ആരോഗ്യം സർവ്വധനാൽ പ്രധാനം...
പ്രദീപ് പുറവങ്കര
പ്രവാസലോകത്ത് ഇപ്പോൾ നല്ല തണുപ്പാണ്. ആറിലും അഞ്ചിലുമൊക്കെ ഡിഗ്രി സെൽഷ്യസ് നിൽക്കുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാതെ പുതച്ചുമൂടി കിടന്നുറങ്ങാനും, നല്ല കട്ടൻ ചായയും ചൂട് പരിപ്പുവടയും കഴിക്കാൻ തോന്നുന്ന മനോഹരമായ കാലാവസ്ഥ. തണുപ്പ് കാലം അവസാനിക്കാറുകുന്പോഴാണ് അതിന്റെ കാഠിന്യം കൂടാറുള്ളത്. അതു കൊണ്ട് തന്നെ ഇത്തവണ ഏപ്രിൽ ആകുന്പോഴേക്കും ചൂട് നന്നായി ആരംഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
അതേ സമയം ഈ കാലാവസ്ഥ ധാരാളം അസുഖങ്ങളും സമ്മാനിക്കുന്നു. പ്രത്യേകിച്ച് പ്രായമേറിയവരിലും, പ്രായം കുറഞ്ഞ കുഞ്ഞുങ്ങൾക്കും തണുപ്പ് സഹിക്കാൻ വലിയ ബുദ്ധിമുട്ടുമാണ്. ബഹ്റിനടക്കമുള്ള ഇടങ്ങളിൽ ഗവൺമെന്റ് ആശുപത്രികളോടൊപ്പം തന്നെ ആരോഗ്യമേഖലയിൽ ധാരാളം സ്വകാര്യ ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. സമീപകാലത്ത് ബഹ്റിനിലെ ഗവൺമെന്റ് ആശുപത്രികളിലും, ക്ലിനിക്കുകളിലും വിദേശീയരായവർക്ക് ഫീസ് കൂട്ടിയത് ഏറെ ചർച്ച ചെയ്ത വിഷയമാണ്. ഇത് കാരണം സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലും, ക്ലിനിക്കുകളിലും വിദേശീയരായ പ്രവാസികൾ കൂടുതലായി എത്തുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മലയാളികളുടെ നേതൃത്വത്തിൽ നടക്കുന്ന നല്ല ക്ലിനിക്കുകളും, ആശുപത്രികളും ഇന്ന് പ്രവാസലോകത്ത് ഏറെയുണ്ട്. മിക്കവരും നല്ല സേവനങ്ങളും നൽകി വരുന്നു. അതേസമയം ചിലർ നേരെ വിപരീതമായും കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നത് വാസ്തവമാണ്. ബഹ്റിൻ ആരോഗ്യമന്ത്രാലയത്തിന്റെ കർശനമായ പരിശോധനകൾക്കിടയിലും ഇത്തരം ക്രമവിരുദ്ധമായ ആരോഗ്യപരിപാലന പ്രവൃത്തികൾ നടക്കുന്നുണ്ട് എന്നത് പലവട്ടം തെളിഞ്ഞിട്ടുള്ള കാര്യവുമാണ്. അലോപ്പതി മരുന്നുകൾ നൽകുന്നിടങ്ങളിൽ നിന്ന് മാത്രമല്ല ഇത്തരം പരാതികൾ ഉയരുന്നത്. ആയുർവേദം എന്ന വലിയൊരു ശാഖയുടെ പേരിൽ പ്രവാസലോകത്ത് ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട്. മനാമയിൽ വയർ ചാടുന്നവർക്ക് വേണ്ടി പൊടിമരുന്ന് കൊടുക്കുന്നവർ മുതൽ ആയുർവേദിക് മസാജിന്റെ പേരിൽ അനാശാസ്യം നടത്തുന്നവർ വരെ ഇവിടെയുണ്ട്.
ശ്രദ്ധിക്കേണ്ടത് രോഗം പിടിപെടാൻ സാധ്യതയുള്ള നമ്മൾ തന്നെയാണ്. തെറ്റായ മരുന്നുകൾ കഴിച്ചും, ഓൺലൈൻ സൈറ്റുകളിൽ നൽകുന്ന അബദ്ധ ധാരണകൾ അതു പോലെ പാലിച്ചുമൊക്കെ ആരോഗ്യം നശിപ്പിക്കുന്പോൾ നഷ്ടമുണ്ടാകുന്നത് നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും മാത്രമായിരിക്കും. ആരോഗ്യം നഷ്ടമായാൽ എല്ലാം നഷ്ടമാകും എന്ന യാഥാർത്ഥ്യം മനസ്സിലാക്കി ഗുണമേന്മയുള്ള ഇടങ്ങളിൽ പോകാനും നല്ല ഡോക്ടർമാരെ കാണാനും സാധിച്ചാൽ മാത്രമേ ഇത് സാധിക്കുകയൂള്ളൂ എന്ന ഓർമ്മപ്പെടുത്തലോടെ...