ഉണരണം യുവത


പ്രദീപ് പുറവങ്കര 

ഒരു ദശാബ്ദത്തിനപ്പുറം ബഹ്റിൻ എന്ന രാജ്യത്തേയ്ക്ക് കടന്നു വന്നപ്പോൾ ഈ മായിക ലോകത്തിന്റെ ദൃശ്യവിസ്മയങ്ങൾ എന്നെയും ഏതൊരു പ്രവാസിയെയും പോലെ ചകിതനാക്കിയിരുന്നു. നാട്ടിലുണ്ടായിരുന്ന ചില കൂട്ടുകാരാണ് ആ കാലത്ത് സമാധാനിപ്പിച്ച് നിർ‍ത്തിയത്. വിവിധ മതസ്ഥർ‍, വിവിധ ദേശങ്ങളിൽ നിന്നുള്ളവർ, വിവിധ സംസ്കാരമുള്ളവർ ഒക്കെ ചേർന്ന് അവർക്കറിയാവുന്ന രുചികളും, തമാശകളും ദുഃഖങ്ങളും പരസ്പരം പങ്ക് വെച്ചിരുന്ന ആ വെള്ളിയാഴ്ച്ചകൾ ഇന്നും എന്റെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. നാരായണേട്ടനും, ഖാദറിക്കയും, ജോസച്ചായനും ഒരുപോലെ പരസ്പരം ഊട്ടിയ നല്ല കാലം. ഇന്ന് പ്രവാസത്തിന്റെ ഈ ലോകത്തും കാലം മാറിയിരിക്കുന്നു. നാരയണൻ കേവലം ഹിന്ദുവും, ഖാദർ‍ മുസ്ലീമും, ജോസ് ക്രിസ്ത്യാനിയും ആയി മാറിയിരിക്കുന്നു. മനുഷ്യനെ സംഘിയെന്നും, കൊങ്കിയെന്നും, കമ്മിയെന്നും വിളിക്കാൻ‍ നാം ശീലിച്ചിരിക്കുന്നു. സോഷ്യൽ‍ മീഡിയയിലൂടെ നടത്തുന്ന അക്രമണത്തിൽ‍ പുറമേ ചോരയൊലിക്കുന്നില്ലെങ്കിലും അകമേ പലരും മുറിവേറ്റ് കഴിയുന്നു. 

കഴിഞ്ഞ ദിവസം മനാമയിലൂടെ നടക്കുന്പോൾ‍ കണ്ട ഒരു നോട്ടീസ് വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. ബാച്ചിലർ അക്കമൊഡേഷനിലേയ്ക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യമായിരുന്നു അത്. മലയാളത്തിൽ‍ എഴുതിയ ആ പരസ്യത്തിൽ‍ “ഒരു മത വിഭാഗത്തിൽ പെട്ടവർക്ക് മാത്രം” എന്നായിരുന്നു എഴുതിയത്. ബങ്ക് ബെഡിന്റെ വിശാലതയിൽ‍ പരസ്പരം പങ്ക് വെച്ചിരുന്ന സ്നേഹത്തിന്റെ പാലാഴി എവിടെയയോ വറ്റി കൊണ്ടിരിക്കുന്നുവെന്ന യാത്ഥാർത്ഥ്യമാണ് ഞാനും തിരിച്ചറിഞ്ഞത്. എപ്പോഴാണ് ഈ മാറ്റം സംഭവിച്ചതെന്ന് ബുദ്ധിയുള്ളവർ‍ ചിന്തിക്കേണ്ട നേരമായിരിക്കുന്നു.

