വിഷാദത്തെ മാറ്റിനിർ‍ത്താം


പ്രദീപ് പുറവങ്കര 

ഇന്ന് കാലം വേഗതയുടേതാണ്. മികച്ച ഓട്ടക്കാരൻ ആയാൽ‍ മാത്രം പോരാ മറിച്ച് ഓട്ടം നിർ‍ത്താനും പാടില്ല എന്നതാണ് ഇന്നിന്റെ മുദ്രാവാക്യം. നിന്ന് പോയാൽ‍ പിന്നെ നിങ്ങളില്ല എന്നതാണ് മാത്സര്യത്തിന്റെ ഈ ലോകം നമ്മോട് പറയാതെ പറയുന്നത്. ഈ ഓട്ടത്തിനിടയിൽ‍ പലപ്പോഴും നമ്മുക്ക് പിടിപ്പെടുന്ന ജീവിതശൈലീ രോഗങ്ങളെ പറ്റി മണിക്കൂറുകളോളം ചർ‍ച്ച ചെയ്യാറുണ്ട്. പ്രമേഹത്തിൽ‍ നിന്നും, അമിത രക്തസമ്മർ‍ദ്ധത്തിൽ‍ നിന്നുമൊക്കെ രക്ഷപ്പെടാനുളള തീവ്ര ശ്രമങ്ങളും മരുന്ന് കഴിച്ചും അല്ലാതെയും നടത്തുന്നത് പതിവാണ്. ക്യാന്പുകളിൽ‍ പങ്കെടുത്തും, സമയാസമയം പരിശോധനകൾ‍ നടത്തിയും ഈ അസുഖങ്ങളെ അതിജീവിക്കാൻ‍ നമ്മൾ‍ ശ്രമിക്കുന്നു. ശരീരത്തിന് വേണ്ടിയുളള ഇത്തരം ചികിത്സകളിൽ‍ വ്യാപൃതരാകുന്ന നമ്മളിൽ‍ പലർ‍ക്കും പക്ഷെ മനസിനെ ചികിത്സിക്കാനോ അവയുടെ രോഗം കണ്ടുപിടിക്കാനോ സാധിക്കുന്നില്ല. 

മനസിനെ ബാധിക്കുന്ന വിഷാദരോഗം ഇന്ന് നമ്മുടെ നാട്ടിലും പ്രവാസലോകത്തും വല്ലാതെ പടർ‍ന്നു പിടിക്കുന്നുണ്ട് എന്നത് ഒരു യാഥാർ‍ത്ഥ്യാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ ഇത് വല്ലാതെ വർ‍ദ്ധിച്ചിരിക്കുന്നു. ഇരുപതിൽ‍ ഒരാൾ‍ക്ക് എന്ന തരത്തിലാണ് നമ്മുടെ നാട്ടിൽ‍ സ്ത്രീകളിൽ‍ ഈ അസുഖം ഉണ്ടാകുന്നത്. സാന്പത്തികവും സാമൂഹികവുമായി അവർ‍ നേരിടേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങൾ‍, തൊഴിലില്ലായ്മ, ഗാർ‍ഹിക പീഡനം തുടങ്ങി നിരവധി കാരണങ്ങളാണ് ഇതിന് വഴിവെക്കുന്നത്. ഏകദേശം ഇതേ അവസ്ഥ ബാച്ചിലറായും കുടുംബസ്ഥനായും കഴിയുന്ന എത്രയോ പ്രവാസി പുരഷന്‍മാർ‍ക്കുമുണ്ട്. പൊണ്ണതടിയും, കൊളസ്ട്രോളും കൊണ്ടു നടക്കുന്നതിനോടൊപ്പം വിഷാദരോഗം കൂടിയാകുന്പോൾ‍ ഹൃദയാഘാതത്തിന് മുഖ്യകാരണമായി മാറുന്നു.

ഈ അടുത്ത കാലത്ത് ഹൃദയാഘാതം മൂലം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം ബഹ്റിനിൽ‍ ഏറെ വർ‍ദ്ധിച്ചിട്ടുണ്ട് എന്ന കാര്യം ഇതുമായി കൂട്ടി വായിക്കാം. ആത്മഹത്യകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, കുടുംബസ്ഥന്‍മാരുടെ ഇടയിൽ‍ വർ‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഇത്തരം ഹൃദയാഘാതങ്ങളെ കുറിച്ച് ഗൗരവമായി ഇന്ത്യൻ എംബസിയും ഇവിടെയുളള അസോസിയേഷനുകളും പഠിക്കുകയും, ഇത് കുറയ്ക്കാനുളള മാർഗ്‍ഗങ്ങളെ പറ്റി ചർ‍ച്ചകൾ‍ ചെയ്യുകയും വേണം. വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ‍ കാണിക്കുന്നവരോട് സംസാരിക്കുവാനും, അവരെ ആശ്വസിപ്പിക്കാനും കഴിയുന്ന കൗൺ‍സിലിങ്ങ് രംഗത്തുളളവരെ സജീവമായി സമൂഹത്തിന് പരിചയപ്പെടുത്താനും ഇത്തരം അസോസിയേഷനുകൾ‍ക്ക് കഴിയണമെന്ന ആഗ്രഹത്തോടെ....

You might also like

Most Viewed