സമരമുഖത്തെ സിനിമകൾ...


പ്രദീപ് പുറവങ്കര

ഏതൊരു രംഗത്തും സമരം ഉണ്ടാവുന്നത് ഇന്ത്യ പോലെയുള്ള ജനാധിപത്യ രാജ്യത്ത് സ്വാഭാവികമായിരിക്കാം. എന്നാൽ ആ സമരം അനിശ്ചിതകാലത്തേയ്ക്ക് നീണ്ടുപോകുന്പോൾ അത് ബാധിക്കുന്നത് എത്രയോ കുടുംബങ്ങളെയാണ്. മലയാള സിനിമാ രംഗത്ത് ഇന്ന് അത്തരമൊരു പ്രതിസന്ധി ബാധിച്ചിരിക്കുകയാണ്. മലയാളത്തിലിറങ്ങുന്ന സിനിമകളാണ് ചിത്രം റിലീസ് ചെയ്യിക്കാതെ പെട്ടിയിൽ തന്നെ പെട്ടുപോയിരിക്കുന്നത്. കേരള സർക്കാർ എത്രയും വേഗം പരിഹരിക്കേണ്ട സമരമാണിത് എന്നതിൽ യാതൊരു തർക്കവുമില്ല. 

തീയറ്റർ ഉടമകൾ, വിതരണക്കാർ, നിർമ്മാതക്കൾ എന്നിവരാണ് പ്രധാനമായും ഈ സമരത്തിന്റെ പേരിൽ ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നത്. സിനിമ ഒരു കലാരൂപമാണെങ്കിൽ തന്നെയും ആത്യന്തികമായി അതു ഇന്ന് ഒരു വ്യവസായമാണ്. കോടികണക്കിന് രൂപയുടെ വരുമാനമാണ് മലയാള സിനിമ വ്യവസായത്തിലൂടെ കേരളത്തിലെ ലക്ഷോപലക്ഷം ആളുകളുടെ കൈവശമെത്തുന്നത്. അതിൽ പൊരിവെയിലത്ത് അഭ്രപാളിയിലെ സൂപ്പർ സ്റ്റാറിന് കുടപിടിച്ചു കൊടുക്കുന്നവൻ മുതൽ മണിക്കൂറുകൾക്ക് കോടി കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന താരങ്ങൾ വരെ ഉൾപ്പെടുന്നു. ഇതോടൊപ്പം ഓരോ സിനിമകൾ ഇറങ്ങുന്പോഴും തങ്ങളുടെ പോക്കറ്റിൽ നിന്ന് പണം ചിലവാക്കി അത് കാണാൻ പോകുന്ന കാണികളെയും സമരക്കാർ കണക്കാക്കേണ്ടതുണ്ട്. 

എല്ലാം ഓൺലൈനിലാകുന്ന കാലത്ത് ഇന്റർനെറ്റിന്റെ സഹായത്തോടെ യൂട്യൂബോ മറ്റ് ഏതെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെയോ സിനിമകൾ വൈഡ് റിലീസ് ചെയ്യപ്പെടാനുള്ള സാധ്യത ഇത്തരം സമരങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്. അതോടെ തീയറ്ററിൽ പോയി സിനിമ കാണുകയെന്ന സാദാ മലയാളിയുടെ വികാരം തന്നെ മാറിമറിഞ്ഞേക്കാം. എത്രയോ പഴയ തീയറ്ററുകൾ ഇന്ന് കാടും പടലും പിടിച്ച് അനാഥമായി കിടക്കുന്നത് നമ്മുടെ മുന്പിലെ ജീവിക്കുന്ന തെളിവാണ്. മൾട്ടിപ്ലക്സുകളായാലും, അതിനപ്പുറത്തുള്ളതായാലും, കാണികൾക്ക് കുറേകാലം അതുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നാൽ ആളില്ലാതെ സിനിമകൾ കാണിക്കേണ്ട അവസ്ഥയിലാകും ഇന്നത്തെ സമരക്കാരും, ബന്ധപ്പെട്ടവരും. അത്തരമൊരു സ്ഥിതി ഉണ്ടാകാതിരിക്കട്ടെ. സംസ്ഥാന സർക്കാറിന്റെ ഇടപ്പെടൽ ഇക്കാര്യത്തിൽ എത്രയും പെട്ടന്നു ഉണ്ടാകുമെന്ന പ്രതീക്ഷയോടെ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed