മേരെ പ്യാരെ ദേശ് വാസിയോം..
പ്രദീപ് പുറവങ്കര
ഇനി ഒരു ദിനം കൂടി കഴിയുന്പോൾ 2016ൽ ഇന്ത്യ കണ്ട ഏറ്റവും വലിയ തീരുമാനമായ നോട്ട് പിൻവലിക്കൽ നടപടിയുടെ ഭാവി എന്താകുമെന്ന ആകാംഷയിലാണ് കോടികണക്കിന് ജനങ്ങൾ. പൂർണ്ണമായും പരാജയമെന്ന് വിളിക്കാൻ സാധിക്കില്ലെങ്കിലും പദ്ധതി നടപ്പിലാക്കുന്നതിൽ കാണിച്ച ജാഗ്രതാ കുറവ് കള്ളപ്പണക്കാർക്കൊപ്പം സാധാരണ ജനങ്ങളെയും വല്ലാതെ ബാധിച്ചു എന്നത് യാഥാർത്ഥ്യമാണ്. എങ്കിലും രാജ്യത്തിന്റെ പൊതുനൻമയ്ക്ക് ഈ ഒരു ബുദ്ധിമുട്ട് സഹിക്കാൻ നിഷ്പക്ഷമതികൾ പോലും തയ്യാറായി എന്നത് മാത്രം.
നവംബർ എട്ടിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോഡി ഈ പ്രഖ്യാപനം നടത്തിയപ്പോൾ അന്പത് ദിവസത്തെ സാവകാശമാണ് ചോദിച്ചത്. ആ കാലാവധി തീരുന്ന നാളെ അദ്ദേഹം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ആ ഒരു അറിയിപ്പിനായിട്ടാണ് ഇനി ഇന്ത്യ കാതോർക്കുന്നത്. മേരെ പ്യാരെ ദേശ് വാസിയോം എന്നു തുടങ്ങി അദ്ദേഹം ആരംഭിക്കാനിരിക്കുന്ന പ്രസംഗം ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ദരിദ്ര നാരായണൻമാരെ കൂടി കണക്കിലെടുത്താകുമെന്ന് മിക്കവരും ആഗ്രഹിക്കുന്നു.
ടാക്സ് വ്യവസ്ഥകളിൽ ഇളവുകൾ നൽകിയും, ഇന്ധന വിലയിൽ നിരക്ക് കുറച്ചും, സാധാരണക്കാർക്ക് വേണ്ടി പുതിയ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചും മോഡി താൻ സൃഷ്ടിച്ചിരിക്കുന്ന പ്രഖ്യാപനത്തെ ന്യായീകരിക്കുമെന്ന് നമുക്ക് കരുതാം. അതല്ലെങ്കിൽ യാചകനായ ഒരാൾ രാജാവായ കഥ ഓർക്കേണ്ടി വരും. അതിങ്ങനെയാണ്.
ഒരു രാജ്യത്ത് രാജാവിന് അനന്താരാവാകാശികൾ ഉണ്ടായിരുന്നില്ല. ഇതു കാരണം താൻ മരിച്ചു കഴിഞ്ഞാൽ കൊട്ടാരത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ ആളെ രാജാവാക്കണമെന്ന് അദ്ദേഹം തന്റെ ഉദ്യോഗസ്ഥൻമാരോട് ചട്ടം കെട്ടിയിരുന്നു. ഇതു പ്രകാരം രാജാവിന്റെ മരണശേഷം ഭിക്ഷാപാത്രവുമായി വന്ന ഒരു യാചകനെ അവർ രാജാവായി വാഴിച്ചു. അധികാരത്തിലേറിയത് മുതൽ രാജ്യത്തെ ജനങ്ങൾക്ക് വയറ് നിറയെ സൗജന്യ ഭക്ഷണം നൽകാൻ അദ്ദേഹം ഉത്തരവിട്ടു. പ്രത്യേകിച്ച് ജോലിയൊന്നും ചെയ്തില്ലെങ്കിലും ഭക്ഷണം കിട്ടുമെന്നായപ്പോൾ ജനം സ്വാഭാവികമായും മടിയൻമാരായി. ആ നേരത്ത് ശത്രുക്കൾ രാജ്യത്തെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ യാചകരാജാവ് എല്ലാവരോടും കൂടുതൽ ഭക്ഷണം കഴിക്കാനാണ് ആവശ്യപ്പെട്ടത്. ഒടുവിൽ ശത്രു രാജകൊട്ടാരത്തിൽ കയറി തന്നെ കീഴടക്കും എന്ന ഘട്ടമെത്തിയപ്പോൾ യാചക രാജാവ് താൻ സൂക്ഷിച്ച് വെച്ചിരുന്ന പഴയ ഭിക്ഷാ പാത്രമെടുത്ത് ഒന്നും സംഭവിക്കാത്തത് പോലെ സിംഹാസാനം ഉപേക്ഷിച്ചു നടന്നു നീങ്ങി. മോഡി അത്തരമൊരു യാചക രാജാവാകില്ലെന്ന വിശ്വാസത്തോടെ...