പുച്ഛം തോന്നുന്ന സമരങ്ങൾ
പ്രദീപ് പുറവങ്കര
പുതുവർഷം പിറന്നപ്പോഴേയ്ക്കും കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഹർത്താൽ മഹോത്സവം ആരംഭിച്ചിരിക്കുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരോ തവണയും പടച്ചുവിടുന്ന സമരാഭാസമായ ഹർത്താലിനെ സഹിക്കുന്നത് ശീലമാക്കിയ ഒരു ജനതയായി കേരളത്തിൽ ഉള്ളവർ മാറിയിട്ട് വർഷങ്ങൾ ആയിരിക്കുന്നു. എന്തിനാണ് ജോലി ചെയ്യാതെ, അലസതയുടെ ആൾരൂപങ്ങളായി ഒരു ദിനം ജീവിതത്തിൽ ഇങ്ങിനെ കളയുന്നതെന്ന് ആർക്കുമറിയില്ല താനും. എന്ത് തരം രാഷ്ട്രീയമാണ് പൊതുജനത്തിന്റെ ജീവിതം തടസ്സപ്പെടുത്തി ഇത്തരം ഹർത്താലുകൾ മുന്പോട്ട് വെയ്ക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടത് രാഷ്ടീയ നേതാക്കളാണ്. വോട്ട് ബാങ്ക് ഉണ്ടാക്കാൻ വേണ്ടിയുള്ള പൊറാട്ട് നാടകം മനസ്സിലാക്കി ഹർത്താൽ പേലെയുള്ള സമരാഭാസത്തിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ബഹിഷ്കരിക്കുന്ന ഒരു ജനത ഇവിടെ ഉണ്ടാകുന്നിടത്തോളംകാലം ഇതിന് അറുതിയുണ്ടാകില്ല.
കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് ഇന്നത്തെ ഹർത്താലിന്റെ വിവരമറിയുന്നത്. ഇന്നുച്ചയ്ക്ക് ഗൾഫിലേയ്ക്ക് പോകേണ്ട ഒരു സുഹൃത്തിനോട് യാത്ര പറയാൻ വന്നതായിരുന്നു ഞാൻ. ഹർത്താൽ കാരണം അനാവശ്യമായ സമ്മർദ്ദങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആ സുഹൃത്തിന് ഒടുവിൽ ഇന്നലെ രാത്രി തന്നെ എയർപോർട്ടിലേയ്ക്ക് തിരിക്കേണ്ടി വന്നു. ഇത് ഒരാളുടെ മാത്രം കാര്യമായിരിക്കില്ല. മിക്കവരും ഉറങ്ങാൻ കിടക്കുന്പോൾ തന്നെ പിറ്റേ ദിവസത്തേയ്ക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കും. അത് കേവലം ജോലിയുമായി ബന്ധപ്പെട്ടുള്ളതാകണമെന്നില്ല. വ്യക്തിപരമായി ചെയ്ത് തീർക്കാനുള്ള കാര്യങ്ങളും ഏറെയുണ്ടാകാം. അത്തരം കാര്യങ്ങളെയൊക്കെ തൃണവത്കരിച്ച് കൊണ്ട് നടത്തുന്ന സമരങ്ങൾ ആര് തന്നെ നടത്തിയാലും അവരെ വിളിക്കാനുള്ള പേര് ഭീരുക്കൾ എന്നു മാത്രമാണ്.
സ്വന്തമായി തങ്ങളുടെ രാഷ്ട്രീയ ചിന്തയിൽ പോലും വിശ്വാസമില്ലാത്തവരാണ് ഇത്തരം സമരങ്ങൾ നടത്തുക. ഒരോ തവണയും ഇത്തരം സമരങ്ങൾ നടത്തി സന്പൂർണ്ണ വിജയമാണെന്ന് പ്രഖ്യാപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളോട് അതുകൊണ്ട് തന്നെ തോന്നുന്നത് പരമ പുച്ഛം മാത്രം. തനിയെ ഒരു കിലോമീറ്റർ പോലും നടക്കാൻ ധൈര്യമില്ലാത്തവരാണ് ന്യൂസ് റൂമുകളിൽ മണിക്കൂറുകളോളം ഗീർവാണം വിടുന്ന ജനകീയ രാഷ്ട്രീയ നേതാക്കളെന്ന് ഇതിനിടെ മുന്പ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. എന്തായാലും ഹർത്തലുകൾ പോലെയുള്ള സമരങ്ങൾ വിജയിക്കുന്നത് വിഷയത്തോടുള്ള ആഭിമുഖ്യം കാരണമല്ലെന്നും, ജീവിക്കാനുള്ള കൊതി കൊണ്ടാണെന്നും, രാഷ്ട്രീയക്കാർ മനസ്സിലാക്കിയാൽ നന്ന്.