പാഠം പഠിപ്പിക്കേണ്ടത് മനുഷ്യനാകാൻ‍


വിദ്യ അല്ലെങ്കിൽ‍ അറിവ് വെളിച്ചമാണെന്നാണ് പഴമൊഴി. മനസിന് കൂടുതൽ‍ വെളിച്ചവും തെളിച്ചവും ലഭിക്കാനാണ് ഒരാൾ‍ വിദ്യഭ്യാസം നേടുന്നത്. എന്നാൽ‍ നമ്മുടെ നാട്ടിൽ‍ വിദ്യാഭ്യാസം എന്നത് വിദ്യയുടെ പേരിൽ‍ നടത്തുന്ന ആഭാസമായി മാറിയിട്ട് നാളേറായി. കാലുറയ്ക്കാത്ത പ്രായത്തിൽ‍ തന്നെ തന്റെ ഇരട്ടിയിലധികം ഭാരമുള്ള സ്കൂൾ‍ ബാഗുമേന്തി കഴുത്തിൽ‍ കയറ് കുരുക്കി പിഞ്ചുകുഞ്ഞുങ്ങൾ‍ വിദ്യതേടാൻ‍ പോകുന്ന കാഴ്ച്ച എത്രയോ തവണ കാണുന്നവരാണ് നാമൊക്കെ. എന്താണ് പഠിക്കുന്നതെന്നോ, എന്തിനാണ് പഠിക്കുന്നതെന്നോ അറിയാതെ അറവുമാടുകളെ പോലെ എത്രയോ തലമുറകൾ‍ വിദ്യ തേടുകയോ, തേടുന്നത് പോലെ അഭിനയിക്കുകയോ ചെയ്യുന്നു.

കുഞ്ഞുങ്ങൾ‍ വളരുംതോറും വിദ്യാഭ്യാസത്തിന്റെ വൈരൂപ്യം ഏറി വരുന്ന സംവിധാനമാണ് ഇന്ന് നമ്മുടെ മുന്പിലുള്ളത്. ബ്രോയിലർ‍ കോഴികളെ പോലെ കുറേ പേരെ ഒരേ അച്ചിൽ‍ ഉണ്ടാക്കിയെടുത്ത് വളർ‍ത്തുന്ന ഈ സിസ്റ്റത്തിന്റെ അവസാനത്തെ ഇരകളിൽ‍ ഒന്നാണ് പാന്പാടി നെഹ്റു എഞ്ചിനയറിങ്ങ് കോളേജിലെ വിദ്യാർ‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ്. കോപ്പിയടിച്ചുവെന്ന ആരോപണം കൊണ്ട് ജിഷ്ണുവിന്റെ മരണത്തെ ന്യായീകരിക്കാൻ‍ ശ്രമിക്കുന്ന കോളേജ് അധികൃതർ‍ക്കെതിരെ വിദ്യാർ‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും രോക്ഷാഗ്നി വർ‍ദ്ധിക്കുകയാണ്. സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിൽ‍ പതിവായി നടക്കുന്ന പീഢനങ്ങളുടെ ബാക്കിയാണ് ഇവിടെ അരങ്ങേറിയതെന്ന് വിദ്യാഭ്യാസ രംഗവുമായി ബന്ധമുള്ളവർ‍ ആരോപിക്കുന്നു. 

മുന്പ് കർ‍ണാടകയിലും തമിഴ്നാട്ടിലും പോയി പഠിക്കേണ്ട അവസ്ഥയുണ്ടായിരുന്ന സ്ഥിതിയിൽ‍ നിന്ന് കേരളത്തിൽ‍ തന്നെ മതിയായ കോളേജുകൾ‍ പ്രവർ‍ത്തിക്കാൻ‍ തുടങ്ങിയപ്പോൾ‍ ഏറെ പ്രതീക്ഷകൾ‍ രക്ഷിതാക്കൾ‍ക്കും വിദ്യാർ‍ത്ഥികൾ‍ക്കുമുണ്ടായിരുന്നു. എന്നാൽ‍ ഇതിൽ‍ മിക്കതും വിദ്യാഭ്യാസസ്ഥാപനങ്ങളായിട്ടല്ല, മറിച്ച് പീഢന കേന്ദ്രങ്ങളായി മാറുന്ന കാഴ്ച്ചയാണ് കാലം നമ്മുടെ മുന്പിൽ‍ വരച്ചിടുന്നത്. ജയിലറകൾ‍ പോലെയുള്ള ഹോസ്റ്റലുകളും, ക്ലാസ് മുറികളുമാണ് മിക്ക സ്വാശ്രയ കലാലയങ്ങളിലും ഉള്ളത്. കൊച്ചിയിലെ പ്രമുഖവും പ്രശസ്തവുമായ ഒരു സ്വാശ്രയ കോളേജിൽ‍ പഠിക്കുന്ന ബന്ധുവായ വിദ്യാർ‍ത്ഥിനി അദ്ധ്യാപകർ‍ ക്വട്ടേഷൻ‍ സംഘക്കാരെ പോലെയും പെരുമാറുന്നുവെന്ന് പറഞ്ഞത് ഈ നേരത്ത് ഓർ‍ക്കട്ടെ. 

ജിഷ്ണുവിന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ കണ്ടുപിടിച്ചത് കൊണ്ട് മാത്രം ദുരന്തങ്ങൾ‍ ഇല്ലാതകണമെന്നില്ല. മറിച്ച് സ്വാശ്രയ കോളേജ് അധികൃതർ‍ക്കും അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപർ‍ക്കും കൂടി വേണ്ട ബോധവത്കരണം സമയാസമയങ്ങളിൽ‍ നൽ‍കി അവരെ കൂടി പഠിപ്പിക്കാൻ‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം. ഇല്ലെങ്കിൽ‍ ഇനിയും ജിഷ്ണുമാർ‍ ആവർ‍ത്തിക്കും, തീർ‍ച്ച !!

You might also like

Most Viewed