ജീ­വന്റെ­ ജീ­വൻ


ന്ത്യ എന്റെ രാജ്യം, എന്റെ സ്വന്തം രാജ്യം, ജീവനേക്കാൾ‍ ജീവനായ എന്റെ പൊന്നു രാജ്യം. ഏറെ ചെറുപ്പത്തിൽ‍ തന്നെ മനസിനുള്ളിൽ‍ ആഞ്ഞുപതിച്ച വാക്കുകളാണിവ. അനേകായിരം സമൂഹങ്ങളെ ഒരു നൂലിഴയിൽ കോർ‍ത്തിണക്കി അതിനെ വാക്കുകൾ‍ കൊണ്ട് വർണിക്കാൻ സാധിക്കാത്ത വികരമായി മാറ്റിയ ഐതിഹാസികമായ സമരമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരം. മഹാത്മജിയോടൊപ്പം നിന്ന ധീരരും നിസ്വാർത്ഥരുമായ പുണ്യാത്മാക്കൾ‍ ചെയ്ത പ്രവർ‍ത്തനങ്ങളും ഫലമാണ് നാം ഓരോരുത്തരും ഇന്ന് ഓരോ നിമിഷവും വലിച്ചെടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഈ ശുദ്ധവായു. 

ഓരോ തവണയും റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഭാരതത്തിന്റെ ത്രിവർ‍ണ പതാക പാറി പറക്കുന്പോൾ, അന്തഃരംഗം അഭിമാനപൂരിതമാകുന്നത് ഓരോ ഇന്ത്യക്കാരനും തിരിച്ചറിയാറുണ്ട്. ലോകത്തിന്റെ മറ്റേത് കോണിൽ‍ ചെന്നുനിന്നാലും ഈ പുണ്യഭൂമിയുടെ സ്നേഹവും വാത്സല്യവും ഓർ‍ക്കാതെ പോകാൻ ഒരു ഭാരതീയനും സാധ്യമല്ല. ഭാരതത്തിന്റെ ബഹുസ്വരതയിൽ അഭിമാനിക്കുന്നവരാണ് നാം. പക്ഷെ ചിലരെങ്കിലും ഇവിടെ ഏകസ്വരം മതിയെന്ന് വാശി പിടിക്കുന്പോൾ‍ ഉള്ള് പിടയുന്നത് സാധാരണക്കാരനായ ഭാരതീയന്റെതാണ്. ഇത് സഹസ്രാബ്ദങ്ങളായി നിലനിന്നു പോരുന്ന ഒരു സംസ്കാരത്തിന്റെ കൂടി തകർ‍ച്ച വ്യക്തമാക്കുന്നുണ്ട്. 

ആരെയും സ്വീകരിക്കാനും, ആരുടെയും അഭിപ്രായം തുറന്ന് പറയാനും, ആ അഭിപ്രായങ്ങളെ എതിർ‍ക്കുവാനും സ്വീകരിക്കുവാനുമുള്ള സ്വാതന്ത്ര്യം പതിയെ നമുക്ക് നഷ്ടമായികൊണ്ടിരിക്കുന്നു. തടിമിടുക്കിന്റെയും, ആൾ‍ബലത്തിന്റെയും കണക്കുകൾ‍ മാത്രമാണ് ശരിയെന്ന ധാരണ പടർ‍ന്നു തുടങ്ങിയിരിക്കുന്നു. ഇത് അപകടമാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ‍ നഷ്ടപ്പെടുന്നത് ഒരു സംസ്കൃതിയായിരിക്കും. നൂറ്റാണ്ടുകളായി ഋഷിതുല്യരായ മനുഷ്യർ നേടി തന്ന ബഹുമാന്യതയായിരിക്കും. 

ജീവവായുവാണ് ഞങ്ങൾ‍ക്ക് ഈ നാടും, നാട്ടുകാരും എന്ന് തിരിച്ചറിയുന്ന ഒരു യുവതയെയാണ് നമുക്കാവശ്യം. ലോകാ സമസ്താ സുഖിനോ ഭവന്തുവെന്ന മന്ത്രവുമായി ലോകരാജ്യങ്ങളെ മുന്പിൽ നിന്ന് നയിക്കുന്ന ഒരു മഹാരാഷ്ട്രമാകട്ടെ നമ്മുടെ സ്വപ്നം. 

ഫോർ‍ പി.എമ്മിന്റെ എല്ലാ മാന്യവായനക്കാർ‍ക്കും ഹൃദയത്തിൽ നിന്നുള്ള റിപ്പബ്ലിക്ക് ദിനാശംസകൾ

സസ്നേഹം 

പ്രദീപ് പുറവങ്കര 

മാനേജിംഗ് എഡിറ്റർ,

 ഫോർ പി.എം ന്യൂസ് 

You might also like

Most Viewed