പ്രിയ ബാബുവേട്ടന് വിട
പ്രദീപ് പുറവങ്കര
കാലത്തിന്റെ കണക്ക് പുസ്തകത്തിലെ ഒരു താൾ കൂടി മാറി മറയാൻ ഒരുങ്ങുന്ന നേരത്ത് ഫോർ പിഎം ന്യൂസിന്, അതിന്റെ ജീവനക്കാർക്ക്, മാനേജ്മെന്റിന്, വ്യക്തിപരമായി എനിക്ക് ഒരിക്കലും നികത്താൻ സാധിക്കാത്ത ഒരു നഷ്ടം കൂടി സംഭവിച്ചിരിക്കുന്നു. ഞങ്ങളുടെ മാനേജ്മെന്റ് ബോർഡ് അംഗവും കേരളത്തിലെ തന്നെ മുതിർന്ന പത്രപ്രവർത്തകനുമായ ശ്രീ. ബി.സി ബാബു കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതനായതാണ് ആ നഷ്ടം.
സ്വതന്ത്രമാധ്യമപ്രവർത്തനം ഒരളവുവരെ നടത്തി വിജയിപ്പിക്കാൻ ഫോർ പിഎം ന്യൂസിനെ സഹായിച്ചത് ഗുരുസ്ഥാനീയനായിരുന്ന ശ്രീ ബാബുവിന്റെ നിർദ്ദേശങ്ങളും ചിന്തകളുമായിരുന്നു. ഫോർ പിഎം ആരംഭിച്ചത് മുതൽ എല്ലാ ദിവസവും എവിടെയാണെങ്കിലും ഉച്ചയാകുന്പോഴേക്കും ഇന്നെന്തായിരിക്കണം പത്രത്തിന്റെ ആദ്യ പേജിലെ ലീഡ് എന്നു നിർദ്ദേശിക്കാൻ ഇനി ഞങ്ങൾക്ക് ബാബുവേട്ടൻ ഉണ്ടാകില്ലെന്നത് ഫോർ പിഎമ്മിലെ ഓരോ ജീവനക്കാരെയും സംബന്ധിച്ച് വലിയൊരു ശൂന്യതയായി കുറച്ചു കാലം തുടരുമെന്നത് ഉറപ്പ്. കാരണം അദ്ദേഹം നിർദ്ദേശിച്ചിരുന്ന ലീഡ് വാർത്തകളായിരുന്നു മിക്കപ്പോഴും മുത്തശ്ശി പത്രങ്ങൾ വരെ പിറ്റേന്ന് പ്രധാന വാർത്തയാക്കിയിരുന്നത്. വാർത്തകൾ കണ്ടെത്താനുള്ള ആ ജാഗ്രതയും കണിശതയും ഞങ്ങളെ അതുകൊണ്ട് തന്നെ എന്നും അതിശയിപ്പിച്ചിരുന്നു.
വളരെ ചെറുപ്പം മുതൽ തന്നെ വാർത്തകളുടെ ലോകം അദ്ദേഹത്തെ ആകർഷിച്ചിരുന്നു. കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലേറ്റസ്റ്റ് പത്രത്തിൽ 1984 മുതൽ ആരംഭിച്ച പത്രപ്രവർത്തനം പിന്നീട് മലബാറിലുള്ള പ്രാദേശിക പത്രപ്രവർത്തകരുടെ ഇടയിൽ ഏറ്റവും ശ്രദ്ധേയമായി മാറുകയായിരുന്നു. അക്ഷര നഭസിൽ തന്റെ തൂലിക കൊണ്ട് മുന്നേറുന്നതിനോടൊപ്പം മികച്ച വാഗ്മി കൂടി ആയി മാറാൻ അദ്ദേഹത്തിന് സാധിച്ചു. ഉറച്ച കോൺഗ്രസ്സുകാരനും മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ കാസർഗോഡ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട സഹപ്രവർത്തകനും കൂടിയായിരുന്ന ശ്രീ. ബി.സി ബാബു പക്ഷെ ഒരിക്കൽ പോലും അദ്ദേഹത്തിന്റെ രാഷ്ട്രീയം വായനക്കാർക്ക് മുകളിൽ അടിച്ചേൽപ്പിച്ചിരുന്നില്ല.
3 പതിറ്റാണ്ടോളം നീണ്ട അദ്ദേഹത്തിന്റെ പത്രവർത്തന ജീവിതം സാർത്ഥകമാക്കി കൊണ്ടാണ് അദ്ദേഹം പോകുന്നത്. എങ്കിലും അനവസരത്തിലുള്ള ഈ വിടവാങ്ങൽ ഞങ്ങളെ ഏറെ ദുഃഖിപ്പിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട ബാബുവേട്ടന്റ ഓർമ്മകൾക്ക് മുന്പിൽ ഈ അനുജന്റെ ബാഷ്പാഞ്ജലി.