പിണറായി വരുമ്പോൾ...


പ്രദീപ് പുറവങ്കര 

ബഹ്റിനിലെ മലയാളികൾ‍ ഏറെ ആകാംഷാപൂർ‍വ്വമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കാത്തിരിക്കുന്നത്. പറയുന്നത് ചെയ്യുമെന്ന പൊതു വിശ്വാസം തന്നെയാണ് ഈ കാത്തിരിപ്പിന്റെ പ്രധാന കാരണം. മൂന്ന് ദിവസത്തോളം അദ്ദേഹം ഇവിടെ ഉണ്ടാകുമെന്നാണ് മനസിലാക്കുന്നത്. വലിയ ജനപങ്കാളിത്തം ഉണ്ടാകുന്ന പരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. 

ബഹ്റിനിൽ‍ രാഷ്ട്രീയ നേതാക്കൾ‍ എത്തിയാൽ‍ പറയാറുള്ള സ്ഥിരം പരാതിയായ യാത്ര പ്രശ്നത്തോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ‍ പെടുത്തേണ്ട മറ്റ് നിരവധി കാര്യങ്ങളുമുണ്ട്. അതിൽ‍ പ്രധാനപ്പെട്ട കാര്യമാണ് ഇവിടെയുള്ള ജയിലുകളിൽ‍ കഴിയുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ‍. നിരവധി മലയാളികളും ഇക്കൂട്ടത്തിൽ‍ പെടുന്നു. കൊലപാതകം മുതൽ‍ വളരെ ചെറിയ കുറ്റകൃത്യങ്ങൾ‍ക്ക് വരെ പിടിക്കപ്പെട്ട് ജയിലിനുള്ളിൽ‍ കഴിയുന്നവർ‍ ഇവിടെയുണ്ട്. ഇതിൽ‍ പലരും ശരിയായ നിയമസഹായം ലഭിക്കാത്തത് കൊണ്ട് മാത്രം ജയിലിൽ‍ കഴിയുന്നവരാണ്. ഭാഷയുടെ പ്രശ്നവും ഇവരെ വലയ്ക്കുന്നു. ഇവിടെ ഒരു കേസിൽ‍ പെട്ടാൽ‍ മിക്കവർ‍ക്കും ആരെയാണ് സമീപിക്കേണ്ടത് എന്നറിയില്ല. പലരും ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയും നിലനിൽ‍ക്കുന്നു. നോർ‍ക്കയ്ക്ക് ബഹ്റിനിൽ‍ അനുവദിച്ച സെന്ററിലൂടെ കുറേ കാര്യങ്ങൾ‍ നടത്താൻ‍ സാധിക്കുന്നുണ്ടെങ്കിലും ജയിലിൽ‍ കിടക്കുന്നവർ‍ക്ക് നിയമസഹായമെത്തിക്കാൻ‍ കൂടുതൽ‍‍ ഇടപെടൽ‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

ആരോഗ്യ ടൂറിസം മേഖലകളിൽ‍ കേരളവും ബഹ്റിനും തമ്മിൽ‍ ശക്തമായ ബന്ധം ഉണ്ടാവേണ്ട കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ‍ പെടുത്തണം. ഒമാനടക്കമുള്ള ഗൾ‍ഫ് രാജ്യങ്ങളിൽ‍ നിന്നും ഇന്ന് ധാരാളം പേർ‍ ആരോഗ്യപരിപാലനത്തിന് വേണ്ടിയെത്തുന്നത് കേരളത്തിലാണ്. എന്നാൽ‍ ഇന്നും ബഹ്റിനിൽ‍ നിന്ന് അത്തരമൊരു ഒഴുക്കുണ്ടാകുന്നില്ല. ടൂറിസം മേഖലയിലും അപാരമായ സാധ്യത നിലനിൽ‍ക്കുന്നു. പ്രത്യേകിച്ച് വരാൻ‍‍ പോകുന്നത് പ്രവാസലോകത്തെ അവധി കാലമാണ്. ബഹ്റിനിലെ സ്വദേശികൾ‍ പലരും ചൂട് കാരണം വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്ന സമയമാണത്. അറബ് മുസ്ലീം രാജ്യങ്ങളെ പറ്റി യൂറോപ്യൻ‍ രാജ്യങ്ങളിൽ‍ വളർ‍ന്നു കൊണ്ടിരിക്കുന്ന അബദ്ധധാരണകൾ‍ കാരണം പലർ‍ക്കും അത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് പോകാനുള്ള താത്പര്യം കുറഞ്ഞുവരികയാണ്. കേരളം പോലെയുള്ള സ്ഥലങ്ങളിൽ‍ കുറഞ്ഞ ചിലവിൽ‍ കൂടുതൽ‍ കാണാനും ആസ്വദിക്കാനും പറ്റുന്ന സാഹചര്യമുണ്ടെന്ന് മനസിലാക്കിയാൽ‍ എത്രയോ പേർ‍ നമ്മുടെ നാട്ടിലെത്തും. ആയുർ‍വേദത്തോടൊപ്പം തന്നെ അലോപ്പതി ചികിത്സയിലും നമ്മുടെ നാട് നേടിയിരിക്കുന്ന നേട്ടങ്ങൾ‍ ഏറെയാണ്. ഇതും ബഹ്റിനിലെ സ്വദേശികൾ‍ക്ക് പരിചയപ്പെടുത്താവുന്നതാണ്. 

വരും ദിവസങ്ങളിൽ‍ ഇങ്ങിനെയുള്ള ചിന്തകൾ‍ ബഹ്റിനിലെ പ്രവാസിമലയാളികളുടെ ഇടയിൽ‍ സജീവമാകുമെങ്കിൽ‍ മുഖ്യമന്ത്രിയുടെ യാത്ര സാർ‍ത്ഥകമാകുമെന്നുറപ്പ്...

You might also like

Most Viewed