പരാജയം സംഭവിച്ച് പോയത് നമ്മുടെ ഇടയിലെ യുവജനപ്രസ്ഥാനങ്ങൾ‍ക്കാണെന്ന് തോന്നുന്നു. ദീർഘവീക്ഷണമില്ലാത്ത നേതാക്കളുടെ ആഹ്വാനങ്ങൾ‍ ശ്രവിച്ച് സമൂഹത്തിന്റെ താത്പര്യങ്ങളെ മനസ്സിലാക്കാതെ ഈ പ്രസ്ഥാനങ്ങൾ‍ മുന്പോട്ട് പോയപ്പോഴാണ് വിഭാഗീയതയും വേർ‍തിരിവുകളും ആഴത്തിൽ‍ പടർ‍ന്നു തുടങ്ങിയത്. മനുഷ്യന്റെ ചിന്താശക്തിയെ ഉണർത്തി, അവ സമൂഹത്തിന്റെ നന്മയ്ക്കായി വഴി തിരിച്ചു വിട്ടിരുന്ന അത്തരം വലിയ യുവജന സംഘടനകൾക്ക് വഴി തെറ്റിയപ്പോഴാണ് മനുഷ്യർ‍ക്കിടയിൽ‍ പോരും സ്പർ‍ദ്ധയും വർ‍ദ്ധിച്ചത്. ഓരോ മനുഷ്യന്റെയും ഞരന്പുകളിൽ ഓടുന്ന ചോരയുടെ നിറം ചുകപ്പാണെന്ന് മനസ്സിലാക്കിയിടത്തു നിന്ന് നമ്മുടെ മനസിനെയും ശരീരത്തിനെയും, കാവിയും, പച്ചയും, മഞ്ഞയും പിന്നെ മറ്റനേകം നിറങ്ങളും ആരൊക്കെയോ ചേർ‍ന്ന് പുതപ്പിച്ചു. പുറമേക്കുള്ള നിറത്തിലായി പലരുടെയും നോട്ടം. അകമേ നോക്കാതായി. മനുഷ്യൻ വേണ്ടി വാദിക്കുന്നതിന് പകരം സർ‍വശക്തനായ ദൈവങ്ങൾ‍ക്ക് വേണ്ടി വക്കീൽ‍ പണിയെടുത്തു. 

മറ്റുള്ളവൻ‍ അവന്റെ കച്ചവടം വിപുലീകരിക്കുന്പോൾ‍, കൂടുതൽ‍ സ്വത്തുക്കൾ‍ വാങ്ങുന്പോൾ‍, ഒക്കെ അസ്വസ്ഥത വളരുന്നത് സാധരണായി. തങ്ങൾ‍ ഒന്നാണെന്ന ചിന്തയെ മാറ്റി വെച്ച് ന്യൂനപക്ഷവും ഭൂരിപക്ഷവും അവരുടെ പക്ഷം പിടിച്ചുതുടങ്ങിയതും പരിഭ്രാന്തിക്ക് ഇടയാക്കി. ഇത് മുതലാക്കാൻ‍ ഓരോ മതത്തിന്റെയും കീഴിൽ‍ ഉപഘടകങ്ങളായി പ്രവർ‍ത്തിക്കുന്ന ജാതി, വർ‍ഗ്ഗ സംഘടനകളും ശ്രമിച്ചു. രാഷ്ട്രീയമെന്തെന്നറിയാത്ത രാഷ്ട്രീയക്കാർ‍ ഇത്തരം ആളുകളുടെ മുന്പിൽ‍ നടുവളച്ച് നിന്നപ്പോൾ‍ നാടും നാട്ടുക്കാരും വളയാൻ‍ തുടങ്ങി. പരസ്പരം കണ്ടാൽ‍ ഒന്ന് ഹസ്തദാനം ചെയ്യാൻ‍ പോലും മടിച്ചു.

വിഷം തുപ്പുന്ന വായ്താരികളുമായി കടന്നുവരുന്നവൻ‍ ഏത് നിറത്തിലുള്ളവനായാലും ശരി, അവനെ തുരത്തേണ്ട ബാധ്യത നമുക്കുണ്ടെന്ന് ചിന്തിക്കുന്ന യുവതയെ സ്വപ്നം കാണാൻ‍ മാത്രമേ ഇന്ന് നമ്മിൽ‍ പലർ‍ക്കും സാധിക്കൂ എന്ന വേദനയോടെ...

 

You might also like

Most Viewed