ലോകാഃ സമസ്താഃ സുഖിനോ ഭവന്തു


പ്രദീപ് പുറവങ്കര 

പതിവുപോലെ നാളെ മുതൽ നമ്മുടെ ചുമരുകളിൽ 2017ന്റെ പുതിയ കലണ്ടർ തൂങ്ങും. ഒരു രാത്രി മാറി മറിയുന്പോൾ, പുതിയ പുലരി ജനിക്കുന്പോൾ അതിനു മുകളിൽ ഒരു ദിവസത്തിന്റെ പേര് ചാർത്തി, അതിനെ ഒരു തീയതിയാക്കി മാറ്റി നമ്മൾ മനുഷ്യർ ഇങ്ങിനെ കണക്കെടുക്കുന്നു. സത്യത്തിൽ കണക്കെടുക്കുന്നത് സ്വന്തം ആയുസ്സിന്റെ വലിപ്പത്തെ കുറിച്ചാണെന്ന് ആരും ഓർക്കാറില്ലെന്ന് മാത്രം. എന്റെ സമയവും തീരാറായി എന്നു ഓർമ്മിപ്പിക്കുന്ന ആഘോഷദിനങ്ങൾ.⊇ വ്യക്തിപരമായും, തൊഴിൽപരമായും, ഒരു സമൂഹ ജീവിയെന്ന നിലയിലും നമുക്കോരോരുത്തർക്കും ഇത്തരം കാലഗണനകൾ തങ്ങളെ പറ്റി തന്നെ ഒന്നു വിലയിരുത്താൻ ഒരവസരം നൽകുന്നുണ്ട്. കണക്ക് പുസ്തകത്തിൽ ചാർത്തി കിട്ടുന്ന ലാഭവും നഷ്ടവും ഒരോരുത്തരുടെയും കാഴ്ച്ചപ്പാടിന് അനുസരിച്ച് മാറിയേക്കാമെങ്കിലും തിരുത്തലുകൾ നടത്താൻ ഈ ദിനങ്ങൾ പ്രേരിപ്പിക്കുന്നു.

അതേസമയം രാവും പകലുമൊന്നുമറിയാതെയും, പുതിയ വർഷമെന്തെന്ന് അറിയാതെയും ജീവിതം ചൂളയിൽ ഉരുക്കുന്നവരും ധാരാളം ഉണ്ടാക്കും. മക്കൾക്ക് ചിറകുകൾ മുളച്ചപ്പോൾ, അതിന് വേണ്ടി ആയുസ്സ് കളഞ്ഞവരെ വൃദ്ധസദനങ്ങളിലോ, അന്പല നടകളിലോ കൊണ്ടു ചെന്ന് തള്ളുന്ന വാർത്തകൾ കഴിഞ്ഞ വർഷവും നമ്മൾ കേട്ടും വായിച്ചും ധാരാളം⊇ അറിഞ്ഞു. വലിച്ചെറിയപ്പെടുന്നതിന് മുന്പ് മക്കളെ കണ്ട ആ ദിവസമായിരിക്കും അവരുടെ അവസാന കലണ്ടർ ദിനം. അവിടെ അവരുടെ ഓർമ്മകൾ നിലയ്ക്കുന്നു. ചുക്കിചുളിഞ്ഞ്, ആർക്കും മനസ്സിലാകാത്ത ഭാഷയിൽ, രോഗങ്ങൾ തളർത്തിയിട്ട ശരീരങ്ങളായി ഇവർ മാറുന്പോഴും, എപ്പോഴെങ്കിലും ഒരു രാത്രി പുലരുന്പോൾ തങ്ങൾ ഓമനിച്ച്, ലാളിച്ച് വളർത്തിയ മക്കൾ തങ്ങളെ തിരികെ കൊണ്ടുപോകാൻ എത്തുമെന്ന വിശ്വാസം മാത്രമായിരിക്കും അവരുടെ ആശ്വാസം. ഇവരുടെ മുന്പിൽ കലണ്ടർ താളുകൾ ഉണ്ടാകില്ല. ഉണ്ടാകുന്നത് കേവലം രാവും പകലും മാത്രം. മരണവിളിയും കാത്തുള്ള കാത്തിരിപ്പുകൾ മാത്രം. ഇങ്ങിനെ നിസ്സഹായതയുടെ ലോകത്ത് പെട്ടു പോയ എത്രയോ മനുഷ്യർക്ക് നമ്മെ പോലെ വൈക്കീട്ടെന്താ പരിപാടി എന്ന് ചോദിക്കാത്ത ഒരു സാധാരണ രാവായിരിക്കും ഇന്ന് കടന്ന് പോകുന്നത്. ഇവിടെ കലണ്ടർ താളുകൾക്ക് പ്രസക്തി നഷ്ടപ്പെടുന്നു.

മാധ്യമ പ്രവർത്തകൻ ആയത് കൊണ്ട് തന്നെ കാണാൻ ആഗ്രഹിക്കാത്ത എത്രയോ ചിത്രങ്ങൾ 2016ലും വ്യക്തിപരമായി കാണാനുള്ള ദുര്യോഗം ഉണ്ടായി. എഡിറ്റ് ചെയ്ത് അവയിൽ ഏറെയും മാറ്റിയതിന് ശേഷമാണ് വായനക്കാർക്ക് മുന്പിൽ കരളലയിപ്പിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് ചിലതെങ്കിലും ഞങ്ങൾ എത്തിക്കാറുള്ളത്. അതേസമയം പലപ്പോഴും ആ ഭീകര ചിത്രങ്ങൾ കുറേ നേരം ഞാൻ നോക്കിയിരിക്കാറുണ്ട്. മരണത്തിനോടുള്ള സ്നേഹം കൊണ്ടല്ല, ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട്. 

പ്രകൃതി ദുരന്തം, യുദ്ധങ്ങൾ, പകർച്ചവ്യാധികൾ ഇതൊന്നും അനുഭവിക്കാൻ ഇതുവരെ യോഗമില്ലാത്തതുകൊണ്ട് തന്നെ നമുക്ക് ഇപ്പോഴും വാങ്ങി കൂട്ടാം, രാവും പകലുമറിയാൻ കലണ്ടറുകൾ, അച്ചടി മണം മാറാത്ത ഡയറികൂട്ടങ്ങൾ...!

ഏവർക്കും നവവർഷത്തിൽ നല്ലത് സംഭവിക്കട്ടെ എന്നു മാത്രം ആഗ്രഹിച്ചു കൊണ്ട് ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.

You might also like

Most Viewed