വേഴാന്പലാകുന്ന കേരളം... പ്രദീപ് പുറവങ്കര


മലമുഴക്കി വേഴാന്പലാണ് കേരളത്തിന്റെ ദേശീയ പക്ഷി. വേഴാന്പൽ എന്നു പറയുന്പോൾ മഴയെ കാത്തിരിക്കുന്ന പക്ഷിയെന്നാണ് പറയാറുള്ളത്. നമ്മുടെ സംസ്ഥാനത്തിന്റെ ഗതിയും ഏകദേശം ഇതേ അവസ്ഥയിലെത്തുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുടിക്കാൻ‍ വെള്ളമില്ലാത്ത അവസ്ഥ സമാഗതമാകുകയാണ്. ഈ വർ‍ഷത്തെ വേനൽ അടുക്കുംതോറും കേരളത്തിന്റെ നെഞ്ചിടിപ്പ് കൂടുകയാണ്. ഇത്തവണ വരൾ‍ച്ച രൂക്ഷമാകുമെന്ന് ഇതിനകം കാലാവസ്ഥ വിദഗ്ദ്ധർ പ്രവചിച്ചു കഴിഞ്ഞു.

കേരളത്തിലെ ഭൂഗർ‍ഭജലത്തിന്റെ അളവും വൻ‍തോതിൽ താഴ്ന്നുപോകുന്നതായി ഭൂജലവകുപ്പും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1334 കിണറുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഭൂജലനിരപ്പ് രണ്ട് മുതൽ നാല് മീറ്റർ വരെ താഴ്ന്നിരിക്കുവെന്ന് കണ്ടെത്തിയത്. മൂന്ന് മുതൽ അഞ്ച് വർ‍ഷം വരെ തുടർ‍ച്ചയായി മഴ ലഭിക്കാതിരിക്കുന്പോഴാണത്രെ ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്. ഈ അവസ്ഥ ഉത്തരേന്ത്യയിലും നിലനിൽ‍ക്കുന്നുണ്ട്. ലോകത്ത് തന്നെ ഏറ്റവുമധികം ഭൂഗർ‍ഭജലം ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്. കേരളത്തിനെ മാത്രമായി എടുക്കുകയാണെങ്കിൽ ഗ്രാമീണ ജനതയിൽ എൺപത് ശതമാനവും, നഗരജനതയിൽ അന്പത് ശതമാനവും കുടിവെള്ളത്തിനായി ഭൂജലത്തെ ആശ്രയിക്കുന്നു. കൃഷിയിലും ഏകദേശം ഇതേ നിലയാണ്. ഈ വേനൽക്കാലം എന്തായാലും കടുത്തതായിരിക്കുമെന്ന് സൂചിപ്പിക്കുകയാണ് എല്ലാ കണക്കുകളും. 

ഭൂജലശോഷണത്തിന് പുറമേ ജലമലിനീകരണവും, കുളങ്ങൾ ഉൾ‍പ്പടെയുള്ള ജലാശയങ്ങൾ നികത്തലും മാലിന്യം കൊണ്ടു തള്ളുന്നതും നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നങ്ങളാണ്. ഇത് കാരണം അധികവെള്ളമ്മില്ലാത്ത നാടായി നമ്മുടെ നാട് മാറി കൊണ്ടിരിക്കുന്നു. മഴവെള്ള സംഭരണം കുറേ കൂടി കാര്യക്ഷമമാക്കാനുള്ള നടപടികൾ സർ‍ക്കാരും ജനങ്ങളും സ്വീകരിക്കേണ്ടത് ഈ സാഹചര്യത്തിൽ അനിവാര്യമാണ്. ഒപ്പം നമ്മുടെ നാട്ടിൽ എവിടെയും തന്നെ കുഴിച്ച് തള്ളുന്ന കുഴൽ കിണറുകളെ നിയന്ത്രിക്കാനുള്ള ആർ‍ജ്ജവും വേണം. അതോടൊപ്പം നഷ്ടപ്പെട്ട തോടുകളും, കുളങ്ങളും തിരിച്ച് പിടിക്കാനുള്ള ഊർ‍ജിതമായ ശ്രമം നടത്താനും സമയമായിരിക്കുന്നു. എറണാകുളം ജില്ലയിൽ ഇത്തരം പ്രവർ‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. അത് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേയ്ക്കും എത്രയും പെട്ടന്ന് നടക്കണം. ഇല്ലെങ്കിൽ കേരള ജനത അഭിമുഖീകരിക്കാൻ‍ പോകുന്നത് ദാഹജലത്തിന് വേണ്ടി കാത്തിരിക്കുന്ന വേഴാന്പലിന്റെ അതേ അവസ്ഥയാകും.

You might also like

Most Viewed