മിണ്ടാത്ത അഗ്നി പർവ്വതങ്ങൾ...

പ്രദീപ് പുറവങ്കര
പരസ്പരം മിണ്ടാതാകുന്ന ഒരു ജനതയുടെ പാത്രസൃഷ്ടി പതുക്കെയാണെങ്കിലും ജനാധിപത്യത്തിന്റെ മറവിൽ നമ്മുടെ നാട്ടിലും ഉണ്ടായികൊണ്ടിരിക്കുകയാണ്. ആരോടും എതിർപ്പൊന്നും കൂടാതെ യന്ത്രങ്ങളെ പോലെ ജോലി ചെയ്യാനും, അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന ധനം മേലാളന്‍മാർക്ക് യഥാസമയം എത്തിച്ചു കൊടുക്കാനും, അവർ പറയുന്നതെന്തും ശിരസാവഹിക്കാനുമൊക്കെ പതിയെ പതിയെ ശീലിച്ചു കൊണ്ടിരിക്കുന്ന കേവല അടിമകളായി ഒരു ജനത മാറി മറയുന്പോൾ എന്ത് പറയേണ്ടതെന്നറിയാതെ പരസ്പരം നോക്കി നിൽക്കാനേ നമ്മുടെ വിശ്വവിഖ്യാതരായ സാഹിത്യ, സാംസ്കാരിക പ്രമുഖർക്ക് പോലും സാധിക്കുന്നുള്ളൂ. അഥവാ പറഞ്ഞു പോയാൽ പിന്നെ ഉടലിന് മുകളിൽ കഴുത്ത് കാണില്ലെന്ന മുൻകാല അനുഭവങ്ങൾ മൗനത്തിന്റെ പട്ടടയിൽ എരിഞ്ഞടങ്ങാൻ അവരെയും പ്രേരിപ്പിക്കുന്നു.
മതവും, ജാതിയും മനുഷ്യനെ അളക്കാനുള്ള അളവുകോലാണ് ഇന്ന്. ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യത്തിന് പകരം ഒരു പേരിൽ പലതുമിരിക്കുന്നുണ്ടെന്ന പുത്തൻ ബോധോദയം പലർക്കും ഉണ്ടായി തുടങ്ങിയിരിക്കുന്നു. ഞാനും ഞാനുമെന്റെ ആളും എന്ന വരികൾ ഈ കാലത്തിന്റെ നേർ ചിത്രമായി മാറിയിരിക്കുന്നു. എന്റേതല്ലാതെ ആളുകളെ മാറ്റിനിർത്താനുള്ള മാനസികാവസ്ഥയിലേയ്ക്ക് തികഞ്ഞ ജനാധിപത്യവാദികളായിരുന്ന മനുഷ്യമനസ്സുകൾ പോലും എത്തിചേരുന്നു. എതിർക്കുന്നവരെ ഭയപ്പെടുത്തി നിലയ്ക്ക് നിർത്തുക എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആയിരിക്കുന്നു.
ഒരു സമൂഹം സെഗ്്മെന്റുകളായി വിഭജിക്കപ്പെട്ടാൽ അത് തങ്ങൾക്ക് നല്ലാതാണെന്ന വിഭജന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാട്ടിലെ മിക്ക രാഷ്ട്രീയ പാർട്ടികളും പ്രവർത്തിക്കുന്നത്. പരസ്പരം എന്തെങ്കിലും വിവാദ വിഷയമുണ്ടാക്കി പോരാടിയാൽ മനുഷ്യന്റെ ദൈനംദിന ജീവിതവുമായി നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളെ പറ്റി ആരും ചർച്ച ചെയ്യാൻ താത്പര്യപ്പെടില്ല എന്ന് അവർക്ക് നന്നായി അറിയാം. സാങ്കേതികമായി ഏറെ വളർന്നിരിക്കുന്ന ഈ കാലത്ത് ഏതൊരു കുടില ബുദ്ധിക്കും തന്റെ ദുർചിന്തകൾ ഇന്ത്യയിലെ നൂറ് കോടി ജനതയ്ക്കും വീതം വെച്ചു കൊടുക്കാൻ നിമിഷ നേരം മതി. കളവ് പറഞ്ഞും, ചരിത്രത്തെ തിരിച്ചും മറിച്ചും സന്ദേശങ്ങളുണ്ടാക്കി പങ്ക് വെയ്ക്കപ്പെടുന്ന അബദ്ധ ധാരണകളിലും വാരിക്കുഴികളിലും കാല്‍ തെറ്റി വീണു പോവുകയാണ് അന്നന്നത്തെ അന്നത്തിന് വേണ്ടി പെടാപാട് പെടുന്ന ഏറ്റവും സാധാരണക്കാരനായ മനുഷ്യൻ. അവർ പരസ്പരം മിണ്ടാതാകുന്പോൾ അവിടെ ഉണ്ടാകുന്നത് മൗനത്തിന്റെ വലിയ അഗ്നിപർവ്വതമാണ്. അത് എന്നെങ്കിലും ഒരിക്കൽ പൊട്ടുമെന്ന വിശ്വാസത്തോടെ...