ഒന്നി­നൊ­മൊ­രു­ രൂ­പമി­ല്ലാ­തെ­...


പ്രദീപ് പുറവങ്കര 

നോട്ട് പിൻവലിക്കൽ നടപടി അന്പത് ദിവസം പൂർത്തിയാക്കുന്പോൾ കറൻസി രഹിത സമൂഹം ഇന്ത്യാമഹാരാജ്യത്ത് പെട്ടന്ന് ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നത് അബദ്ധമാണെന്ന കാര്യം സർക്കാറിനും ജനങ്ങൾക്കും ഒരുപോലെ ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം മിക്ക സാന്പത്തിക മേഖലകളും മാന്ദ്യത്തിലാവുകയും ചെയ്തിട്ടുണ്ട്. അസംഘടിത മേഖലയിലും വലിയ തകർച്ചകൾ ഉണ്ടായിട്ടുണ്ട്. ഇതോടൊപ്പം ബാങ്കിംഗ് സംവിധാനങ്ങളുടെ പ്രവർത്തനങ്ങളും താറുമാറായിട്ടുണ്ട്.

കള്ളപ്പണക്കാരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, നിഷ്പക്ഷമതികളായവർ പോലും സഹകരിച്ച നടപടി പക്ഷെ⊇ സാധാരണക്കാരെ സാന്പത്തിക ദുരിതത്തിലാക്കിയിട്ടുണ്ടെന്നത് യാത്ഥാർത്ഥ്യമാണ്. ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം കാർഷിക കടാശ്വാസ പ്രഖ്യാപനങ്ങൾ നടത്തിയും, കുറഞ്ഞ പലിശ നിരക്കിൽ ഭവനവായ്പകൾ പ്രഖ്യാപിച്ചും രാജ്യത്തോട് സംസാരിച്ച പ്രധാനമന്ത്രി സത്യത്തിൽ ചെയ്തത് ഇരുട്ട് കൊണ്ട് ഓട്ടയടക്കൽ തന്നെയാണ്. അതിരൂക്ഷമായി തുടരുന്ന നോട്ട് ക്ഷാമത്തെ പറ്റി ഒന്നും പറയാൻ അദ്ദേഹത്തിന് തോന്നിയില്ല എന്നത് ഖേദകരം. ചുരുക്കത്തിൽ സ്ഥിതി നിയന്ത്രണ വിധേയമല്ലെന്ന് പറയാതെ പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ഇനി എത്രനാൾ കൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കപ്പെടും എന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഒന്നിനുമൊരു രൂപമില്ലാത്ത അവസ്ഥയിൽ ഈ അനിശ്ചിതത്വം തുടരുമെന്നുറുപ്പ്. ഈ ഒരു നീക്കം കാരണം എത്രത്തോളം കള്ളപ്പണം കണ്ടെത്താനോ ഇല്ലാതാക്കാനോ കഴിഞ്ഞുവെന്നതിന്റെ കണക്കും സർക്കാറിന് നൽകാൻ സാധിച്ചിട്ടില്ല. കറൻസിയില്ലാത്ത സാന്പത്തിക വ്യവസ്ഥയിലേയ്ക്ക് മാറണമെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച നീക്കം അതിസങ്കീർണ്ണമായ സാന്പത്തിക പ്രശ്നമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സാന്പത്തിക വിദഗ്ദ്ധർ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. പ്രത്യാഘാതങ്ങൾ വരാൻ ഇരിക്കുന്നതേയുള്ളുവെന്ന് അവർ മുന്നറിയിപ്പുകൾ നൽകുന്നു. 

അന്പത് ദിവസം കൊണ്ട് ഏകദേശം 1.70 കോടി ആളുകൾ മാത്രമാണ് ഡിജിറ്റൽ ഇടപാടുകളിലേയ്ക്ക് തിരിഞ്ഞത്. അപ്പോൾ തന്നെ ഇ പെയ്മെന്റ് സംവിധാനം തകരാറിലാകുന്ന വാർത്തകളും പുറത്ത് വരുന്നു. ഇടപാടുകാരുടെ എണ്ണത്തിന് അനുസരിച്ച് സെർവർ ശേഷി വർദ്ധിപ്പിക്കാത്തതാണ് ഇതിന് കാരണമാകുന്നത്. ഓൺലൈൻ വാലറ്റുകൾ ഉപയോഗിച്ച് പോലും പണമടയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഉത്തരവാദപ്പെട്ട സർക്കാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ഈ ഒരു വിഷയത്തിൽ ശ്രീ. നരേന്ദ്ര മോഡി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നുറപ്പ്.

You might also like

Most Viewed