മാലിന്യം നിറയുന്ന സോഷ്യൽ ഇടങ്ങൾ
പ്രദീപ് പുറവങ്കര
നമ്മുടെ നാട് ഇരുട്ടിലേയ്ക്ക് നടന്നു നീങ്ങുകയാണെന്ന് പലരും പറഞ്ഞു കൊണ്ടിരിക്കുന്നു. കേരളവുമായി എന്നും പൊക്കിൾകൊടി ബന്ധം നിലനിർത്തി നാടിന്റെ നല്ല ഓർമ്മകളെ താലോലിച്ചു കഴിയുന്ന പ്രവാസലോകത്തുള്ളവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ആണ് ഈ ആശങ്കയും, ആകാംക്ഷയും ഏറെയുള്ളത്. മാധ്യമ പ്രവർത്തനം തന്നിരിക്കുന്ന സ്വാതന്ത്ര്യം കാരണം ഇടയ്ക്കിടെ നാട്ടിൽ പോകാൻ ഭാഗ്യം ലഭിച്ച ഒരാളെന്ന നിലയിൽ പ്രവാസലോകത്തെ ഈ ആശങ്ക അൽപ്പമൊക്കെ ഊതിവീർപ്പിക്കുന്നതാണോയെന്ന സംശയം തോന്നാതില്ല. നിഷ്പക്ഷരെന്ന് നടിച്ച് എന്നാൽ അജണ്ടകൾ വ്യക്തമായി നടപ്പിലാക്കുന്ന മാധ്യമങ്ങളും, പ്രസ്ഥാനങ്ങളും പാവപ്പെട്ട സാധാരണക്കാരെ ഒരു നിഴൽ യുദ്ധത്തിന് പ്രേരിപ്പിക്കുന്നുണ്ടോ എന്നും സംശയിക്കാവുന്നതാണ്.
വർഗീയമായി ചിന്തിക്കുന്നവരുടെ എണ്ണം മുന്പത്തെക്കാൾ വർദ്ധിച്ചിട്ടുണ്ട് എന്ന് പറയുന്പോൾ അത് ഒരു പ്രത്യേക മതസമൂഹത്തിലോ, സമുദായത്തിലോ മാത്രമായി ഒതുങ്ങി നിൽക്കുന്ന കാര്യമല്ല. എല്ലാ മതങ്ങളിലും അത്തരം തീവ്രമായ നിലപാടുകൾ ഉള്ളവർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷെ അതു കാരണം എല്ലാവരും അങ്ങിനെയാണെന്ന് ധരിക്കുന്നത് വെറും വിഢിത്തമാണ്. കഴിഞ്ഞ ദിവസം കേരള കോൺഗ്രസ്സ് നേതാവ് ശ്രീ ആർ ബാലകൃഷ്ണപിള്ളയുടെ രസകരവും ഏറെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമായ പ്രസംഗം കേൾക്കാൻ സാധിച്ചു. അതിൽ അദ്ദേഹം മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ ഒരു അനുഭവം പറയുകയുണ്ടായി. പ്രേനസീറിനെ ഒരു ആരാധകൻ അദ്ദേഹത്തിന്റെ പുതിയ വീട് കാണിക്കാൻ കൊണ്ടുപോയി. വീട്ടിലെത്തിയപ്പോൾ മുസ്ലീമായത് കൊണ്ട് തന്റെ പൂജാമുറിയിലേയ്ക്ക് പ്രേംനസീറിനെ കയറ്റാൻ വീട്ടുടമ്മ വൈമനസ്യം കാണിച്ചു. വാതിൽക്കൽ നിന്ന് പൂജാമുറിയിലേയ്ക്ക് നോക്കിയപ്പോൾ പ്രേം നസീറിന് കാണാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ വലിയ ചിത്രമായിരുന്നു. നോക്കിയപ്പോൾ പ്രേം നസീർ തന്നെ ഗുരുവായൂരപ്പനായി അഭിനയിച്ച ചിത്രമായിരുന്നത്രേ അത്. ചിരിച്ചു കൊണ്ട് അദ്ദേഹം അവിടെ നിന്ന് ഇറങ്ങിയത്രെ. ഇങ്ങിനെ സ്വന്തം ചിത്രം വെച്ച മുറിയിലേയ്ക്ക് പ്രേം നസീറിനെ പോലെയുള്ളവരെ പോലും കയറ്റാൻ വൈമനസ്യം കാണിച്ചിരുന്ന ആളുകൾ മുന്പും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. അതിന്റെ എണ്ണത്തിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാമെന്ന് മാത്രം.
നാട്ടിൽ എത്രയോ തവണ യാത്ര ചെയ്തപ്പോഴും, വ്യത്യസ്തരായ നിരവധി പേരോട് ഇടപ്പഴകുന്പോഴും സോഷ്യൽ മീഡിയ വിളന്പുന്ന അത്ര വർഗീയത അവിടെ ഉള്ളതായി തോന്നിയിട്ടില്ല. പറഞ്ഞ് പറഞ്ഞ് നമ്മൾ വർഗീയത വളർത്തുകയാണോ എന്നു വരെ തോന്നി പോകുന്നു ചിലരുടെ പോസ്റ്റുകൾ കാണുന്പോൾ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ പറ്റി രസകരമായ ഒരു ചിന്ത ഒരു മാസികയിൽ കണ്ടു. ഒരു തെരുവിലൂടെ സ്വന്തം വീട്ടിലെ സ്വകാര്യതകൾ വിളിച്ച് പറഞ്ഞു നടക്കുന്നയാളെ നമ്മൾ ഭ്രാന്തനെന്ന് വിളിക്കുന്പോൾ, ഫേസ്ബുക്കിലൂടെ അതിലും സ്വകാര്യമായ കാര്യങ്ങൾ ലോകത്തിന് മുന്പിൽ വെളിപ്പെടുത്തുന്നവരെ എന്ത് വിളിക്കണമെന്നായിരുന്നു ആ ചിന്ത... നിങ്ങളും ആദ്യം ചിന്തിക്കുക, എന്നിട്ട് പോരെ സോഷ്യൽ മീഡിയ വിപ്ലവം... !!