രംഗത്തെ പ്രമുഖരെ കാണുന്ന സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും. ഇവിടെ ഉപജീവനമാർ‍ഗം തേടുന്ന രണ്ടര ലക്ഷത്തോളം വരുന്ന മലയാളികളെ സംബന്ധിച്ച് ഇതൊരു ചരിത്രപരമായ സന്ദർ‍ശനമാകുമെന്ന് തന്നെയാണ് കരുതേണ്ടത്. 

ഇതിന് മുന്പ് ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം ഏറ്റുവാങ്ങാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വന്നതും ഈ നേരത്ത് ഓർ‍ക്കേണ്ടതാണ്. നാൽ‍പത്തോളം ചെറുതും വലുതുമായ സ്വീകരണങ്ങളാണ് അന്ന് ശ്രീ. ഉമ്മൻചാണ്ടിക്ക് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ‍ ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായത്. ഒന്നോ രണ്ടോ പേർ‍ക്ക് കയറാവുന്ന വാഹനത്തിൽ‍ ആളുകളെ കുത്തിനിറച്ച് അന്ന് ഇവിടെയുള്ള സ്വദേശികളെ പോലും ഉമ്മൻ ചാണ്ടി ഞെട്ടിച്ചിരുന്നു. ബഹ്റിൻ ഗവണ്‍മെന്റിന്റെ പ്രത്യേക അതിഥിയായി വന്നതുകൊണ്ട് കനത്ത സുരക്ഷാസന്നാഹവും അദ്ദേഹത്തിന്റെയൊപ്പം ഉണ്ടായിരുന്നു. പലപ്പോഴും ആ സുരക്ഷാജീവനക്കാർ‍ക്ക് പരിഹാസം തോന്നുന്ന രീതിയിൽ‍ അന്ന് ഉമ്മൻ ചാണ്ടിക്കൊപ്പം തൊട്ടുരുമ്മി നടന്ന ചോട്ടോ ബഡാ നേതാക്കൾ‍ പിണറായി വിജയന്റെ സന്ദർ‍ശന നേരത്തും അത്തരം വിഡ്ഢിത്തരങ്ങൾ‍ ആവർ‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം. 

ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എന്ന രീതിയിൽ‍ മാത്രമല്ല ശ്രീ. പിണറായി വിജയൻ ബഹ്റിലെത്തുന്നത്. ഒരു നാടിന്റെ സ്നേഹം ഈ രാജ്യത്തിലെ ഭരണാധികാരികളെ നേരിട്ട് അറിയിക്കാൻ കൂടിയാണ് നമ്മുടെ മുഖ്യമന്ത്രി എന്ന നിലയിൽ‍ നാല് ദിവസം അദ്ദേഹം ഇവിടെ സന്ദർ‍ശിക്കാൻ ഒരുങ്ങുന്നത്. ബഹ്റിൻ‍ രാജകുമാരന്റെ അതിഥിയായിട്ടാണ് അദ്ദേഹം ഇവിടെയെത്തുന്നത്. അതുകൊണ്ടു തന്നെ ഇവിടെയുള്ള മലയാളികൾ‍ അതിഥിയും ഒപ്പം തന്നെ ആതിഥേയനുമാണ്. ഈ മര്യാദകൾ‍ പാലിച്ചു കൊണ്ട് വേണം മുഖ്യമന്ത്രിയുടെ സന്ദർ‍ശനത്തെ വിജയകരമാക്കാൻ‍. 

You might also like

Most Viewed