ഊഹാപോഹങ്ങൾ അരുത്...
പ്രദീപ് പുറവങ്കര
രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് താമസിക്കുന്പോൾ നമ്മൾ അവിടുത്തെ അതിഥികളാണെന്ന കാര്യം പലപ്പോഴും ചിലരെങ്കിലും മറക്കുന്നു. പ്രവാസത്തിന്റെ നോവും നൊന്പരവും പരസ്പരം പങ്ക് വെയ്ക്കുന്പോഴും നമ്മൾ നിൽക്കുന്ന ഇടത്തെ പറ്റി ചിലപ്പോൾ ആവശ്യത്തിലധികം ബോധാവന്‍മാരാകുന്ന സമൂഹം കൂടിയാണ് നമ്മുടേത്. ഇതിനിടയിൽ പരസ്പരം പരദൂഷണവും, ഊഹാപോഹങ്ങളും പ്രചരിപ്പിക്കാനും നമ്മൾ സമയം കണ്ടെത്തുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയും വെറും വെറുതെയും ഇത്തരം പ്രചാരവേലകൾ നടത്താൻ നമ്മുടെ ഇടയിലെ ചിലർ അതിസമർത്ഥരാണ്. പക്ഷെ അത് താമസിക്കുന്ന രാജ്യത്തിന്റെ താത്പര്യത്തിന് എതിരെയാകുന്പോൾ അത് ബാധിക്കുക ഒരു ജനസമൂഹത്തെ കൂടിയാണ്.
2011ൽ ഉണ്ടായ കലാപശ്രമത്തിന്റെ അലയൊലികൾ ഇന്നും അൽപ്പമെങ്കിലും തുടരുന്ന ഇടമാണ് ബഹ്റിൻ. ഗവൺമെന്റിന്റെ നയപരമായ സമീപനം കാരണം വലിയ തോതിലുള്ള ആക്രമണങ്ങളോ ജീവഹാനിയോ ഇവിടെയുണ്ടായിട്ടില്ല. ഇറാനടക്കമുള്ള രാജ്യങ്ങളുടെ ഇടപെടൽ കാരണമാണ് അത്തരമൊരു കലാപം ബഹ്റിനിൽ അന്നുണ്ടായതെന്ന് ഐക്യരാഷ്ട്ര സഭയടക്കമുള്ള നിക്്ഷ്പക്ഷർ മുന്പേ പറഞ്ഞു കഴിഞ്ഞ കാര്യമാണ്. ഗൾഫ് നാടുകളിൽ തന്നെ സാന്പത്തികമായി ഏറെ മുന്പിൽ നിന്നിരുന്ന ഈ രാജ്യം കലാപശ്രമത്തിന് ശേഷം അനുഭവിച്ച വിഷമതകൾ ഏറെയാണ്. മലയാളികളടക്കം ഇവിടെ താമസിക്കുന്ന വിദേശീയർക്ക് പോലും അന്ന് സംഭവിച്ച നഷ്ടം നികത്താൻ ഇനിയും സാധിച്ചിട്ടില്ല. സർക്കാർ പതിയെ ആണെങ്കിലും വ്യത്യസ്തകരമായ കാര്യപരിപാടികളിലൂടെ രാജ്യത്തിന്റെ സാന്പത്തിക നില പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചെത്തിക്കാനും ശ്രമിക്കുന്നുണ്ട്. അങ്ങിനെ പതിയെ പുരോഗതിയുടെ പാതയിലേയ്ക്ക് തിരികെ എത്തുന്ന ഒരു രാജ്യമാണ് ഇന്ന് ബഹ്റിൻ.
എന്നാൽ നമ്മുടെ ഇടയിൽ ചിലർക്ക് ഇതൊന്നും സഹിക്കാൻ പറ്റുന്നില്ലെന്ന് തോന്നും സോഷ്യൽ മീഡിയയിലെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും നൽകുന്ന മെസേജുകൾ കാണുന്പോൾ. കഴിഞ്ഞ ദിവസം ബഹ്റിനിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയെന്ന കുറ്റം കണ്ടെത്തിയ മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. രാജ്യത്തെ നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതിന് ശേഷമാണ് ബഹ്റിൻ അഭ്യന്തരവകുപ്പ് ഈ ശിക്ഷ നടപ്പിലാക്കിയത്. അതിന് ശേഷം മൃതദേഹങ്ങൾ അവരുടെ ബന്ധുക്കൾക്ക് വധശിക്ഷ നിലനിൽക്കുന്ന ഏതൊരു രാജ്യത്തെയും നടപടി പോലെ കൈമാറി. തങ്ങളുടെ പ്രിയപ്പെട്ടവർ മരണപ്പെട്ടതിന്റെ സങ്കടവും, രോഷവും ഏതൊരു മനുഷ്യനെയും പോലെ ആ ബന്ധുക്കളും പങ്കുവെച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ വഴി മലയാളികളടക്കമുള്ളവർ ഇന്നലെ ഉച്ച മുതൽ പരസ്പരം പങ്ക് വെച്ചുകൊണ്ടിരുന്നത്.
ശിക്ഷ നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്തിന്റെ ചില ഉൾഗ്രാമങ്ങളിൽ ഉണ്ടായ അസ്വാരസ്യങ്ങളെ വളരെ ഫലപ്രദമായി ബഹ്റിൻ ആഭ്യന്തരവകുപ്പ് നിയന്ത്രിച്ചിരുന്നു. ഇതൊന്നും മനസ്സിലാക്കാതെ ഹൃദയാഘാതം കാരണം മരണപ്പെട്ട ഇന്ത്യക്കാരനെ പോലും വെടികൊണ്ട് മരിച്ചവനാക്കി ഭീതി നിറയ്ക്കാൻ ശ്രമിക്കുകയായിരുന്നു നമ്മുടെ നാട്ടുകാരിൽ ചിലർ. തികച്ചും ലജ്ജാകരമായ ഈ പ്രവർത്തി എത്ര മാത്രം അപകടകരമാണെന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയണം. ഈ രാജ്യത്ത് നമ്മളൊക്കെ വന്നിരിക്കുന്നത് ആത്യന്തികമായി ജോലി ചെയ്യാനും, സന്പാദിക്കാനുമാണ്. നിയമം അനുശാസിക്കുന്ന തരത്തിൽ അത് ഏറ്റവും നന്നായി ചെയ്യാനാണ് ഏതൊരു പ്രവാസിയും ആദ്യം ശ്രമിക്കേണ്ടത്. രാജ്യത്തെ നിയമപ്രശ്നങ്ങളും, ക്രമസമാധാന പാലനവും നോക്കാനും പരിപാലിക്കാനുമാണ് ഇവിടെ ഒരു സർക്കാർ ഉള്ളത്. അവരെ വിശ്വസിക്കുക, ദയവ് ചെയ്ത് പരസ്പരം ഊഹാപോഹങ്ങൾ പരത്തരുത്. അത് നശിപ്പിക്കുന്നത് ഈ രാജ്യത്തെ ജനങ്ങളെ മാത്രമല്ല എന്നോർക്കുക.