കൊതിപ്പിക്കുന്ന കൗമാരം... ഭയപ്പെടുത്തുന്നതും...

പ്രദീപ് പുറവങ്കര
കൗമാരം ഉത്സവത്തിന്റെ കാലമാണ്. എല്ലാത്തിനോടും എതിർക്കാനും, എന്ത് കിട്ടിയാലും ആസ്വദിക്കാനും മനസ് കൊതിക്കുന്ന ആർമാദ കാലം. ഈ ഒരു കാലത്തിൽ സഞ്ചരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ മിക്കവരുടെയും മുഖത്ത് പിരിമുറുക്കത്തിന്റെ ഒരു ലാഞ്ചന കാണാം. തങ്ങളുടെ ചിറകിനടയിൽ നിന്ന് വളർന്ന് വന്ന മക്കൾ പുതുക്കെ പതുക്കെ തന്റെ കുഞ്ഞ് ചിറകുകൾ വിടർത്തുവാൻ നടത്തുന്ന ശ്രമം പലപ്പോഴും അച്ഛനമ്മമാരെ ഭയപ്പെടുത്തുന്നു. തന്റെ കുഞ്ഞ് പറക്കുന്പോൾ വീണു പോകുമോ, അതോ കൂട്ടം തെറ്റി പറക്കുമോ എന്നു തുടങ്ങി നിരവധി ആശങ്കകൾ അവരെ വേട്ടയാടുന്നു. പ്രവാസലോകത്തും ഇതേ നിലപാട് തന്നെയാണ് മിക്ക രക്ഷിതാക്കൾക്കുമെന്നത് മാധ്യമപ്രവർത്തകൻ എന്ന നിലയിൽ പല തവണ നേരിട്ട് മനസിലാക്കിയതാണ്.
കഴിഞ്ഞ ദിവസം ഫോർ പിഎമ്മിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ച് അരങ്ങേറാനിരിക്കുന്ന കൗമാരക്കാരുടെ ഒരു പാർട്ടിയെ പറ്റി വാർത്ത നൽകിയപ്പോഴും ഇതേ വേവലാതി ഞങ്ങൾ ഒരിക്കൽ കൂടി മനസ്സിലാക്കി. വാർത്ത പുറത്ത് വന്നത് മുതൽ നിരവധി രക്ഷിതാക്കളാണ് ഞങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്. ബഹ്റിൻ എന്ന ഈ മനോഹരമായ രാജ്യത്തെ ഭരണാധികാരികൾ മുതിർന്നവർക്ക് ജീവിതം അവർക്കിഷ്ടമുള്ളത് പോലെ ആസ്വദിക്കാൻ മതിയായ സ്വാതന്ത്ര്യം നൽകിയിട്ടുള്ള സ്ഥലമാണ്. അതേസമയം കുട്ടികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളാണ് താനും. എന്നിട്ട് പോലും കർശ്ശനമായ പരിശോധനകളെ വരെ മറികടന്ന് കൗമാരപ്രായക്കാരെ അപകടകരമായ രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന നിരവധി ഗ്രൂപ്പുകൾ ഇപ്പോൾ ഇവിടെ സജീവമായി കൊണ്ടിരിക്കുകയാണ്.
ഇതുവരെ ആസ്വദിക്കാൻ പറ്റാത്ത ലഹരിയാണ് കൗമാരക്കാരെ ആകർഷിക്കാൻ ഇത്തരം പാർട്ടികളുടെ സംഘാടകർ ഒരുക്കുന്നത്. അതിൽ തന്നെ മിക്കവരും മദ്യമാണ് വിളന്പുന്നത്. അപൂർവ്വം ചിലർ അതിൽ കൂടിയതും ഓഫർ ചെയ്യുന്നു. ബാംഗ്ലൂരും, മുംബൈയും പോലെയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഇത്തരം പാർട്ടികൾ ഇന്ന് വളരെ സാധാരണമാണ്. പക്ഷെ പലപ്പോഴും അവിടെ പഠിച്ചു വളർന്ന കുട്ടികൾക്ക് ഇത്തരം സ്ഥലങ്ങളിൽ പോയാൽ തന്നെ വലിയ കെണികളിൽ വീഴാതെ തിരിച്ചു വരാൻ സാധിക്കുന്നു. പ്രവാസലോകത്ത് തന്നെ വളർന്നു വരുന്ന കുട്ടികൾക്ക് പക്ഷെ ഇത് സാധിക്കുന്നില്ല. അവർ സ്വയം ഉണ്ടാക്കി തീർത്ത വിർച്വൽ ലോകത്താണ് ഈ പാവം കുട്ടികൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഒന്നുകിൽ ഇത്തരം പരിപാടികൾക്ക് മക്കളെ വിടുന്നുണ്ടെങ്കിൽ വലിയ അപകടങ്ങളിൽ ചെന്ന് ചാടാതെ സൂക്ഷിക്കാൻ രക്ഷിതാക്കൾ പഠിപ്പിക്കുക, അല്ലെങ്കിൽ അവരുടെ ചുറ്റും കണ്ണു പതിപ്പിക്കുക. ജാഗ്രതൈ.