കണ്ണൂരിന്റെ കണ്ണീർ...


പ്രദീപ് പുറവങ്കര 

കണ്ണന്റെ ഊര് എന്ന വാക്ക് ലോപിച്ചാണ് കണ്ണൂർ എന്ന സ്ഥലനാമമുണ്ടായതെന്ന് പറയപ്പെടുന്നു. തറിയുടെയും തിറയുടെയും നാടായും എന്റെ ഈ പ്രിയനാട് അറിയപ്പെടുന്നു. രണ്ട് ദിവസം മുന്പ് കലയുടെ മഹോത്സവമായ യുവജനോത്സവത്തിന് കണ്ണൂരിൽ കൊടി ഉയർ‍ന്നപ്പോൾ ഏതൊരു കണ്ണൂരുകാരനെയും പോലെ എന്റെ അന്തരംഗവും അഭിമാനപുളകിതമായി. കാരണം കണ്ണൂർ സ്വദേശിയായതിൽ പലപ്പോഴും പഴി കേൾ‍ക്കേണ്ടി വരാറുണ്ട് എന്റെ നാട്ടുക്കാർ‍ക്ക്. അവിടെയുള്ളവരൊക്കെ തന്നെ ഭീകരന്മാരാണെന്നും, കൊലപാതകികളാണെന്നമുള്ള ദുഷ്പേര് ജില്ലയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വഴി ഞങ്ങൾ‍ക്ക് ഏവർ‍ക്കും ലഭിച്ചിട്ടുള്ളതുമാണ്. പ്രത്യേകിച്ച് എറണാകുളത്തിനപ്പുറത്ത് തെക്കൻ‍ ജില്ലകളിൽ യാത്ര ചെയ്യുന്ന കണ്ണൂർ സ്വദേശികളൊക്കെ ഈ പഴി ഇടയ്ക്ക് കേൾ‍ക്കുന്നവരായിരിക്കുമെന്നതും തീർ‍ച്ച.

കണ്ണൂരിന്റെ ഈ കണ്ണീര്‍ തുടയ്ക്കാൻ ആർ‍ക്കും തന്നെ സാധിക്കുന്നില്ല എന്നത് തന്നെയാണ് കൗമാര കലോത്‍സവത്തിന്റെ ചിലങ്കൊലി മുഴങ്ങുന്ന ഇതേ നേരത്ത്, ഒരു കൊലപാതകം കൂടി അരങ്ങേറുന്പോൾ വേദനയോടെ ഞങ്ങൾ തിരിച്ചറിയുന്നത്. കത്തികൾ കുത്തി കയറ്റുന്നത് കേവലം ഒരു വ്യക്തിയുടെ ദേഹത്തേയ്ക്ക് മാത്രമല്ലെന്നും പക്ഷെ ആ നാടിന്റെ നെഞ്ചിലേയ്ക്കാണെന്ന ചിന്ത ഉൾ‍ക്കൊള്ളാത്ത രാഷ്ട്രീയ നേതാക്കളും പ്രസ്ഥാനങ്ങളും കണ്ണൂരിന്റെ ശാപമാണ്. കണ്ണൂരിലെ നാട്ടുക്കാർ ഏറെ ആവേശത്തോടെയും ഉത്സാഹത്തോടെയുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ എതിരേറ്റിരുന്നത്. എന്നാൽ ഇനി കണ്ണൂരിലേയ്ക്ക് ഒഴുകിയെത്തിയ 12,000ത്തോളം വിദ്യാർ‍ത്ഥികൾ അവരുടെ ജീവിതകാലത്ത് ഈ യുവജനോത്സവത്തോടൊപ്പം ഓർ‍ത്ത് വെയ്ക്കുന്നത് ചോരക്കളിയുടെ രാഷ്ട്രീയം കൂടിയായിരിക്കും. വലിയ ഭയത്തോടെയാകും ആ കുഞ്ഞുങ്ങൾ ഇനി ഈ നാടിനെ ഓർ‍ക്കുക. 

ചോര കൊടുത്ത് പ്രസ്ഥാനങ്ങൾ വളർ‍ത്താൻ‍ നമ്മൾ ബൊളീവിയൻ‍ കാടുകളിൽ അല്ല ജീവിക്കുന്നതെന്ന് ഇനിയെങ്കിലും ഇത്തരം പ്രസ്ഥാനങ്ങളും, അക്രമ പ്രവർ‍ത്തനങ്ങൾ‍ക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കളും മനസ്സിലാക്കണം. വിപ്ലവം ഉണ്ടാക്കേണ്ടത് പാവപ്പെട്ടവന്റെ നെഞ്ച് കുത്തി കീറികൊണ്ടല്ലെന്നും തിരിച്ചറിയണം. മനുഷ്യമനസ്സുകളിൽ നന്മ വളർ‍ത്തുന്ന ആശയങ്ങൾ പ്രചരിപ്പിച്ചും, ജാതി-മത-വ‍ഗീയ പ്രീണനങ്ങളിൽപെട്ടു പോകാതെയും, നാടിന്റെ വളർ‍ച്ച സ്വപ്നം കണ്ട് അതിന് വേണ്ടി പ്രവർ‍ത്തിക്കുന്ന നേതാക്കളെയും പ്രസ്ഥാനങ്ങളെയുമാണ് ഈ നാടിനും, നാട്ടുകാർ‍ക്കും വേണ്ടത്. എതിരഭിപ്രായങ്ങളെയും വിയോജിപ്പുകളെയും, ഭിന്നതകളെയും ഇല്ലാതാക്കുന്നത് ഉന്‍മൂലന സിദ്ധാതത്തിലൂടെയാകരുത്. ഞങ്ങൾ ഇനി അക്രമത്തിന് ഇല്ലെന്ന് പറയാനുള്ള ആർ‍ജ്ജവം ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാണിക്കുന്ന ഒരു ദിനത്തെ സ്വപ്നം കണ്ടു കൊണ്ട്, എന്റെ നാട്ടിലെത്തി സമ്മാനങ്ങൾ വാരിക്കോരി തിരികെ പോകാൻ‍ വന്ന കുഞ്ഞുമക്കളോട് ചോരമണക്കുന്ന ഒരു ദിനം സമ്മാനമായി നൽ‍കിയതിന് മാപ്പ് പറഞ്ഞുകൊണ്ട് ഒരു കണ്ണൂരുകാരൻ‍...

You might also like

Most Viewed