മാഡം, എന്തിനീ മൗനം... പ്രദീപ് പുറവങ്കര


വാർ‍ത്തകൾ‍ക്ക് വലിയ ആയുസില്ലാത്ത നാടാണ് നമ്മുടേത്. കറൻ‍സി പ്രശ്നം വന്നതോടെ നമ്മുടെ നാട്ടിൽ‍ പഴയത് പോലെ പട്ടികടിക്കുന്നത്  വാർ‍ത്തകളിൽ‍ നിറയാത്തത് ഉദാഹരണം. എങ്കിലും പട്ടി പതിവ് പോലെ പാവപ്പെട്ടവരെയും വഴിയേ പോകുന്നവരെയും കടിക്കുന്നുണ്ട് എന്നത് യാഥാർ‍ത്ഥ്യമാണ്. പട്ടിയെ പോലെ മനുഷ്യനുമായി ഏറെ അടുത്ത് സഹകരിച്ച് ജീവിക്കുന്ന ഒരു മൃഗവുമായി നല്ല രീതിയിൽ‍ ഇടപഴകാനുള്ള മാനസികവളർ‍ച്ച നമ്മുടെ സമൂഹത്തിന് ഇല്ലാത്തതാണ് പട്ടിയോടുള്ള ഈ പേടിക്ക് പ്രധാന കാരണം. വികസിത രാജ്യങ്ങളിലൊക്കെ സ്ഥിതി വ്യത്യസ്തമാണ്. നമ്മുടെ സമൂഹത്തിൽ‍ പട്ടി എന്നത് ആരെയും ദേഷ്യം വന്നാൽ‍ ചീത്തവിളിക്കാനുള്ള വാക്കായിട്ടാണ് ഇന്നും ഉപയോഗിക്കപ്പെടുന്നത്. 

ഇങ്ങിനെയൊക്കെയാണെങ്കിലും പിഞ്ചുകുഞ്ഞുങ്ങളെ മുതൽ‍ വൃദ്ധരെ വരെ തെരുവ് പട്ടികൾ‍ അക്രമിച്ച് പരിക്കേൽ‍പ്പിക്കുന്ന അവസ്ഥ സ്ഥിരമായി അരങ്ങേറുന്പോൾ‍ മനുഷ്യത്വമുള്ള ആരും ഇതിനൊരന്തമുണ്ടാകില്ലെ എന്ന് ചിന്തിച്ച് പോകുന്നത് സാധാരണയാണ്.  അങ്ങിനെ ചിന്തിച്ചവരാണ് തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ‍ നമ്മുടെ നാട്ടിൽ‍ മുന്നിട്ടിറങ്ങിയത്. പട്ടികടിയേറ്റ് പരിക്കേറ്റവരും, പട്ടികടിയെ ഭയക്കുന്നവരും ഈ നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും  മൃഗസ്നേഹികളൊക്കെ എതിർ‍ത്തിരുന്നു. പട്ടിയെ പിടികൂടിയവർക്കെതിരെ പോലീസ് കേസുമെടുത്തു. ഇത്തരം നടപടികൾ‍ എടുക്കാൻ നേതൃത്വം കൊടുത്ത കേന്ദ്രമന്ത്രി മനേക ഗാന്ധിയെ ഈ നേരത്ത് ഓർ‍ക്കുന്നത് നന്നായിരിക്കും. മനുഷ്യനെക്കാൾ‍ മൃഗങ്ങളുടെ അവകാശങ്ങൾ‍ക്ക് വേണ്ടി ശബ്ദമുയർ‍ത്തുന്ന അവർ‍ തമിഴ്നാട്ടിൽ‍ പുനരാംഭിച്ചിരിക്കുന്ന ജല്ലിക്കെട്ടിനെ പറ്റി പ്രതികരിക്കാതെ മൗനത്തിലാണ്ടിരിക്കുകയാണ്. 

അവിടെ ജല്ലിക്കെട്ട് നടക്കുന്പോൾ‍ മൃഗങ്ങൾ‍ക്കൊപ്പം മനുഷ്യനും പരിക്കേൽ‍ക്കുന്നുണ്ട്. പക്ഷെ അഞ്ച് മാസം മുന്പ് ജല്ലിക്കെട്ടിനെ ദാരുണമായ വിനോദം എന്ന് വിളിച്ചിരുന്ന ഈ മാന്യ മന്ത്രി ബിജെപി ജല്ലിക്കെട്ടിനെ പിന്തുണച്ചതോടെയാണ് മിണ്ടാതായിരിക്കുന്നത്. തമിഴ് ദ്രാവിഡ രാഷ്ട്രീയത്തിൽ‍ വിള്ളൽ‍ വീഴ്ത്തി നുഴഞ്ഞു കയറാൻ‍ തക്കം പാർ‍ത്തിരിക്കുന്ന ബിജെപിക്ക് ഇപ്പോൾ‍ ജല്ലിക്കെട്ടിനെ അനുകൂലിച്ചേ മതിയാകൂ. തന്റെ പാർ‍ട്ടിയുടെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി മൗനമാണ് ഇക്കാര്യത്തിൽ‍ നല്ലതെന്ന് മനേകാ ഗാന്ധിയും തിരിച്ചറിയുന്നു. 

അധികാരത്തിനും, സ്ഥാനത്തിനും വേണ്ടി തങ്ങളുടെ ആദർ‍ശങ്ങളിൽ‍ വെള്ളം ചേർ‍ത്ത് ഇങ്ങിനെ ഇരട്ടതാപ്പ് നയം സ്വീകരിക്കുന്ന നേതാക്കളോട് ജനത്തിന് ഉണ്ടാകുന്ന സ്വാഭാവിക പുച്ഛം മാത്രമേ സാധാരണക്കാരനെന്ന നിലയിൽ‍ ഇപ്പോൾ‍ മനേക മാഡത്തിനോട് തോന്നുന്നുള്ളൂ. ഇനി ചിലപ്പോൾ‍ അവരെ കാണുന്നത് കേരളത്തിൽ‍ ആനകളെ അണിനിരത്തി പൂരം നടത്തുന്പോഴാകും, തീർ‍ച്ച... !

You might also like

Most Viewed