വേണ്ടത് സുതാര്യത...
ലക്ഷ്മി നായരാണ് ഇപ്പോൾ മലയാളത്തിന്റെ വാർത്തയിലെ താരം. ടെലിവിഷൻ കുക്കറി ഷോകളിലൂടെ മലയാളികൾക്ക് ഏറെ പരിചതായ അവരെ ഇപ്പോൾ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ചേർന്ന് പൊരിച്ചെടുക്കുകയാണ്. തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രിൻസിപ്പൾ എന്ന രീതിയിൽ ലക്ഷ്മി നായർ അവിടെയുള്ള വിദ്യാർത്ഥികളെ വളരെ ക്രൂരമായി പീഢിപ്പിക്കുന്നു എന്നും, ഇന്റേണൽ മാർക്കിങ്ങിൽ സുതാര്യത ഇല്ലെന്നുമാണ് സമരനേതാക്കളുടെ പ്രധാന പരാതി. വിദ്യാർത്ഥികളോടുള്ള അവരുടെ മനോഭാവവും വേദനിപ്പിക്കുന്നതാണെന്ന് മനസിലാക്കുന്നു. മുന്പും പലതവണ സംസ്ഥാനത്തെ സ്വകാര്യ കോളേജുകളിൽ നടക്കുന്ന പീഢനങ്ങളെ പറ്റി തോന്ന്യാക്ഷരത്തിൽ എഴുതിയത് ഓർക്കുന്നു.
വലിയ തോതിലുള്ള കാപ്പിറ്റേഷൻ ഫീസും വാങ്ങി വിദ്യാഭ്യാസത്തെ കന്പോളടിസ്ഥാനത്തിൽ വിൽപ്പനചരക്കാക്കി വിറ്റ് തീർക്കുന്ന ഒരിടമായി നമ്മുടെ സാക്ഷര കേരളം മാറിയിട്ട് കുറേയേറെ വർഷങ്ങളായി. വിദ്യാർത്ഥികളുടെ നിരവധി സമരങ്ങൾ ഈ നാട് കണ്ടിട്ടുമുണ്ട്. പലതും താത്കാലിക പരിഹാരങ്ങളുമായി അവസാനിക്കാറാണ് പതിവ്. അതുകൊണ്ട് തന്നെ ലോ അക്കാദമിയിൽ നടക്കുന്ന സമരങ്ങളുടെ ഗതി എന്താകുമെന്ന് ഇപ്പോൾ പ്രവചിക്കാനികില്ല. സമരത്തിന്റെ രൂക്ഷതയും, വാർത്താമാധ്യമങ്ങളുടെ സമ്മർദ്ധവും കാരണം ലക്ഷ്മി നായർ തത്കാലത്തേക്ക് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറി നിന്നേക്കാം. അതിന് ശേഷം ഒരു പക്ഷെ ലോ അക്കാദമി പ്രവർത്തനങ്ങൾ സുഗമമായി മുന്പോട്ട് പോവുകയും ചെയ്തേക്കാം. അതേസമയം ഇത്തരം വിഷയങ്ങൾ ഒരു ലോ അക്കാദമിയിൽ മാത്രമായി ഒതുങ്ങുന്നതല്ലെന്ന് ഇനിയെങ്കിലും സർക്കാരും ബന്ധപ്പെട്ടവരും മനസ്സിലാക്കണം. വിദ്യാഭ്യാസ രംഗത്തുണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങളെ വിശാലമായ കാഴ്ച്ചപ്പാടോടെ വേണം സർക്കാരും, വിദ്യാർത്ഥി സമര നേതാക്കളും പൊതുസമൂഹവും നോക്കിക്കാണേണ്ടത്.
സുതാര്യതയാണ് വിദ്യാഭ്യാസ രംഗത്ത് ഏറ്റവുമധികം ഉണ്ടാകേണ്ടത്. ഈ രംഗത്ത് വളരെ പ്രഗത്ഭനായ ഒരു വ്യക്തി എന്ന രീതിയിലാണ് പ്രൊഫ. കെ രവീന്ദ്രനാഥ് എന്ന മന്ത്രിയെ പൊതുസമൂഹം നോക്കികാണുന്നത്. എന്നാൽ സ്ഥാനമേറ്റത് മുതൽ ആശാസ്യമായ രീതിയിലുള്ള വാർത്തകളല്ല ഈ മേഖലയിൽ നിന്ന് കേൾക്കുന്നത്. പ്രത്യേകിച്ച് സ്വാശ്രയകോളേജുകളിൽ. വിദ്യാർത്ഥി ആത്മഹത്യ ചെയ്തതും ഇതേ കാലത്ത് തന്നെ. കുറേകൂടി ആർജവത്തോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് സാധിക്കേണ്ടതുണ്ട്.
അതേസമയം ലോ അക്കാദമി സമരത്തിനോടൊപ്പം ഉണ്ടായ ചില വിവാദങ്ങൾ തറ നിലവാരത്തിലുള്ളതായി പോയി എന്ന് പറയാതിരിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് സമൂഹത്തിൽ ഏറെ വർഷങ്ങളായി ഒരു ടെലിവിഷൻ താരമെന്ന നിലയിൽ പേരും പ്രശസ്തിയും ആർജ്ജിച്ച ലക്ഷ്മി നായർക്ക് സോഷ്യൽ മീഡിയയും ചില മാധ്യമങ്ങളും മറ്റൊരു മുഖമാണ് നൽകിയത്. അവരെ സരിത നായരും, രശ്മി നായരുമൊക്കെയായി താരതമ്യപ്പെടുത്തുന്നതിലായി പലരുടെയും ശ്രദ്ധ. തങ്ങളുടെ സ്ത്രീ വിരുദ്ധമായ മനസാണ് ഈ നേരത്ത് പലരുടെയും ഉള്ളിൽ നിന്ന് പുറത്തേയ്ക്ക് ചാടിയത്. പ്രിൻസിപ്പൾ എന്ന രീതിയിൽ അവർ ചെയ്ത കർമ്മത്തിനെ വിമർശിക്കുന്നതിന് പകരം അവരുടെ സാരി ഉടുക്കുന്ന രീതി ശരിയല്ലെന്നും, ചാനലിൽ വെയ്ക്കുന്ന കറികൾക്കൊന്നും രുചിയില്ലെന്നുമൊക്കെ പറഞ്ഞവർ കേവല ഞരന്പ് രോഗികളുടെ അവസ്ഥയിലേയ്ക്ക് താഴ്ത്തപ്പെട്ടുപോയി എന്നും പറയാതിരിക്കാൻ ആവില്ല.