വീണ്ടും മഷി പുരളുമ്പോൾ
പ്രദീപ് പുറവങ്കര
തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളാണ്. കൊടിയിറക്കവും, കൊടിയേറ്റവും നടക്കുന്ന നേരം. പുതിയ സമവാക്യങ്ങളും, കൂട്ടുക്കെട്ടുകളും ഉരുത്തിരിയുന്ന, ചാണക്യതന്ത്രങ്ങൾ ഉടലെടുക്കുന്ന സന്ദർഭം കൂടിയാണിത്. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ ഇന്ന് പോളിങ്ങ് ബൂത്തിൽ അവരുടെ വിധിയെഴുതുകയാണ്. പഞ്ചാബും, ഗോവയും. രണ്ടിടത്തും ഭരണകക്ഷിയായ ബിജെപി കൂടി ഭാഗമായ സർക്കാരാണ് ഭരിക്കുന്നത്. നവംബർ 8ലെ നോട്ട് നിരോധനത്തിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പായത് കൊണ്ട് തന്നെ ബിജെപിക്ക് ഇത് ഒരു പരീക്ഷണം കൂടിയാണ്. അതേസമയം മുഖ്യ എതിരാളികൾ രണ്ടിടത്തും കോൺഗ്രസും, ആം ആദ്മി പാർട്ടിയുമാണ്. രണ്ടു പാർട്ടികളും ഇത്തവണ വിജയിക്കാനും ഭരണം നേടാനുമുള്ള ഊർജ്ജിതമായ ശ്രമത്തിലുമാണ്. ആംആദ്മി പാർട്ടിയാണ് ഈ തിരഞ്ഞെടുപ്പിൽ ഏറെ നിർണ്ണായകമാകുന്നത്. ഡൽഹിക്ക് പുറത്തേയ്ക്ക് കടക്കാൻ ആം ആദ്മി പാർട്ടിക്കുള്ള വാതിലാണ് ഈ രണ്ട് തിരഞ്ഞെടുപ്പും.
പഞ്ചാബിൽ അകാലിദൾ-ബിജെപി സഖ്യം ഭരണത്തുടർച്ച തേടി തുടർച്ചയായ മൂന്നാം വട്ടവും പോളിങ്ങ് ബൂത്തിലെത്തുന്പോൾ രണ്ട് തവണ കൈവിട്ടു പോയ പഞ്ചാബ് തിരിച്ചുപിടിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാലങ്ങളായി പഞ്ചാബിൽ അധികാരത്തിലിരുന്ന പാർട്ടികളെ കവച്ചുവെച്ചു വിജയം നേടിയ ആപ് നിയമസഭ തിരഞ്ഞെടുപ്പിലും അട്ടിമറി ജയത്തിനാണ് കാതോർക്കുന്നത്. എക്‌സിറ്റ് പോളുകൾ കോൺഗ്രസിന് മുൻഗണന നൽകുന്നുണ്ടെങ്കിലും ആംആദ്മിക്കും വലിയ സാധ്യത കൽപ്പിക്കുന്നു. ബിജെപിയുടെ ലക്ഷ്മികാന്ത് പർസേക്കർ സർക്കാരിനെ അധികാരത്തിൽ നിന്നിറക്കി ഗോവ പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ആംആദ്മി തന്നെയാണ് ഇവിടേയും കനത്ത പോരാട്ടത്തിന് കളമൊരുക്കിയിരിക്കുന്നത്.
ഈ രണ്ട് തിരഞ്ഞെടുപ്പുകളും കഴിയുന്പോഴേയ്ക്ക് മൂന്ന് സംസ്ഥാനങ്ങളിൽ കൂടി ജനാധിപത്യത്തിന്റെ ഈ മാമാങ്കം അരങ്ങേറും. ഉത്തരാഖണ്‍ധ്, മണിപ്പൂർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അത്. ഇതിൽ ഉത്തർപ്രദേശിലെ ഫലം ദേശീയ രാഷ്ട്രീയത്തിൽ പോലും വലിയ ചലനങ്ങളുണ്ടാക്കും. രാജ്യസഭയിലെ അംഗങ്ങളുടെ കാര്യത്തിൽ നിർണായകമായ തീരുമാനമാണ് ഇവിടെ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലൂടെ ഉണ്ടാകാൻ പോകുന്നത്. ഇതോടൊപ്പം ജയലളിതയുടെ ആക്സമിക നിര്യാണത്തിന് ശേഷം തമിഴ്നാട്ടിൽ ഉണ്ടാകാൻ ഇടയുള്ള മുഖ്യമന്ത്രി മാറ്റവും ഇന്ത്യൻ രാഷ്ട്രീയത്തെ വരും ദിവസങ്ങളിൽ സജീവമാക്കുമെന്നുറപ്പ്.