നന്മ നിറഞ്ഞ കൊലപാതകികൾ


പ്രദീപ് പുറവങ്കര 

കൊലപാതക രാഷ്ട്രീയം കണ്ടു മടുത്ത ഒരു ജനതയാണ് ഇന്ന് മലയാളികൾ‍. പ്രത്യേകിച്ച് കണ്ണൂരിലെ ജനങ്ങൾ‍. എന്നാൽ‍ ഇവിടെ പാർ‍ട്ടിക്കാരുടെ ഭാഷയിൽ‍ പറഞ്ഞാൽ‍ സി.പി.എമ്മോ, ബിജെപിയോ ഒന്നും ആരെയും കൊല്ലാറില്ല. പിന്നെ ആർ‍ക്കെങ്കിലും മരിക്കാൻ‍ ആഗ്രഹം തോന്നിയാൽ‍ അവരെ വെട്ടിതുണ്ടമാക്കി സഹായിക്കുമെന്ന് മാത്രം. എതിരാളികളെ ഇത്രമാത്രം സ്നേഹിച്ചു കൊല്ലുന്ന ഈ പാവം പാർ‍ട്ടികളെയാണ് നമ്മളൊക്കെ വെറുതെ കുറ്റപ്പെടുത്തന്നത് എന്നാണ് കിലുക്കത്തിലെ രേവതിയുടെ കഥാപാത്രം പറയാറുള്ളത് പോലെ ബഹുമാന്യരായ രാഷ്ട്രീയ നേതാക്കൾ‍ നമ്മോട് ഉരുവിടാറുള്ളത്. ഇത്രയേ ചെയ്തുള്ളു എന്നിട്ടാ ഇവർ‍ ഇങ്ങിനെയൊക്കെ എന്ന ലൈൻ‍. ചത്തത് കീചകനെങ്കിൽ‍ കൊന്നത് ഭീമൻ‍ തന്നെയെന്ന രീതിയിലാണ് എല്ലാ രാഷ്ട്രീയകൊലപാതകങ്ങളെയും പൊതുസമൂഹം മനസിലാക്കുന്നത്. കൊലപതാകങ്ങൾ‍ നടന്നതിന് ശേഷം നേതാക്കൾ‍ പലപ്പോഴും ചർ‍ച്ചചെയ്യുന്നത്, നാട്ടിൽ‍ ഉത്സവം നടക്കുന്പോൾ‍ കൊല്ലാമോ, ഓണം കഴിഞ്ഞിട്ടു പോരായിരുന്നു ഇത്, ഊണ് കഴിക്കുന്പോൾ‍ വെട്ടിയത് മോശമല്ലെ, കണ്ടുനിന്ന പരേതന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങൾ‍ക്കും എന്ത് തോന്നും എന്നൊക്കെയാണ്. എവിടെ വെച്ചായാലും ജീവൻ‍ പോയത് ഒരു മനുഷ്യന്റേതാണെന്ന ചിന്തയും ഇവർ‍ക്കുണ്ടാകുന്നില്ല.

ഓരോ കൊലപാതകം കഴിയുന്പോഴും നമ്മുടെ നാട്ടിൽ‍ ചില കലാപരിപാടികൾ‍ അരങ്ങേറാറുണ്ട്. ഏകദേശം ഒരേ പാറ്റേൺ‍ ആണ് എല്ലാവരും സ്വീകരിക്കുന്നത്. ആദ്യം ഞെട്ടൽ‍, അതിന് ശേഷം മോർ‍ച്ചറിയിലും, കൊല്ലപ്പെട്ട പാവം മനുഷ്യന്റെയും വീടുകളിൽ‍ ചെന്ന് പ്രതികാര ഡയലോഗുകൾ‍, അത് ടിവിയിലും പത്രത്തിലും വരുത്തിക്കൽ‍. അടുത്ത ദിവസത്തെ ഹർ‍ത്താലിന് ആഹ്വാനം ചെയ്യൽ‍, പ്രതിഷേധ മാർ‍ച്ച്, യോഗം, വിലാപയാത്ര എന്നിങ്ങിനെ പോകും ആ ലിസ്റ്റ്. ഒന്നോ രണ്ടോ ദിവസത്തെ ബഹളങ്ങൾ‍ക്ക് ശേഷം കലക്ട്രേറ്റിൽ‍ വെച്ച് സർ‍വകക്ഷി സമാധാന യോഗം എന്ന പ്രഹസനം അരങ്ങേറും. കൊലപാതാകാനന്തരം പരസ്പരം വാക്കുകൾ‍ കൊണ്ട് മുറിവേൽ‍പ്പിച്ച നേതാക്കൾ‍ ഇവിടെ ഒന്നിച്ചിരുന്നു ചായകുടിച്ച്, പരിപ്പുവടയും ബിസ്കറ്റും കഴിച്ച് സമാധാനം കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പരസ്പരം കൈ കൊടുത്തു പിരിയുന്നു. 

നമ്മുടെ നാട്ടിലെ ഭരണാധികാരികൾ‍ യാത്ര ചെയ്യുന്നത് കൊടുംഭീകരരെ പോലീസുകാർ‍ വളരെ സൂക്ഷിച്ച് കൊണ്ടുപോകുന്നത് പോലെയാണ്. ജനാധിപത്യരാജ്യമായ നമ്മുടെ നാട്ടിൽ‍ ആരെയാണ് ഇവരിത്ര പേടിക്കുന്നതെന്ന് സാധാരണക്കാർ‍ക്ക് ഒരിക്കലും മനസ്സിലാകാത്ത കാര്യമാണ്. എന്നാൽ‍ കഴിഞ്ഞ ദിവസം ശ്രീ കൊടിയേരി ബാലകൃഷ്ണന് നേരെ ബോംബാക്രമണമുണ്ടായതായി മനസിലാക്കുന്പോഴാണ് ഇവരുടെ ഭയത്തിന്റെ അടിസ്ഥാനം തിരിച്ചറിയുന്നത്. അതേസമയം അദ്ധ്വാനിച്ച് കുടുംബം പോറ്റുന്ന പാവപ്പെട്ടവന്റെ നെഞ്ചത്ത് നിന്ന് ബോംബിന്റെയും വെട്ടുകത്തിയുടെയും ദിശ നേതാക്കളിലേയ്ക്ക് തിരിയുന്നതിന്റെ സൂചനയായിട്ട് ഈ സംഭവത്തെ കാണാവുന്നതാണ്. വേണ്ടെന്ന് വെച്ച വൈ കാറ്റഗറി സുരക്ഷ എത്രയും പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ‍ ഇനി ബിജെപി നേതാക്കളും ശ്രമിക്കുമായിരിക്കും. 

ജനങ്ങളിലേയ്ക്ക് ധൈര്യപൂർവ്വം ഇറങ്ങി ചെന്ന് പ്രവർ‍ത്തിക്കുന്ന നേതാക്കളോടാണ് ജനത്തിന് താത്പര്യം. അവരുടെ നേർ‍ക്കാരും തന്നെആശയങ്ങളിൽ വ്യത്യസ്തത ഉണ്ടെങ്കിൽ പോലും ബോംബെറിയില്ല, കത്തിയെടുത്ത് വീശില്ല. ഇത് മനസ്സിലാക്കി പ്രവർ‍ത്തിക്കാൻ‍ രാഷ്ട്രീയ നേതാക്കൾ‍ക്കാകട്ടെ എന്നാഗ്രഹത്തോടെ...

 

You might also like

Most Viewed