ദൂര ദൂരമുയരട്ടെ...
പ്രദീപ് പുറവങ്കര
ജൻമകാരിണി ഭാരതം, കർമ്മമേദിനി ഭാരതം, നമ്മളാം ജനകോടികൾക്ക് അമ്മയാകിയ ഭാരതം. ആദരണീയവും ബഹുമാന്യയുമായ മാതൃരാജ്യം അതിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിലാണ്. രാവിലെ മുതൽ രാജ്യത്ത് എന്പാടും മാത്രമല്ല ലോകത്തിന്റെ പല ഇടങ്ങളിലുമുള്ള ഇന്ത്യക്കാർ ത്രിവർണ്ണ പതാകകൾ ഉയർത്തിയും ദേശഭക്തിഗാനങ്ങൾ ആലപിച്ചും ഈ മനോഹരമായ ദിനം ആചരിച്ചു വരികയാണ്. പ്രവാസ ലോകത്തും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യൻ എംബസികളിലും ഇന്ത്യൻ സ്കൂളുകളിലും ഈ ദിനം സമുചിതമായി ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു. നാളെയും നിരവധി സംഘടനകൾ ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
വിവിധ വർണ്ണഘോഷങ്ങളോടെ രാജ്യം അതിന്റെ 68ാം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചപ്പോൾ നമ്മൾ പ്രവാസികൾക്ക് ഏറെ അഭിമാനം തോന്നേണ്ടത് ഇത്തവണ അബുദാബി ഭരണാധികാരിയായിരുന്നു റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ മുഖ്യ അതിഥി എന്നതിലാണ്. മാത്രമല്ല റിപ്പബ്ലിക് ദിനപരേഡിന്റെ മുൻനിരയിൽ യുഎഇയുടെ സൈനികർ അണിനിരന്നതും ഏറെ കൗതുകമുണർത്തുന്നതായിരുന്നു. കഴിഞ്ഞ വർഷം മുതലാണ് രാജ്യം ഇത്തരത്തിൽ പരേഡിൽ വിദേശ സൈനികരെ പങ്കെടുപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ വർഷം ഫ്രഞ്ച് സേനയായിരുന്നു അണിനിരന്നത്.
അബുദാബി ഭരണാധികാരി ഇന്ത്യയിൽ പ്രഥമ അതിഥിയായപ്പോൾ, ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ ബുർജ്ഖലീഫയെ ഇന്ത്യൻ പതാകയിൽ പുതപ്പിച്ച് യുഎഇ ഇന്ത്യയുടെ ആഘോഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജിസിസി രാജ്യങ്ങൾ ഇന്ത്യയോടും തിരിച്ച് ഇന്ത്യ ജിസിസി രാജ്യങ്ങളോടും കാണിക്കുന്ന സൗഹൃദം നമ്മൾ പ്രവാസികളെ സംബന്ധിച്ച് നമ്മുടെ തന്നെ നേട്ടമായി വേണം കരുതാൻ.
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതരായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മ പുതുക്കലാണല്ലോ എല്ലാ വർഷവും ജനുവരി 26ന് നമ്മൾ റിപ്പബ്ലിക് ഡേ ആയി ആചരിച്ചു വരുന്നത്. മഹാത്മാ ഗാന്ധിയേയും ഇന്ത്യൻ പതാകയേയും ഈ ദിനത്തിൽ നമ്മൾ ആദരിക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടലെടുത്ത, ഖാദി ഉൽപ്പന്നങ്ങളുമയി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ രാജ്യത്തിന് കളങ്കമുണ്ടാക്കിയെന്നും, ഇല്ലെന്നും അഭിപ്രായങ്ങളുണ്ട്. മഹാത്മാക്കളെ നമ്മൾ വിസ്മരിക്കരുത്. കേരള നിയമ സഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെഭാഗമായി തയ്യാറാക്കിയ ബ്രോഷറിലും നെഹ്റു, ഗാന്ധി എന്നിവർ മായ്ക്കപ്പെട്ടിരുന്നു.
ഒട്ടനവധി പേരുടെ ത്യാഗങ്ങളുടെ ഫലമായാണ് ഇന്ത്യയെന്ന രാജ്യത്ത് നമുക്ക് അധികാരത്തോടെ ജീവിക്കാൻ കഴിയുന്നത്. അതിന് പിന്നിൽ പോരാടിയവരേയും കഠിനപ്രയത്നങ്ങൾകൊണ്ട് ഇന്ത്യയുടെ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് നയിച്ചവരേയും വിസ്മരിക്കാതെ രാജ്യത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട്...