വെറുതയല്ല ഈ ഗുസ്തി... പ്രദീപ് പുറവങ്കര


കേരളത്തിന്റെ തനതായ ആയോധന കലയാണ് കളരി. തച്ചോളി ഒതേനനും, ഉണ്ണിയാർച്ചയുമൊക്കെ നമ്മുടെ നാട്ടിൽ നിന്നുണ്ടായ കളരിപ്പയറ്റിലെ വീര ഇതിഹാസങ്ങളുമാണ്. കളരിക്ക് ശേഷം നിരവധി വൈദേശികമായ ആയോധന കലകൾ കേരളത്തിലും സജീവമായി. കരാട്ടെയും, കുങ്ഫുവും, ജൂഡോയും, തയ്ക്കോണ്ടയും ഒക്കെ ഇതിൽ പെടുന്നു. നിരവധി പേർ പ്രായ വ്യത്യാസമില്ലാതെ ഇത് അഭ്യസിക്കുന്നുമുണ്ട്. ആയോധന കലകളിൽ ഇപ്പോൾ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഇനമാണ് എംഎംഎ എന്ന പേരിൽ അറിയപ്പെടുന്ന മാർഷ്യൽ ആർട്ട്സ്. ബഹ്റിനുൾപ്പടെയുള്ള രാജ്യങ്ങളിൽ ഈ ഒരു ആയോധന കലയ്ക്ക് ധാരാളം ആരാധകരുണ്ട്. ബഹ്റിൻ രാജകുടുംബത്തിലെ ബഹുമാന്യരായ അംഗങ്ങൾ പോലും ഇന്ന് ഈ ആയോധന കല അഭ്യസിക്കുന്നു. 

ഇന്ത്യയിൽ ഈ ആയോധന കലയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് കോഴിക്കോട് സ്വദേശിയായ അബ്ദുൽ മുനീറാണ്. ബഹ്‌റിനിൽ എത്തിയിട്ടുള്ള അദ്ദേഹവുമായി ഒരൽപ്പ സമയം ചിലവഴിക്കാൻ സാധിച്ചത് ഏറെ രസകരമായ അനുഭവമായിരുന്നു. ആയോധന കലകൾ പഠിക്കുന്നവരിൽ മഹാഭൂരിഭാഗവും ആരെയും ഉപദ്രവിക്കാത്ത സാധാരണക്കാരാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ചിന്തനീയമായി തോന്നി. ഇത്തരം കലകൾ അഭ്യസിക്കുന്പോൾ അനാവശ്യമായ ചിന്തകളിൽ നിന്നും, തെറ്റായ മാർഗങ്ങളിൽ നിന്നും മാറി നടക്കാൻ ഒരാൾക്ക് സാധിക്കുന്നു. പ്രത്യേകിച്ച് കൗമാര പ്രായക്കാർ ആൺ പെൺ വ്യത്യാസമില്ലാത്ത ഏതൊരു ആയോധന കലയും അഭ്യസിച്ചാൽ അത് അവരുടെ സ്വഭാവരൂപീകരണത്തിൽ വലിയ പങ്ക് വഹിക്കുമത്രെ. എന്നാൽ പല മാതാപിതാക്കളും ചിന്തിക്കുന്നത് മറിച്ചാണ്. വെറുതെ ഗുസ്തി പിടിച്ച് മക്കൾ അവരുടെ തടി കേടാക്കുന്ന ഏർപ്പാടായി അവർ ഇതിനെ നോക്കി കാണുന്നു.

മറ്റൊന്ന് ഇത്തരം കലകൾ അഭ്യസിക്കുന്നതിലൂടെ ലഭിക്കുന്ന ആത്മവിശ്വാസമാണ്. ഒരു അതിക്രമം കണ്ടാൽ അത് കണ്ടില്ലെന്ന് നടിച്ച് മുന്പോട്ട് പോകാൻ ഇത്തരം കലകൾ അഭ്യസിച്ചവർക്ക് ആകില്ല. ഇന്നു നമ്മുടെ സമൂഹത്തിൽ നടക്കുന്ന മിക്ക പ്രശ്നങ്ങളും സംഭവിക്കുന്നത് ആരും എതിർക്കാൻ ഇല്ലെന്ന തോന്നലിൽ ആണ്. പ്രത്യേകിച്ച് സ്ത്രീകളുടെ നേർക്ക് നടക്കുന്ന അതിക്രമങ്ങൾ പലതും വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം എതിർക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് തന്നെയാണെന്ന് മുനീർ പറയുന്പോൾ അത് ശരിവെക്കേണ്ടത് പൊതുസമൂഹമാണ്.

സ്്കൂൾ സിലബസിൽ തന്നെ ആയോധന കലകൾ നിർബന്ധമാക്കിയാൽ സമൂഹത്തിന്റെ അച്ചടക്കം വർദ്ധിക്കുമെന്ന നിരീക്ഷണവും ശ്രദ്ധേയമാണ്. അച്ചടക്കത്തോടെ ആരോഗ്യ പരിപാലനം നടത്തി മുന്പോട്ട് പോകാൻ സാധിക്കുന്ന മികച്ചൊരു സമൂഹത്തെ വാർത്തെടു ക്കാനുള്ള ശ്രീ മുനീറിന്റെ എല്ലാ ശ്രമങ്ങൾക്കും ആശംസകൾ, ഒപ്പം ഈ ഒരു മേഖലയിൽ ഇനിയുമേറെ ഉയരങ്ങളിൽ എത്താൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു...

You might also like

Most Viewed