ചിരി മറക്കുമ്പോൾ...
പ്രദീപ് പുറവങ്കര
ഒരുവർഷം കൂടി നമ്മുടെ ജീവിതത്തിൽ നിന്ന് പടിയിറങ്ങാൻ പോകുന്പോൾ ഈ ദിവസങ്ങളിൽ ഏറ്റവുമധികം പേർ ചോദിക്കുന്ന ഒരു ചോദ്യമായിരിക്കും, വൈകീട്ടെന്താ പരിപാടിയെന്ന്. പരസ്പരം ആശംസകൾ നേർന്ന് അടിച്ചുപൊളിക്കാനും, സൗഹാർദ്ദങ്ങളുടെ ലഹരി പടർത്താനും, പുതിയ നല്ല തീരുമാനങ്ങളെടുക്കാൻ പോകുന്നതിന് മുന്പായുള്ള കലാശകൊട്ടും ഒക്കെയായുള്ള ഒരു പുതുവത്സര രാവായിരിക്കും ഭൂരിഭാഗം പേരും പദ്ധതിയിട്ടിരിക്കുന്നത്. കലണ്ടർ എന്ന കാലമാപിനിയിൽ വിശ്വസിക്കുന്നവർക്കാണ് ഇത്തരം ആഘോഷങ്ങളിൽ മുഴുകാൻ സാധിക്കുക. എന്നാൽ ജീവിതത്തിൽ ഇതിനൊന്നും നേരമില്ലാത്തവരും നമ്മുടെ ഇടയിൽ ധാരാളമുണ്ട് എന്ന് ഇടയ്ക്കെങ്കിലും ഓർക്കണം. എന്താണ് കലണ്ടർ എന്നു പോലും അറിയാത്തവരും ഇതിൽ ധാരാളം കാണും.
ഓരോ വർഷത്തിന്റെയും ഒടുവിൽ എന്നും പറയുന്നത് പോലെ ശാന്തിയുടെയും സമാധാനത്തിന്റെയും ആശംസകൾ ആഘോഷപൂർണ്ണമായി കൈമാറ്റം ചെയ്യുന്നതിലൂടെ ഈ ലോകം മാറിയിരുന്നെങ്കിൽ എത്ര നന്നായിരുന്നുവെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. അതുകൊണ്ട് തന്നെ അങ്ങിനെയൊരു ആശംസ നേരാൻ എന്തോ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതിന് പകരം ചിലരെ മനസ്സറിഞ്ഞ് ശപിക്കാനാണ് തോന്നുന്നത്. നുണകളിലൂടെയും, യുദ്ധങ്ങളിലൂടെയും, ഉപരോധങ്ങളിലൂടെയും, ലക്ഷക്കണക്കിന് നിരപരാധികളെ, കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഏകാധിപതികൾക്കും, ചോരകോണ്ട് ഭൂമിയെ അഭിഷേകം ചെയ്യുന്ന യുദ്ധവെറിയന്മാർക്കും, മനുഷ്യമനസ്സുകളെ പാപപങ്കിലമാക്കുന്ന മതഭ്രാന്തൻമാർക്കുമാണ് എന്റെ ഹൃദയത്തിൽ നിന്നുള്ള ആ നവവർഷ ശാപങ്ങൾ. ഇവർ എവിടെയാണെങ്കിലും വരും വർഷങ്ങളിലെങ്കിലും നശിച്ചു പോകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
കഴിഞ്ഞ ദിവസം കേരളത്തിലെ പല ജില്ലകളിലൂടെ യാത്ര ചെയ്തപ്പോൾ വഴി നീളെ പുതുവത്സരാശംസകളുടെ ബോർഡുകൾ കണ്ടു. അതിന്റെ അരികിലൂടെ ചിരിക്കാതെ മസിൽ പിടിച്ചു നടന്നു പോകുന്ന മനുഷ്യരും. ചിരിക്കാൻ മടിക്കുന്നവർ ഏറുന്ന ഈ ലോകത്ത് ആശംസകളുടെ പ്രസക്തി എന്തെന്ന ചിന്തയോടെ...