വീണ്ടുമൊരു ഉത്സവകാലം...
പ്രദീപ് പുറവങ്കര
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്‍സവങ്ങളിലൊന്നായ യുവജനോത്സവത്തിന് കണ്ണൂരിൽ തിരിതെളിഞ്ഞിരിക്കുന്നു. 57 വർഷങ്ങളായി നടന്നു വരുന്ന ഈ മേള കേരളത്തിന്റെ മഹോത്സവം തന്നെയാണെന്നതിൽ സംശയമില്ല. 232 ഇനങ്ങൾ, 20 വേദികൾ, 12,000 മത്സരാർത്ഥികൾ എന്നത് വലിയൊരു കണക്ക് തന്നെയാണ്. ഒരു നാടിന്റെ കലാസംസ്കാരം ആവാഹിച്ച് അതവതരിപ്പിക്കുന്ന ഈ മഹോത്സവത്തിന്റെ ആവേശം പ്രവാസലോകത്തും സജീവം തന്നെ. യുവജനങ്ങളുടെ ഈ കലാമേളയ്ക്ക് വർഷം കഴിയുംതോറും പ്രശസ്തി വർദ്ധിച്ചു വരുന്നതും ശ്രദ്ധേയമാണ്.
കേരളത്തിന്റെ മഹാന്‍മാരായ നിരവധി കലാകാരൻമാരെ വാർത്തെടുത്ത ഇടങ്ങളാണ് യുവജനോത്സവ വേദികൾ. ലോകത്തിന്റെ പല ഭാഗങ്ങളിലും മലയാളത്തിന്റെ മഹിമ എത്തിക്കാൻ ശ്രമിക്കുന്ന ആ മഹാപ്രതിഭകളൊക്കെ ഇന്ന് ഗൃഹാതുരമായ യുവജനോത്സവ ഓർമ്മകൾ അയവിറക്കുന്ന തിരക്കിലാണ്. അതുപോലെ തന്നെ ചരിത്രത്തിന്റെ ഓർമ്മകളിൽ മാഞ്ഞുപോകുമായിരുന്ന എത്രയോ കലാരൂപങ്ങളെ യുവജനോത്സവം അകാലചരമത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു. ഓട്ടൻതുള്ളലും, മാർഗ്ഗം കളിയും, കോൽക്കളിയും തുടങ്ങി എത്രയോ കലാരൂപങ്ങൾ യുവജനോത്സവം ഉള്ളത് കൊണ്ട് മാത്രം തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് പകർത്തപ്പെട്ട ഇനങ്ങളാണ്.
അതേസമയം ഇത്തരം ഗുണപരമായ കാര്യങ്ങൾക്കൊപ്പം ചില നല്ലതല്ലാത്ത വിശേഷങ്ങളും ഈ മഹോത്സവത്തിനെ പറ്റി ഉയരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സമ്മാനം നേടാൻ കുട്ടികളെക്കാൾ രക്ഷിതാക്കളും, അദ്ധ്യാപകരും കാണിക്കുന്ന വ്യഗ്രത തന്നെയാണ്. വിധി നിർണ്ണയിക്കുന്നവരും സംശയത്തിന്റെ നിഴലിൽ പെടുന്നത് കൊണ്ടാണ് ഇത്തവണ വിജിലൻസ് പോലും ഇടപെട്ടിരിക്കുന്നത്. ഇത് അപമാനകരമായ കാര്യമാണ്. പരസ്പരം സഹോദര്യവും സൗഹാർദ്ദവും വളർത്തുന്നതാകണം കല എന്ന ലക്ഷ്യത്തിന് കോട്ടം തട്ടുന്ന രീതിയിലാണ് ഓരോ വർഷവും യുവജനോത്സവങ്ങൾക്ക് തിരശീല വീഴുന്നത്. പണകൊഴുപ്പും അനാരോഗ്യകരമായ കിടമത്സരവും ഈ ഉത്സവത്തിന്റെ നിറം കെടുത്തുന്നു.
ഏറ്റവും പാവപ്പെട്ട കുട്ടിക്ക് പോലും തന്റെയുള്ളിലെ കലാവാസനയെ പൊടിതട്ടിയുണർത്താനും, അതിലൂടെ ഉപജീവനം കണ്ടെത്താനുള്ള മാർഗ്ഗവും യുവജനോത്സവ വേദികൾ നൽകി തുടങ്ങുന്പോഴാണ് ഈ ഉത്സവം അതിന്റെ യഥാർത്ഥമായ ലക്ഷ്യം നേടുന്നത്. കലയുടെ കേവലമായ ഫാഷൻ ഷോയല്ല ഇതെന്നും സംഘാടകരും തെളിയിക്കേണ്ടിയിരിക്കുന്നു. നാടിന്റെ സാംസ്കാരികമായ അന്തസത്ത പുതുതലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മഹത്തായ വേദികളായി ഈ യുവജനോത്സവം മാറട്ടെ എന്ന ആഗ്രഹത്തോടെ പങ്കെടുക്കുന്ന എല്ലാ കലാപ്രേമികൾക്കും ഹൃദയം നിറഞ്ഞ ആശംസ.