നഷ്ടമായത് രാഷ്ട്രീയത്തിലെ സൗമ്യത
പ്രദീപ് പുറവങ്കര
ഇന്ത്യയ്ക്ക് ഗൾഫ് രാജ്യങ്ങളിലേയ്ക്ക്കുള്ള ഒരു ജാലകമാണ് ഇന്ന് പുലർച്ചെ അടഞ്ഞത്. മുസ്ലീം ലീഗിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ ഏറ്റവും മുതിർന്ന നേതാവായിരുന്നു എടപ്പക്കത്ത് അഹമ്മദ് എന്ന ഇ.അഹമ്മദ്. തന്റെ സൗമ്യമായ ഇടപെടലുകളിലൂടെ ആയിരക്കണക്കിന് പേരെയാണ് അദ്ദേഹം ആകർഷിച്ചിരുന്നത്. കണ്ണൂരിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ പിറന്ന അഹമ്മദിന്റെ രാഷ്ട്രീയ വളർച്ച കണ്ണൂരിലോ കേരളത്തിലോ മാത്രം ഒതുങ്ങിയില്ല. അത് ദേശീയ തലത്തിലേയ്ക്കും പിന്നീട് അന്തർദേശീയ തലത്തിലേയ്ക്കും വളർന്നു. ഇന്ദിര ഗാന്ധി മുതൽ നരേന്ദ്ര മോഡിവരെയുള്ള പ്രധാന മന്ത്രിമാരുടെ വിശ്വാസം നേടിയ ഏക മലയാളി എന്ന പ്രത്യേകതയും അഹമ്മദ് സാഹിബ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നേതാവിന് സ്വന്തം. ഇംഗ്ലീഷ്, അറബിക്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകൾ ആത്മവിശ്വാസത്തോടെ കൈക്കാര്യം ചെയ്യാനുള്ള കഴിവ് തന്നെയാണ് അദ്ദേഹത്തെ പത്ത് തവണ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ നാവാകാനും സഹായിച്ചത്.
മത ന്യൂനപക്ഷങ്ങൾക്കുവേണ്ടി ഉറച്ച സ്വരത്തിൽ സംസാരിക്കുന്പോഴും തികഞ്ഞ മതേതരവാദിയാകാൻ അഹമ്മദ് എന്നും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് ഒരു യു എൻ ഉച്ചകോടിയിൽ കാശ്മീർ പ്രശ്നത്തെക്കുറിച്ചു സംസാരിക്കവെ കാശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അതിനെ അടർത്തിമാറ്റുന്നത് ഇന്ത്യയിലെ ഒരു മുസ്ലീമിനും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചത്. ഒന്നും രണ്ടും യുപിഎ സർക്കാരുകളിൽ കേന്ദ്ര സഹമന്ത്രി സ്ഥാനം വഹിച്ച അഹമ്മദ് മലബാറിന്റെയും കേരളത്തിന്റെയും ഉന്നമനത്തിനു വേണ്ടി നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന കാര്യം മലയാളികൾക്ക് വിസ്മരിക്കാൻ സാധ്യമല്ല.
വിദേശകാര്യസഹമന്ത്രി എന്ന നിലയിൽ പ്രവാസി ഇന്ത്യക്കാർക്കും അദ്ദേഹം നിരവധി സേവനങ്ങൾ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഗൾഫ് ഭരണാധികാരികളുമായി അദ്ദേഹം നിലനിർത്തിയിരുന്ന വ്യക്തിപരമായ ബന്ധവും സ്മരണീയമാണ്. ബഹ്റിനിൽ എത്തുന്പോഴോക്കെ ഇവിടെയുള്ള രാജകുടുംബാംഗങ്ങളുമായി അദ്ദേഹം പുലർത്തിയിരുന്ന സ്നേഹബന്ധവും ഏറെ ശ്രദ്ധേയമായിരുന്നു. ഇ.അഹമദ് എന്ന വലിയ ഗോപുരം ദീപ്തമായ ഓർമ്മയായി മാറുന്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നമുക്കേവർക്കും മുന്പോട്ട് പോകാനുള്ള ഊർജ്ജമായി മാറട്ടെ എന്നാഗ്രഹിച്ച് കൊണ്ട് ആ ഓർമ്മകൾക്ക് മുന്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു.