എന്തിനാണൊരു മറ... പ്രദീപ് പുറവങ്കര
ജനാധിപത്യത്തിൽ ഭരണവർഗ്ഗവും ജനങ്ങളും തമ്മിൽ ഭൂരിപക്ഷം കാര്യങ്ങളിലും മറയാവശ്യമില്ലെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാട്ടിൽ വിവരാവകാശ നിയമം നിലനിൽക്കുന്നത്. പൊതുതാൽപര്യമുള്ള വിഷങ്ങൾ മാത്രമാണ് സർക്കാരുകളുടെ തീരുമാനമായി പുറത്ത് വരുന്നത്. അതിൽ വ്യക്തികളെ സംബന്ധിച്ചുള്ള വിഷയങ്ങളോ, സ്വകാര്യതാത്പര്യങ്ങളോ ചർച്ച ചെയ്യാറില്ല. ഇങ്ങിനെയൊരു സാഹചര്യത്തിൽ എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും നടപ്പാക്കുന്നതിന് മുന്പായി വിവരാവകാശ പ്രകാരം പുറത്ത് വിടാനാവില്ലെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ പ്രസ്താവന സംശയങ്ങൾ ജനിപ്പിക്കുന്നതാണ്. അധികാരം സമ്മാനിച്ച തങ്ങളുടെ ജനങ്ങളിൽ നിന്ന് എന്താണ് മന്ത്രിസഭയ്ക്കും ഭരണാധികാരികൾക്കും മറച്ചുവെക്കാനുള്ളത് എന്നും മനസ്സിലാകുന്നില്ല.
വിവരാവകാശ നിയമം ദുരുപയോഗം ചെയ്യപ്പടുന്നു എന്ന പരാതിയാണ് അധികാരികൾക്ക് ഉള്ളത്. തങ്ങളെ ശല്യപ്പെടുത്തുന്ന നിയമമായി അവർ ഇതിനെ കാണുന്പോൾ ജനാധിപത്യത്തിലെ സുതാര്യതയാണ് നമുക്ക് നഷ്ടമാകുന്നത്. രാജ്യസുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ രഹസ്യമാക്കി വെയ്‌ക്കേണ്ട പല കാര്യങ്ങളുണ്ടാവും. അതൊന്നും പുറത്തുവിടണം എന്ന് വിവരാവകാശ നിയമം ആവശ്യപ്പെടുന്നില്ല. വ്യക്തമായ ബോധത്തോടെയും ഉത്തരവാദിത്തോടെയും തന്നെ നിർമ്മിക്കപ്പെട്ടിരിക്കുന്നതാണ് 2005ലെ റൈറ്റ് ടു ഇൻഫർമേഷൻ ആക്ട്. ഏതൊക്കെ വിവരങ്ങൾ ഭരണകൂടത്തിന് മറച്ച് വെയ്ക്കാം എന്നും വിവരാവകാശ നിയമം വ്യക്തമാക്കുന്നുണ്ട്.
കാബിനറ്റ് ചർച്ചകളും ആലോചനകളും മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ചർച്ചകളും ആലോചനകളും സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതില്ല. എന്നാൽ യോഗം എടുത്ത തീരുമാനവും അതിന് ആധാരമായ കാരണങ്ങളും സാഹചര്യവും വ്യക്തമാക്കണമെന്നും വ്യക്തമായി പറയുന്നു.
മന്ത്രിസഭാ തീരുമാനങ്ങളും അതിന്റെ വിശദാംശങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണം എന്നാണ് വിവരാവകാശ നിയമത്തിൽ പറയുന്നത്. അല്ലാതെ തീരുമാനങ്ങൾ നടപ്പാക്കിയ ശേഷം മാത്രം അറിയിക്കണം എന്നല്ല. പൂർത്തിയാവാത്ത തീരുമാനം എന്നൊന്നില്ല. സർക്കാർ എടുക്കുന്നത് തെറ്റായ തീരുമാനങ്ങളാണെങ്കിൽ പോലും അത് സംബന്ധിച്ച വിവരങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത്, പ്രത്യേകിച്ച് അവസാന മാസങ്ങളിലുണ്ടായ വിവാദ ഉത്തരവുകൾ സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ പ്രകാരം നൽകാനാവില്ലെന്ന നിലപാടിനെ അന്ന് ശ്രീ പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ രൂക്ഷമായി വിമർശിച്ചതും ഈ നേരത്ത് ഓർക്കാവുന്ന കാര്യമാണ്. സർക്കാർ ജനപക്ഷത്ത് നിന്നുകൊണ്ട് ഈ വിഷയത്തെ കാണുമെന്ന പ്രതീക്ഷയോടെ...