ഗാരന്‍റി വാക്കിൽ മാത്രം പോരാ...


പ്രദീപ് പുറവങ്കര

പ്രവാസലോകത്തിന് വലിയ പ്രതീക്ഷകൾ‍ നൽ‍കി കൊണ്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ‍ ദുബായിൽ‍ നിന്ന് നാട്ടിലേയ്ക്ക് തിരികെ പോകുന്നത്. കേരളത്തിൽ‍ നിക്ഷേപം നടത്തുവാൻ‍ ഉദ്ദേശിക്കുന്ന പ്രവാസികൾ‍ക്ക് വാക്കാലുള്ള സർ‍ക്കാർ‍ ഗാരന്‍റിയെങ്കിലും നൽ‍കുമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം കേവലം കൈയടി നേടാനുള്ളതായിരിക്കില്ലെന്ന് കരുതാം. പുതിയ വ്യവസായ നയവും, ഏകജാലക സംവിധാനവും, ഓൺ‍ലൈൻ‍ ക്രമീകരണങ്ങളും ഇതോടൊപ്പം ത്വരിതഗതിയിൽ‍ പൂർ‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അഞ്ചുവർ‍ഷം കൊണ്ട് അന്പതിനായിരം കോടി രൂപ സമാഹരിക്കാൻ‍ ആരംഭിച്ചിരിക്കുന്ന കിഫ്ബിയിലേയ്ക്കും പ്രവാസികളുടെ നിക്ഷേപം അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്പ് പല തവണ സർ‍ക്കാർ‍ മുൻ‍കൈയെടുത്ത് നമ്മുടെ നാട്ടിൽ‍ കൊണ്ടുവരേണ്ട പ്രവാസ നിക്ഷേപത്തെ പറ്റിയും, അതിന് വേണ്ട പദ്ധതികളെ പറ്റിയും തോന്ന്യാക്ഷരത്തിലൂടെ തന്നെ എഴുതിയിട്ടുണ്ട്. ആ രീതിയിൽ‍ ക്രിയാത്മകമായി ആ നിക്ഷേപങ്ങൾ‍ നാടിന്റെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കുന്നതിനോടൊപ്പം നിക്ഷേപകർ‍ക്ക് നല്ലൊരു വരുമാനം തിരികെ നൽ‍കാനുള്ള മാർ‍ഗ്ഗങ്ങളും സർ‍ക്കാർ‍ കണ്ടെത്തുന്നത് ഏറെ നല്ല കാര്യം തന്നെയാണ്. പക്ഷെ അതേസമയം ചൂടുവെള്ളത്തിൽ‍ വീണ പൂച്ചയുടെ അനുഭവമുള്ളവരാണ് പ്രവാസലോകത്തെ മിക്ക നിക്ഷേപകരും എന്ന കാര്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സർ‍ക്കാരും ഓർ‍മ്മിക്കേണ്ടതാണ്. ഗവൺ‍മെന്റ് തലത്തിൽ‍ മാത്രമല്ല, ഇവിടെയുള്ളവർ‍ പറ്റിക്കപ്പെട്ടിട്ടുള്ളത്.  സ്വകാര്യമേഖലയിൽ‍ നിക്ഷേപിച്ച ആയിരക്കണക്കിന് പേർ‍ അവരുടെ ജീവിതത്തിലെ മുഴുവൻ‍ സന്പാദ്യവും ഇങ്ങിനെ തുലച്ച എത്രയോ ചരിത്രങ്ങൾ‍ മണലാരണ്യങ്ങൾ‍ക്ക് പറയാനുണ്ട്. ഇല്ലാത്ത ഫ്ളാറ്റ് വല്ലാത്ത വില കൊടുത്തു വാങ്ങിയും, കോടിക്കണക്കിന് രൂപയുടെ വരുമാനുമുള്ള കച്ചവട സ്ഥാപനങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ച് അതിൽ‍ പാർ‍ട്ടണറാക്കിയും, ചാനലുകളിൽ‍ ഷെയർ‍ എടുപ്പിച്ചും പറ്റിക്കപ്പെട്ടവർ‍ ഏറെയാണിവിടെ. അതുകൊണ്ട്  കൈനീട്ടി നിക്ഷേപത്തെ വെറുതെ ക്ഷണിച്ചാൽ‍ പോരാ, മറിച്ച് നൽ‍കുന്ന പണമെങ്കിലും തിരികെ ലഭിക്കുമെന്ന വിശ്വാസവും, അതിന് തക്കതായ എന്തെങ്കിലും രേഖയോ, ബോണ്ടോ സർ‍ക്കാർ‍ നൽ‍കേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമായിരിക്കുകയാണ്. അതല്ലെങ്കിൽ‍ എന്നത്തെയും പോലെ പരസ്പരം പൊന്നാടയണിക്കാനും, മെമോന്റോ നൽ‍കാനുമുള്ള കേവലം ചടങ്ങായി കഴിഞ്ഞ ദിവസം നടന്നത് പോലെയുള്ള ബിസിനസ് മീറ്റുകൾ‍ മാറും. അനുഭവം അതാണ് നമ്മെ പഠിപ്പിക്കുന്നത്.

ഇങ്ങിനെ പറയുന്പോൾ‍ കേരളത്തിന്റെ മുൻ‍ മുഖ്യമന്ത്രി കെ.കരുണാകരനെ സ്മരിക്കാതിരിക്കാൻ‍ സാധിക്കില്ല. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഓർ‍മ്മ ദിവസം കൂടിയാണ് ഡിസംബർ‍ 23 എന്ന ഇന്ന്. അദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ‍ നിന്ന് വിടവാങ്ങിയിട്ട് ആറ് വർ‍ഷമാകുന്നു. കൊച്ചിൻ‍ വിമാനത്താവളം അദ്ദേഹത്തിന്റെ ദീർ‍ഘവീക്ഷണത്തിന്റെ അടയാളമായി പ്രവാസികളുടെ മുന്പിൽ‍ തലയുർ‍ത്തി നിൽ‍ക്കുന്നു. ആ പദ്ധതിയിൽ‍ നിക്ഷേപിച്ചവർ‍ക്കൊക്കെ ഇന്ന് തിരികെ ലഭിച്ചിരിക്കുന്നത് നിക്ഷേപതുകയെക്കാൾ‍ നല്ലൊരു വരുമാനമാണ്. ഇത്തരത്തിൽ‍ ഗാരന്‍റീഡ് ആയ നല്ല പദ്ധതികൾ‍ നമ്മുടെ നാട്ടിൽ‍ കൊണ്ടുവരാൻ‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സാധിക്കട്ടെ എന്നാഗ്രഹത്തോടെ... 

You might also like

Most Viewed