വേണ്ടത് ഉചിതമായ തീരുമാനം...


പ്രദീപ് പുറവങ്കര 

പ്രക്ഷോഭങ്ങൾ ജനകീയമാകുന്പോൾ വാർത്തകളിൽ അവ നിറയുന്നത് സാധാരണയാണ്. ഇപ്പോൾ ഇന്ത്യ സംസാരിക്കുന്നത് അത്തരമൊരു പ്രക്ഷോഭത്തെ പറ്റിയാണ്. മനുഷ്യരല്ല ഇവിടെ വിഷയം, മറിച്ച് കാളകളാണ്. വെറും കാളകൾ അല്ല. വിറളി പിടിച്ച് ആളുകളെ കുത്തി നോവിക്കുന്ന കാളകൾ. മലയാളി എങ്ങിനെയാണോ ഉത്സവ പറന്പുകളിൽ ആനകളെ നെറ്റിപട്ടം കെട്ടിച്ച് നിർത്തി പീഡിപ്പിക്കുന്നത് അതേ പോലെ കാളകളെ ഉപയോഗിച്ച് തമിഴ്നാട്ടുകാർ സംഘടിപ്പിക്കുന്ന ജല്ലിക്കെട്ടാണ് ഇന്ത്യയുടെ അതിർത്തിക്കപ്പുറം പോലും ഇന്ന് വൻ വിഷയമായിരിക്കുന്നത്. 

തമിഴ്നാടിന്റെ സാംസ്ക്കാരിക പാരന്പര്യം നിലനിർത്തുന്ന കായിക വിനോദമാണ് ജല്ലിക്കെട്ട് എന്ന വാദമാണ് പ്രക്ഷോഭകർ മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം മൃഗസ്നേഹികൾ നൽകിയ പരാതിയിൽ ഈ കായിക വിനോദം വേണ്ടെന്ന നിലപാടാണ് സുപ്രീം കോടതി എടുത്തിരിക്കുന്നത്. അൽപ്പകാലം മുന്പുവരെയെങ്കിലും മലബാറിലെ ചില തെയ്യംകെട്ട് ഉത്സവങ്ങളിൽ മൃഗങ്ങളെ ബലികൊടുക്കുന്നത് സാധാരണയായിരുന്നു. പക്ഷെ കാലം മാറി വന്നപ്പോൾ ഇത്തരം ബലികൾ ഇല്ലാതായി. അത് ഒരു സമൂഹത്തിന്റെ മാനസികമായ പുരോഗതി വെളിപ്പെടുത്തുന്ന കാര്യമാണ്. ഇന്ന് ജെല്ലിക്കെട്ടിനെ പോലെ അപകടവും അപക്വവുമായ ഒരു കായിക വിനോദത്തിന് വേണ്ടി തമിഴ്നാട്ടിലെ സിനിമാ, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ വാദിക്കുന്പോൾ ആ സമൂഹം ഇനിയും നേടാനുള്ള മാനസിക പുരോഗതി മാത്രമാണ് വിളിച്ചു പറയുന്നത്. അതുകൊണ്ട് തന്നെ ഇന്നല്ലെങ്കിൽ നാളെ അവർ ജല്ലികെട്ട് വേണ്ട എന്നു തന്നെ പറയുമെന്ന്⊇ വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. 

അതേസമയം ഇന്ത്യ എന്നത് വൈവിധ്യങ്ങളുടെ വലിയൊരു വിസ്മയ ലോകമാണ്. വിശ്വാസങ്ങളുടെയും സംസ്കാരങ്ങളുടെയും വ്യത്യസ്ഥയാണ് ഭാരതത്തിന്റെ ആത്മാവ്. അത് തിരിച്ചറിഞ്ഞ് തീരുമാനങ്ങൾ എടുക്കാനും വിധികൾ പ്രസ്താവിക്കാനും നിയമ സ്ഥാപനങ്ങൾക്ക് കഴിഞ്ഞാൽ ഉചിതമായ കാര്യമായി അതു മാറും. അങ്ങിനെ പക്വമായ തീരുമാനം എത്രയും വേഗം ജല്ലിക്കെട്ട് വിഷയത്തിൽ ഉണ്ടാകട്ടെ എന്നാഗ്രഹിച്ചു കൊണ്ട്...

 

You might also like

Most Viewed