അമ്മമഹാറാണിയാകാൻ ശശികല... പ്രദീപ് പുറവങ്കര
പുരൈട്ചി തലൈവി ജയലളിതയുടെ ഉറ്റതോഴിയായ ശശികല തമിഴകത്തിന്റെ അമ്മ മഹാറാണിയാകാൻ പോകുന്നു. സെന്റ് ജോർജ്ജ് ഫോർട്ടിലെ കനകസിംഹാസനത്തിൽ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അവർ ഉപവിഷ്ടയാകും. ജയലളിതയുടെ മരണാന്തരം പെട്ടന്ന് തന്നെ ഈ സ്ഥാനത്തേയ്ക്ക് എത്താൻ ശശികലയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജെല്ലികെട്ട് പ്രശ്നം ഉയർന്ന് വന്നത് കാരണം അവർക്ക് അത് ചെയ്യാൻ സാധിച്ചില്ലെന്നതാണ് അണിയറ രഹസ്യം. നിയമത്തിലൂടെ തന്നെ ആ പ്രശ്നം ഒതുക്കി തീർത്തതിന് ശേഷമാണ് ഭരണമാറ്റത്തിന് കളമൊരുങ്ങിയിരിക്കുന്നത്. കസേരയിൽ ഇരിക്കുന്നതിന് മുന്പ് ഒരു തൂത്ത് വാരൽ ശശികല നടത്തികഴിഞ്ഞു. അതിൽ പ്രധാനപ്പെട്ട മൂന്ന് പേർ ജയലളിതുടെ വിശ്വസ്തരാണ്. മലയാളിയും പഴയ ചീഫ് സെക്രട്ടറിയുമായ ഷീലാ ബാലകൃഷ്ണൻ, കെ.എൻ വെങ്കിട്ടരമണൻ, പേഴ്‌സണൽ സെക്രട്ടറി രാമലിംഗം എന്നിവരെയാണ് രായ്ക്ക്്രാമാനം മുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെ ഓഫീസിൽ നിന്ന് ചിന്നമ്മ മുന്നറിയിപ്പൊന്നും ഇല്ലാതെ പുകച്ചു ചാടിച്ചത്. ഇതോടൊപ്പം ജയലളിത പുറത്താക്കുകയോ ഒതുക്കുകയോ ചെയ്ത ഇരുപത്തിമൂന്നിലധികം സീനിയർ നേതാക്കളെ കഴിഞ്ഞ ദിവസം ക്ഷണിച്ചുവരുത്തി പാർട്ടിയിലെ സുപ്രധാന സ്ഥാനങ്ങൾ ഏൽപ്പിക്കുവാനും ശശികലയ്ക്ക് സാധിച്ചിട്ടുണ്ട്.
ശശികലയുടെ പിന്നിൽ ചരട്്വലിക്കുന്നതൊക്കെ ഭർത്താവ് എം നടരാജനാണെന്നാണ് മാധ്യമങ്ങളുടെ കണ്ടത്തൽ. അധികാരമാണ് തമിഴ്നാട്ടിൽ തന്റെ നിലനിൽപ്പിന്റെ അസ്തിവാരമെന്ന് എത്രയോ വർഷം ജയലളിത എന്ന ഉരുക്ക് വനിതയുടെ പിന്നിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞ ശശികലക്കറിയാം. അതോടൊപ്പം അധികാരത്തിന്റെ ശീതളച്ഛായയിൽ സ്ഥാപിച്ച സാന്പത്തിക− വ്യാവസായിക സാമ്രാജ്യങ്ങൾ നിലനിർത്തണമെങ്കിലും മേൽകൈ നേടിയേ പറ്റൂ. അതിന് പാർട്ടിയുടെ ജനറൽ സെക്രട്ടറി പദം കൊണ്ടുമാത്രം കാര്യങ്ങൾ നടക്കില്ല. ഈ ബോധമാണ് ശശികലയെ മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് ശശികലയെ അടുപ്പിക്കുന്നത്.
അതേസമയം അണ്ണാദുരൈയുടെയും, എംജിആറിന്റെയും, ജയലളിതയുടെയും കട്ടൗട്ടുകളുടെ ഒപ്പം ഇനി ശശികലയുടെ ചിത്രവും ഉയരുന്പോൾ അത് തമിഴകത്തിന്റെ തെരുവോരങ്ങളിലും കോലായകളിലും എത്രകാലം നിൽക്കുമെന്നാണ് അറിയേണ്ടത്. ഏപ്രിൽ മാസത്തിന് ശേഷം തമിഴ്നാട്ടിൽ നടക്കാൻ പോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പുകളും 2019ൽ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പും ശശികലയുടെ ഭാവി നിർണയിക്കുമെന്നതും ഉറപ്പ്. മറീനാ കടപ്പുറമുൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിനു യുവാക്കളുടെ രാഷ്ട്രീയതീരുമാനങ്ങൾ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. അവരെ മനസ്സിലാക്കാൻ ശശികലയ്ക്ക് കഴിഞ്ഞില്ലെങ്കിൽ അതവരുടെ പരാജയമാകുമെന്നും ഉറപ്പ്.