മായില്ല ഗാന്ധി...
പ്രദീപ് പുറവങ്കര
കോടിക്കണക്കിന് ജനങ്ങൾക്ക് മഹാത്മാഗാന്ധി കേവലമൊരു രാഷ്ട്രപിതാവോ, സ്വാതന്ത്ര്യ സമരസേനാനിയോ മാത്രമായി ഒതുങ്ങുന്ന വ്യക്തിയല്ല. അദ്ദേഹത്തിന്റെ ജീവിതം അവർക്ക് ആവേശവും, അഭിമാനവുമാണ്. എത്ര തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമെങ്കിലും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അംഹിസ എന്ന സിദ്ധാന്തത്തിലൂടെ മുട്ടുക്കുത്തിക്കാനും ഒരു ജനതയെ സ്വതന്ത്രമാക്കാനും അദ്ദേഹം കാണിച്ചിട്ടുള്ള ആത്മധൈര്യത്തെ ഏത് കോണിൽ നിന്ന് നോക്കിയാലും വാഴ്ത്താൻ മാത്രമേ നമുക്ക് സാധിക്കൂ. നീണ്ടു മെലിഞ്ഞ ആ മനുഷ്യനും, അദ്ദേഹത്തിന്റെയൊപ്പം പോരാടിയ ധീരസേനാനികളും അത്രയധികം ത്യാഗം സഹിച്ചതിന്റെ ഫലമാണ് ഇന്ന് ഓരോ ഭാരതീയനും ഓരോ നിമിഷവും അനുഭവിക്കുന്ന സ്വാതന്ത്ര്യം.
1948ൽ നാഥുറാം ഗോഡ്സെ എന്ന വ്യക്തിയാൽ കൊല്ലപ്പെട്ട അദ്ദേഹം വർഷം 70 കഴിഞ്ഞിട്ടും ഇന്നും കോടികണക്കിന് ആളുകളാൽ സ്നേഹിക്കപ്പെടുന്നു എന്നത് തന്നെ ആ മഹാമനീഷിയുടെ പ്രധാന്യം വിളിച്ചോതുന്നു. കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിൽ നിന്ന് കൊണ്ടാണ് അദ്ദേഹം സ്വാതന്ത്ര്യ സമരത്തെ നയിച്ചതെങ്കിലും, സ്വാതന്ത്ര്യാനന്തരം രാജ്യവിഭജനം ഉണ്ടാക്കിയ വേദന കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ നിന്ന് അകന്ന് നിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. സ്വാതന്ത്ര്യം ലഭിച്ച അന്നു പോലും അദ്ദേഹം ആഘോഷങ്ങളിൽ നിന്ന് മാറി നവഖാലിയിലെ സംഘർഷങ്ങളെ ഇല്ലാതാക്കാനും, അവിടെ ജനങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കാനുമുള്ള പ്രവർത്തനം നടത്തുകയായിരുന്നുവെന്ന് ചരിത്രപുസ്തകങ്ങൾ പറയുന്നു.
അദ്ദേഹത്തിന്റെ മരണശേഷം ഗാന്ധി എന്ന ബിംബത്തെ തങ്ങളുടേതാക്കാൻ രാജ്യത്തെ മിക്ക രാഷ്ട്രീയ കക്ഷികളും ശ്രമിച്ചിട്ടുണ്ട്. അതിൽ വലിയ തെറ്റില്ലെന്ന് വേണം മനസ്സിലാക്കാൻ. രാഷ്ട്രപിതാവ് എന്ന നിലയിൽ രാജ്യത്തെ പൗരൻമാർക്ക് ആരാധന കഥാപാത്രമായ മഹാത്മഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നത് കൊണ്ടോ, അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുക്കുന്നത് കൊണ്ടോ തന്റെ പ്രവർത്തി കൊണ്ട് മഹാത്മാവായ ആ മനുഷ്യന് വാസ്തവത്തിൽ ഒന്നും സംഭവിക്കില്ല. ഗാന്ധിജയന്തി ദിനങ്ങളിൽ അദ്ദേഹത്തെ പോലെ എത്രയോ പേർ വേഷം കെട്ടി നടക്കാറുണ്ട്. ആ വേഷങ്ങൾ കാണുന്പോൾ ഒറിജിനൽ ഗാന്ധിയെ നമ്മൾ മറന്നുപോകാൻ എന്ത് സാധ്യതയാണ് ഉള്ളതെന്നും ചിന്തിക്കുക. ചരിത്രത്തിന്റെ അപനിർമ്മിതി ഇത്തരം നാടകങ്ങളിലൂടെ ആധുനികമായ സങ്കേതങ്ങളിൽ എല്ലാം രേഖപ്പെടുത്തുന്ന ഈ കാലത്ത് സംഭവിക്കുമെന്ന് വിശ്വസിക്കാനും പ്രയാസമാണ്.
ഗാന്ധിജി എന്ന വിഗ്രഹം തൂങ്ങികിടക്കേണ്ടത് കേവലം കലണ്ടറുകളിലോ, കറൻസികളിലോ, വസ്ത്രങ്ങളിലോ, സഞ്ചികളിലോ മാത്രമല്ല. തലയിൽ മുടിയില്ലാത്ത ആ മഹാന്‍റെ പേരിൽ പ്രതിമകളുണ്ടാക്കി, പക്ഷികൾക്ക് ഇരിപ്പടം ഒരുക്കുന്നതിലും വലിയ കാര്യമില്ല. ഈ രാജ്യത്തെ തലമുറകളുടെ ഹൃദയത്തിലാണ് മഹാത്മാ ഗാന്ധി വസിക്കുന്നത്. അതുകൊണ്ട് തന്നെ ഭാരതം ഉള്ളിടത്തോളം കാലം ഗാന്ധിയുണ്ടാകും, ഒപ്പം അദ്ദേഹത്തെ കൊലപ്പെടുത്തിയ ഗോഡ്സെയും !