ചിരിക്കേണ്ടത് മനുഷ്യർ... പ്രദീപ് പുറവങ്കര
വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. തന്റെ ജനങ്ങൾക്ക് വേണ്ടി കുരിശിൽ തറയ്ക്കപ്പെടാൻ തയ്യാറായ യേശുദേവന്റെ പിറന്നാൾ ആഘോഷിക്കുന്പോഴും സാധാരണ മനുഷ്യരുടെ മനസ് വേദനിപ്പിക്കുന്ന എത്രയോ കാര്യങ്ങൾ നമ്മുടെ മുന്പിൽ അരങ്ങേറുന്നു. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്ക് വെച്ചു, മനസ് പങ്ക് വെച്ചു എന്ന വയലാർ രാമവർമ്മ എഴുതിയ വരികൾ ഓർമ്മ വരേണ്ട കാലം കൂടിയാണിത്.
ഇന്ന് നമ്മളിൽ എത്ര പേർക്ക് ഇങ്ങിനെ എഴുതാനുള്ള ധൈര്യം ഉണ്ടാകുമെന്ന് പോലും അറിയില്ല. കാരണം മനുഷ്യൻ ഏറ്റവുമധികം ഇന്ന് ചർച്ച ചെയ്യുന്നത് അവനുണ്ടാക്കിയെടുത്ത മതങ്ങളെ പറ്റിയും ദൈവങ്ങളെ പറ്റിയുമാണ്. അങ്ങിനെ വരുന്പോൾ ഈശ്വരൻ സൃഷ്ടിച്ച പാവം മനുഷ്യൻ തികച്ചും തനിയെ ആയി പോകുന്നു. ഉറങ്ങാത്ത നേരത്തൊക്കെ നമ്മൾ കേൾക്കുന്നത് മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളുടെയും, കൊലപാതകങ്ങളുടെയും വാർത്തകളാണ്. ഉറങ്ങുന്ന നേരത്ത് കാണുന്നത് ദുഃസ്വപ്നങ്ങളും.
ദൈവം സ്നേഹമാണെന്ന് പറയുന്നവരാണ് മിക്ക മതങ്ങളുടെ ആചാര്യൻമാരും. പക്ഷെ ചൂണ്ടികാണിക്കുന്ന ദൈവത്തിന്റെ കൂടെയല്ലാത്തവർ ശിക്ഷിക്കപ്പെടുമെന്നും അവർ പറയുന്നു. അത് സത്യത്തിൽ സ്വാർത്ഥതയല്ലെ. എന്തുകൊണ്ടാണ് നിന്റെ ദൈവം എന്റെ ദൈവത്തിന്റെ ശത്രുവാണെന്ന് പറയാതെ പലരും പറയുന്നത്. ദൈവം നമ്മോടു കൂടി ഉണ്ടാകുമെന്ന് പറയുന്പോൾ തന്നെ ദൈവത്തെ തേടി പോകണമെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. ഇങ്ങിനെ ദൈവസങ്കൽപ്പത്തെ കുറിച്ച് നിരവധി ചോദ്യങ്ങൾ കൊണ്ടുനടക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. ഇതിന്റെ ഉത്തരങ്ങൾ സ്വയം തേടുന്പോഴാണ് ജീവിതത്തിൽ അർത്ഥമുണ്ടാകുന്നത്.
കൂടി പോയാൽ നൂറ് വർഷം ഭൂമിയിൽ ജീവിക്കാൻ സാധ്യതയുള്ള ഒരു സാധാരണ ജീവിയാണ് മനുഷ്യൻ. ആ ജീവിതത്തിൽ ഒരിക്കൽ പോലും പോയിമറഞ്ഞ കാലം നമുക്ക് തിരിക കോണ്ടു വരാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ മാനവസ്നേഹത്തിന്റെ മഹത്തായ സന്ദേശം മനുഷ്യകുലത്തിനാകെ നൽകിയ യേശുദേവന്റെ ഈ ജന്മനാളിൽ നമ്മൾ ഓർക്കേണ്ടത് വയലാറിന്റെ മറ്റൊരു വരികൾ കൂടിയാണ്..
‘‘ഹിന്ദുവായി, മുസൽമാനായി, ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയാതായി, ആയിരമായിരം മാനവ ഹൃദയങ്ങൾ ആയുധപ്പുരകളായി. സത്യമെവിടെ, സൗന്ദര്യമെവിടെ, സ്വാതന്ത്ര്യമെവിടെ, നമ്മുടെ രക്ത ബന്ധങ്ങളെവിടെ?
മനുഷ്യൻ തെരുവിൽ മരിക്കുന്നു... മതങ്ങൾ ചിരിക്കുന്നു’’
ഏവർക്കും നന്മ നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...