ബാങ്കിംഗ് മേഖലയിലെ മാറ്റങ്ങൾ...
പ്രദീപ് പുറവങ്കര
നോട്ട് പിൻവലിക്കലിന് ശേഷം തളർച്ചയിലായിരുന്ന രാജ്യത്തെ ബാങ്കിംഗ് വായ്പാരംഗത്ത് സംഗതി വീണ്ടും ഉഷാറാകുന്നതായി റിപ്പോർട്ടുകൾ വരുന്നു. ഭവന, വാഹന, വ്യക്തിഗത വായ്പക്കളുടെ പലിശ നിരക്കിൽ കഴിഞ്ഞ ആഴ്ച്ച നടപ്പിൽ വരുത്തിയ കുറവാണ് കൂടുതൽ വായ്പയെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. അതോടൊപ്പം നേരത്തെ ഭവന വായ്പയെടുത്തവർക്കും പലിശനിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. പ്രവാസികളിൽ നിരവധി പേർ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വീടോ, ഫ്ളാറ്റോ ഒക്കെ വാങ്ങിയവരായിരിക്കാം. അവർക്കും സന്തോഷമേകുന്ന കാര്യമാണ് പലിശ നിരക്കിലെ ഈ കുറവ്.
കറൻസി നിയന്ത്രണത്തിന് ശേഷം ബാങ്കുകളിലേയ്ക്ക് വൻ തോതിലുള്ള നിക്ഷേപമാണ് എത്തിയിട്ടുള്ളത്. അതേസമയം പലിശ നിരക്ക് കൂടിയത് കാരണം വായ്പ്പെയെടുക്കുന്നതിലുള്ള താത്പര്യം ആളുകൾക്ക് കുറഞ്ഞിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ബാങ്കുകൾ പലിശ നിരക്കിൽ കുറവ് വരുത്തിയത്. വിപണിയിലേയ്ക്ക് കൂടുതൽ പണമെത്തിക്കാനുള്ള ശ്രമം കൂടിയാണ് ഇത്. അടിസ്ഥാന വായ്പാ പലിശ നിരക്കിൽ 0.9 ശതമാനത്തിന്റെ കുറവാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിലവിലുള്ള 8.9 ശതമാനം പലിശ ഇപ്പോൾ 8 ശതമാനമായി കുറഞ്ഞു. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് 27,185 രൂപയാണ് എസ്‌ബിഐയുടെ വായ്പയ്ക്ക് തിരിച്ചടവ് വരുന്നത്. ഇനി ഇത് 25,467 രൂപയായി കുറയും. അതായത് 1718 രൂപയുടെ കുറവ് ഒരു മാസം ഉണ്ടാകും.
അതേസമയം മിക്ക ബാങ്കുകളും ഇതേ പറ്റി അന്വേഷിച്ച് ഉപഭോക്താവ് നേരിട്ട് ചെന്നില്ലെങ്കിൽ പലിശയിൽ വന്ന കുറവിനെ പറ്റി മിണ്ടുന്നില്ല എന്നതും സത്യമാണ്. ഉപഭോക്താവ് അപേക്ഷ കൊടുക്കാതെ പലിശനിരക്കിലെ ഈ മാറ്റത്തിന്റെ ഗുണഫലം അവർക്ക് ലഭിക്കില്ല. പ്രവാസലോകത്ത് കഴിയുന്നവരിൽ മിക്കവർക്കും നമ്മുടെ നാട്ടിൽ ഉണ്ടായികൊണ്ടിരിക്കുന്ന ഇത്തരം മാറ്റങ്ങളെ പറ്റി അറിയാൻ സാധിക്കാത്തവരാണ്. ബംഗളൂരുവിൽ പ്രവാസി സമ്മേളനം നടക്കുന്ന ദിവസങ്ങളാണ് കടന്നു പോകുന്നത്. നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് സാന്പത്തികമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പറ്റി വിദേശത്തുള്ള പൗരൻമാരെ അറിയിക്കേണ്ട ബാധ്യത ഗവൺമെന്റിനുണ്ട് എന്ന് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന ഏതെങ്കിലുമൊരു പ്രതിനിധി ചൂണ്ടികാണിച്ചിരുന്നെങ്കിൽ ഏറെ നന്നായിരുന്നേനെ. ബഹ്റിനടക്കമുള്ള രാജ്യങ്ങളിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിംഗ് സ്ഥാപനമായ േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരായ പൗരമാർക്ക് വേണ്ടി അവർ ചെയ്യുന്ന സേവനങ്ങളെ പറ്റി വലിയൊരുവിഭാഗം പ്രവാസികളും അജ്ഞരാണ് എന്നതാണ് യാഥാർത്ഥ്യം.
കെട്ടിടനിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തന നിരതരാണ്. അവർക്ക് വേണ്ടി ഇന്ത്യയിലെ സാന്പത്തികമേഖലയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന മാറ്റങ്ങളെ പറ്റി ബോധവത്കരണം നടത്തേണ്ടത് േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലെയുള്ള സാന്പത്തിക സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. അടച്ചിട്ട ഹോട്ടൽ മുറികളിൽ വിരലിൽ എണ്ണാവുന്നവരുടെ മുന്പിൽ മാത്രം സാന്പത്തിക മേഖലയിലെ പുതിയ നിയമങ്ങളെ പറ്റി പറഞ്ഞത് കൊണ്ട് കാര്യമാകില്ല. അടിസ്ഥാന ജോലികൾ ചെയ്യുന്ന സാധാരണക്കാർക്കും ഇതേ പറ്റി അറിയേണ്ടതുണ്ട്. ബഹ്റിനിലെ േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതരടക്കമുള്ളവർ ഈ കാര്യത്തിൽ ശ്രദ്ധ ചെല്ലുത്തണമെന്ന ആഗ്രഹത്തോടെ...