വരാനുള്ളത് വഴിയിൽ തങ്ങില്ല
പ്രദീപ് പുറവങ്കര
അമേരിക്കയിൽ ഇനി ട്രംപിന്റെ കാലം. ലോകപോലീസിന്റെ ഭരണതലത്തിലെ ഈ മാറ്റം ലോകത്തെന്പാടുമുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ പറ്റി വലിയ ചർച്ചകൾ നടന്നുകൊണ്ടേയിരിക്കുന്നു. ഭരണത്തിലേറിയ ഉടനെ തന്നെ തന്റെ മുൻഗാമിയായ ഒബാമ ആരംഭിച്ച ഒബാമ ഹെൽത്ത് കെയർ പദ്ധതി നിർത്തലാക്കി കൊണ്ട് ട്രംപ് തന്റെ ഇംഗിതം ഇതിനകം വെളിപ്പെടുത്തി കഴിഞ്ഞു. അമേരിക്ക എന്ന തന്റെ രാജ്യത്തിനെ മുൻനിർത്തിയും അതിന്റെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുമാണ് തന്റെ ഭരണം മുന്പോട്ട് പോകുക എന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. ദേശീയത എന്ന വികാരത്തെയാണ് അദ്ദേഹവും മാർക്കറ്റ് ചെയ്യാനിരിക്കുന്നതെന്ന് ഈ പ്രഖ്യാപനങ്ങളൊക്കെ തെളിയിക്കുന്നു.
ലോകമെങ്ങും തീവ്രവാദികളെ വളർത്തിയും, ആയുധവിപണനം നടത്തിയും, രാജ്യങ്ങളെയും സമൂഹങ്ങളെയും പരസ്പരം പോരടിപ്പിച്ചു വളർന്ന സാന്പത്തിക ശക്തിയാണ് അമേരിക്ക. ആ അമേരിക്കയുടെ പുതിയ രാഷ്ട്രപതിയായ ട്രംപ് തീവ്രവാദത്തിനെതിരെ ശക്തമായി പ്രവർത്തിക്കുമെന്ന് ആവർത്തിച്ച് പറയുന്പോൾ അതിലെന്തെങ്കിലും വാസ്തവമുണ്ടാകുമോ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അതേസമയം നിത്യവൈരിയായ റഷ്യയുടെ ഒപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. ഇവർക്കിടയിൽ ഉണ്ടായ ശീതയുദ്ധം തന്നെയാണ് ഇന്ന് കാണുന്ന തരത്തിലുള്ള ഇസ്ലാമിക തീവ്രവാദത്തിന്റെയും മൂല കാരണം. അതുകൊണ്ട് തന്നെ അമേരിക്കയും റഷ്യയും നിത്യവൈരികളായി തുടർന്നാൽ അത് ലോകത്തിനാകെ മോശം തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല.
അതേ സമയം വ്യക്തിപരമായി ധാരാളം ലക്ഷ്യങ്ങളുള്ള ആളാണെന്ന് തോന്നൽ തുടക്കം മുതൽ ട്രംപ് ഉണ്ടാക്കി വരുന്നുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സന്പന്നനായ പ്രസിഡന്റാണ് അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പ്രസംഗവേദിയിലെ ഏറ്റവും പ്രധാന കസേരകളിൽ ഇരുന്നിരുന്നത് ചൂതാട്ടകേന്ദ്രങ്ങളുടെ ചക്രവർത്തിയായ ഷെൽഡൾ അഡെൽസണും അദ്ദേഹത്തിന്റെ ഭാര്യ മിറിയമും ആയിരുന്നു. ഇതു വരും കാലത്തേക്കുള്ള സൂചനയാണോ എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ സാധിക്കില്ല. ഇന്ത്യയുമായി അദ്ദേഹത്തിനുള്ള നിലപാടുകൾ നന്നായിരിക്കുമെന്നാണ് പൊതുവെ പറയുന്നതെങ്കിലും, നല്ലൊരു കച്ചവടക്കാരനാണെന്ന് തെളിയിച്ചിട്ടുള്ള ട്രംപ് ഏത് രീതിയിലാണ് തന്റെ ഭരണകാലത്ത് ഇന്ത്യയുമായി ഒത്തുപോകുന്നത് എന്ന് കണ്ട് തന്നെ അറിയണം. തത്കാലം വരാനിരിക്കുന്നതൊന്നും വഴിയിൽ തങ്ങില്ലെന്ന പഴമൊഴി ഓർത്തുകൊണ്ട് നമുക്ക് സമാധാനിക്കാം...