ശേഷം സ്ക്രീനിൽ...


പ്രദീപ് പുറവങ്കര

അങ്ങിനെ കേരളത്തിൽ‍ ഒരു സമരം കൂടി സമാപിച്ചിരിക്കുന്നു. സാധാരണക്കാരനെ നേരിട്ട് ബാധിക്കാത്തത് എന്ന് ഒറ്റനോട്ടത്തിൽ‍ തോന്നുമെങ്കിലും ആയിരക്കണക്കിന് പേരുടെ അന്നം കുറേ ദിവസങ്ങളായി മുട്ടിച്ച ഒരു സമരമായിരുന്നു ഇത്. വിണ്ണിലെ താരങ്ങളാണ് സിനിമയിലെ അഭിനേതാക്കളും, അതുമായി ബന്ധപ്പെട്ട് പ്രവർ‍‍ത്തിക്കുന്നവരും. പക്ഷെ കഞ്ഞികുടി മുട്ടിയാൽ‍ ഈ നക്ഷത്രങ്ങളുടെയും കാര്യവും അവതാളത്തിലാകുമെന്ന് മനസ്സിലാക്കി തന്നെയാണ് സമരത്തിന് താത്കാലിക ശമനമുണ്ടായിരിക്കുന്നത്. ഈ മാസം 26ന് സർ‍ക്കാർ‍ ചർ‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം താത്കലികമായി നിന്നിരിക്കുന്നത്.

അതുപോലെ തന്നെ സമരത്തിന് ആഹ്വാനം ചെയ്ത സംഘടനയെ പിളർ‍ത്തിയാണ് ഈ സമരം ഇപ്പോൾ‍ അവസാനിച്ചിരിക്കുന്നത്. നടൻ‍ ദിലീപ്, മോഹൻ‍ലാലിന്റെ വിശ്വസ്തനായ നിർ‍മ്മാതാവ് ആന്‍റണി പെരുന്പാവൂർ‍ എന്നിവർ‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന ഉണ്ടായിരിക്കുന്നത്.  തൽ‍ക്കാലത്തേയ്ക്ക് പ്രതിസന്ധി ഒഴിവായി എന്ന് പറയാമെങ്കിലും രണ്ട് സംഘടനകളുടെ ആവിർ‍ഭാവം ഏത് രീതിയിൽ‍ ഈ ഒരു വ്യവസായത്തെ ബാധിക്കുമെന്ന് പറയാറായിട്ടില്ല. കളക്ഷന്റെ പകുതി അതായത് 50 ശതമാനം തീയറ്റർ‍ ഉടമകൾ‍ക്ക് ലഭിക്കണമെന്ന ആവശ്യമാണ് ലിബർ‍ട്ടി ബഷീറും സംഘവും ആവശ്യപ്പെടുന്നത്. നിലവിൽ‍ 40 ശതമാനം തീയറ്റർ‍ ഉടമകൾ‍ക്കും 60 ശതമാനം നിർ‍മ്മാതാക്കൾ‍ക്കും എന്നാണ് വ്യവസ്ഥ. 

കേരളത്തിലെ പ്രധാനപ്പെട്ട ഒരു വ്യവസായ മേഖല എന്ന നിലയിൽ‍ സിനിമാ മേഖലയിലെ ഈ പ്രതിസന്ധി നല്ല രീതിയിൽ‍ പരിഹരിച്ച് മുന്പോട്ട് കൊണ്ടുപോകേണ്ടത് സർ‍ക്കാറിന്റെ കൂടി ഉത്തരവാദിത്വമാണ്. അതോടൊപ്പം ഇനിയെങ്കിലും തീയറ്ററുകളുടെ പ്രവർ‍ത്തനം, നിലവാര നിർ‍ണയം തുടങ്ങിയവയ്ക്ക് കൃത്യമായ മാനദണ്ഡങ്ങൾ‍ വെയ്ക്കുകയും അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുവാനും സാധിക്കേണ്ടതുണ്ട്. അതോടൊപ്പം എല്ലാം താരസംഘടനകളുടെയോ താരരാജക്കന്‍മാരുടെയോ കൈവെള്ളയിൽ‍ കൊണ്ടുവെയ്ക്കപ്പെടുന്ന അവസ്ഥയും മലയാള സിനിമാ മേഖലയ്ക്ക് ഉണ്ടാകരുത്. 

ഇതിൽ‍ ഒന്നും പെടാതെ ഇതികർ‍ത്തവ്യമൂഢരായി ഇരിക്കുന്നവരാണ് മലയാള സിനിമ പ്രേക്ഷകർ‍. സ്വന്തമായി യൂണിയനൊന്നുമില്ലാത്തത് കാരണം സമരം ചെയ്യാൻ‍ സാധിക്കാതെ തങ്ങളുടെ പ്രിയ താരങ്ങളുടെ പ്രകടനം കാണാൻ‍ ചവിട്ടും കുത്തും കൊണ്ട് ക്യൂ നിന്ന് പോക്കറ്റിലെ പണവും കൊടുത്ത് തീയറ്ററിലെ മൂട്ടകടിയും സഹിച്ച് എല്ലാം കണ്ട് കൈയടിക്കാനും കൂകി വിളിക്കാനും വിധിക്കപ്പെട്ടവർ‍. സർ‍ക്കാരായാലും, താരരാജക്കൻമാരായാലും, നിർ‍മ്മാതാക്കൾ‍ ആയാലും, തീയറ്റർ‍ ഉടമകളായാലും ശരി, ഈ പാവങ്ങളെ കൂടി കണക്കിലെടുത്ത് വേണം എന്തും തീരുമാനിക്കാൻ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed