സാർത്ഥകമാകട്ടെ ഈ വരവ്
പ്രദീപ് പുറവങ്കര
കഴിഞ്ഞ ദിവസം ബഹ്റിനിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ അൽ നമൽ ഗ്രൂപ്പിന്റെ ഒരു ചടങ്ങിൽ പങ്കെടുക്കാനിടയായി. സമീപകാലത്ത് നമ്മുടെ രാജ്യത്ത് രൂപീകരിച്ച സംസ്ഥാനമായ തെലങ്കാനയുടെ ആഭ്യന്തര മന്ത്രി നയനി നരസിംഹ റെഡ്ഡിയുടെ നേതൃത്വത്തിൽ വന്ന സംഘത്തിന് നൽകിയ സ്വീകരണമായിരുന്നു അത്. ബഹ്റിനിലെ പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങൾ ആ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ബഹ്റിനടക്കമുള്ള ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് തങ്ങളുടെ നാട്ടുക്കാരെ പ്രവാസലോകത്തേയ്ക്ക് റിക്രൂട്ട് ചെയ്യാനുള്ള ശ്രമമാണ് തെലങ്കാന ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ നടന്നത്. മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥന്മാരും സംഘത്തിലുണ്ടായിരുന്നു. അവർ അന്ന് അവിടെ അവതരിപ്പിച്ച പ്രസന്റേഷൻ വളരെ ലളിതവും ആകർഷകവുമായത് കൊണ്ടായിരിക്കണം, അവിടെ വന്ന ബഹ്റിനി സ്വദേശികൾ അടക്കമുള്ള ചില ബിസിനസ്സുകാർ തെലങ്കാനയിലെ ഗവണ്‍മെന്റ് റിക്രൂട്ട്മെന്റ് സ്ഥാപനവുമായി അന്ന് തന്നെ കരാറിൽ ഒപ്പിടുകയും ചെയ്തു. പ്രവാസലോകത്തേയ്ക്ക് വരുന്നവരെ മതിയായ പരിശീലനം നൽകി ഇവിടുത്തെ നിയമങ്ങൾ ബോധ്യപ്പെടുത്തിയാണ് അവർ തങ്ങളുടെ നാട്ടുക്കാരെ സന്പാദിക്കാനായി പറഞ്ഞയക്കുന്നത്. അതിന്റെയൊരു ആത്മവിശ്വാസം മന്ത്രിയുടെയും അതുപോലെ തന്നെ ഉദ്യോഗസ്ഥരുടെയും വാക്കുകളിൽ പ്രതിഫലിച്ചു.
ബഹ്റിനടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾ സമ്മാനിച്ച സന്പന്നതയാണ് കേരളമെന്ന സംസ്ഥാനത്തെ പുരഗോതിയുടെ പാതയിലേയ്ക്ക് നയിച്ചത്. ഗൾഫ് പണം എത്താത്ത ഒരു സ്ഥലവും നമ്മുടെ നാട്ടിൽ ഇല്ല. രാവും പകലും ഗൾഫ് മലയാളികൾ നാടിന്റെ നട്ടെല്ലാണെന്ന് പറയുന്നവരാണ് നമ്മുടെ പ്രിയ നേതാക്കൾ. എന്നാൽ പലപ്പോഴും ഈ പറച്ചിലിന്റെ സുഖമല്ലാതെ മറ്റൊന്നും തന്നെ പാവപ്പെട്ട ഗൾഫുകാരന് അനുഭവിക്കാൻ യോഗമില്ലെന്നതാണ് യാഥാർത്ഥ്യം. പ്രവാസികൾ മണലാര്യണത്തിൽ വിയർപ്പൊഴുക്കി നേടിയ പണം നാടിന്റെ വികസന പ്രവർത്തനങ്ങളിൽ വലിയൊരു പങ്ക് വഹിക്കുന്പോൾ പോലും അവരുടെ പുനരധിവാസമോ, പുതിയ തലമുറയെ പഠിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വമോ നമ്മുടെ സർക്കാർ കാണിക്കാത്തത് ഖേദകരമാണ്. പ്രവാസം തെരഞ്ഞെടുത്ത് ഇവിടെയെത്താൻ ശ്രമിക്കുന്നവർക്ക് നല്ലൊരു പരിശീലന പദ്ധതി പോലും കേരളത്തിൽ ഇല്ല. ഈ രാജ്യങ്ങളിൽ വന്നാൽ എങ്ങിനെ പെരുമാറണമെന്നും, എന്തൊക്കെയാണ് സാധ്യതകൾ എന്നും പഠിപ്പിക്കുന്ന ഷോർട്ട് ടേം കോഴ്സുകളെങ്കിലും സർക്കാർ ആരംഭിക്കണം.
കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അടുത്ത മാസം രണ്ടാം വാരം ബഹ്റിനിലെത്തുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ ഈ സന്ദർശനത്തെ സാധാരണക്കാരായ പ്രവാസികളും അവരുടെ ബന്ധുക്കളും നോക്കി കാണുന്നത്. അദ്ദേഹത്തിന്റെ വരവ് മഹോത്സവമാക്കുന്നതിനോടൊപ്പം തെലങ്കാനയുടെ ആഭ്യന്തര മന്ത്രിയും സംഘവും കാണിച്ചു തന്ന മാതൃക ശ്രീ പിണറായിക്കും സംഘത്തിനും പിന്തുടരാവുന്നതാണ്. തിരികെ പോകുന്പോൾ ഏറ്റവും കുറഞ്ഞത് ആയിരം പേർക്കെങ്കിലുമുള്ള ജോലി സാധ്യതകൾ അദ്ദേഹത്തിന് ഇവിടെ നിന്ന് കണ്ടെത്താൻ സാധിക്കട്ടെ. സംഘടനകളുടെയും വ്യക്തികളുടെയും പൊന്നാട പുതപ്പിക്കലായി മാത്രം വിലപിടിപ്പുള്ള ഈ സന്ദർശനം മാറാതിരിക്കട്ടെ.