നടന്നടുക്കുന്നത് മൂന്നാം ലോകയുദ്ധത്തിലേയ്ക്കോ..


പ്രദീപ് പു­റവങ്കര

ബഹ്റിനിലെ മനാമയിൽ നിന്ന് രണ്ടായിരത്തോളം കിലോമീറ്ററുകൾക്ക് അപ്പുറമാണ് സിറിയയിലെ ആലപ്പോ എന്ന നഗരം. അവിടെ നിന്ന് 300 മൈലുകൾക്ക് അപ്പുറമാണ് ഇറാഖിലെ മൊസൂൾ നഗരം. ഈ രണ്ട് സ്ഥലനാമങ്ങളും ലോകജനതയെ ഭീതിയുടെയും ദുഃഖത്തിന്റെയും നിഴലിൽ‍ ആഴ്ത്തി തുടങ്ങിയിട്ട് മാസങ്ങളാകുന്നു. രണ്ടിടത്തും രൂക്ഷമായ തരത്തിൽ കലാപകാരികളും, അവിടെയുള്ള സർ‍ക്കാരും പരസ്പരം യുദ്ധം നടത്തുകയാണ്.  മൊസൂളിൽ ഇറാഖ് സേനയും, അമേരിക്കയുടെ പിന്തുണയുള്ള കുർദ് സായുധ സേനാ വിഭാഗവും ചേർന്ന സഖ്യം ഒക്ടോബർ മാസം പകുതിയോടെയാണ് അവിടം നിയന്ത്രിച്ചു കൊണ്ടിരുന്ന ഇസ്ലാമിക്ക് േസ്റ്ററ്റിനെതിരെ കനത്ത അക്രമണം തുടങ്ങിയത്. സിറിയിലെ അലെപ്പോയിൽ, റഷ്യൻ വ്യോമാക്രമണത്തിന്റെയും  ഇറാൻ സഹായമുള്ള സായുധ വിഭാഗങ്ങളുടെയും പിൻബലത്തോടെ, സിറിയൻ‍ സേന വിമത കേന്ദ്രങ്ങളെ വളയുകയും ജനവാസ കേന്ദ്രങ്ങളിലടക്കം  വിവേചനരഹിതമായ ബോംബാക്രമണം നടത്തുകയും ചെയ്തതിന് ശേഷം ഒടുവിൽ നഗരം ഏതാണ്ട് മുഴുവനായും വീണ്ടെടുത്തിരിക്കുന്നു എന്നു പറയാം.

രണ്ടിടത്തെയും കഥകൾ വ്യത്യസ്തമാണ്. ഇസ്ലാമിക് േസ്റ്ററ്റിന് നേരെയുള്ള ആക്രമണത്തിൽ സാധാരണക്കാർ‍ക്ക് അപായം നേരിടാതിരിക്കാൻ ഇറാഖ് സർക്കാർ‍ ശ്രമിക്കുന്നുണ്ട്. എന്നാൽ‍, തന്റെ രാജ്യത്തെ നഗരങ്ങളെ തകർ‍ക്കുന്ന ആറാം വർ‍ഷത്തിലേക്ക് കടന്ന രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധം നടത്തുന്ന, സിറിയൻ പ്രസിഡണ്ട് ബഷർ‍ അൽ അസദിനോടു കൂറുപുലർ‍ത്തുന്ന സൈന്യത്തിന്റെ കാര്യം അങ്ങനെയല്ല. അവർ‍ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ വരെ പീഡിപ്പിച്ചും വധിച്ചും തള്ളുകയാണ്. വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെട്ടിരുന്ന ഈ നഗരം ഇന്ന് യഥാർ‍ത്ഥത്തിൽ‍ തകർ‍ന്ന കെട്ടിടങ്ങളുടെ ഒരു കൂന്പാരം മാത്രമായിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം തുർ‍ക്കിയിലെ റഷ്യൻ അംബാസിഡറെ അംഗരക്ഷൻ‍ തന്നെ വെടിവെച്ചു കൊന്നത്. 

യുദ്ധം അത് എവിടെ നടന്നാലും ഭീകരമാണ്, മനുഷ്യത്വരഹിതവും. ഹിംസ കൊണ്ട് ലോകം ഒന്നും നേടില്ലെന്ന് എത്രയോ തവണ കാലം തെളിയിച്ചിരിക്കുന്നു. എങ്കിലും അധികാരത്തിന്റെ കോട്ടകൊത്തളങ്ങൾ മനുഷ്യനെ കൊതിപ്പിക്കുന്പോൾ‍ ചുടുചോരയുടെ പാപക്കറ ചുറ്റിലും പടരുന്നു. ഇന്ന് ലോകമെന്പാടും പലതരത്തിൽ‍ യുദ്ധം നടക്കുന്നുണ്ട് എന്നത് യാത്ഥാർ‍ത്ഥ്യമാണ്. ചെറിയ പ്രശ്നങ്ങൾ‍ ഊതിപെരുപ്പിച്ചും, വലിയ പ്രശ്നങ്ങൾ‍ ഉണ്ടാക്കിയും യുദ്ധം അതിന്റെ ഭീകരത പ്രദർ‍ശിപ്പിക്കുന്നു. ഒന്നുമറിയാത്ത പിഞ്ചുകു‍‍ഞ്ഞുങ്ങൾ‍ മുതൽ‍ ആയുസെത്താറായ വൃദ്ധർ‍ വരെ ഈ ഭീകരതയുടെ ഇരകളായി മാറുന്നു. പലപ്പോഴും ഇതൊക്കെ ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ പടപ്പുറപ്പാടാണോ എന്നുവരെ ചിന്തിക്കേണ്ടി വരുന്ന അവസ്ഥ സംജാതമായി കൊണ്ടിരിക്കുന്നു. നല്ലത് മാത്രം ആഗ്രഹിക്കാം, ഒപ്പം ഏറ്റവും വിനാശമായത് വരാതിരിക്കട്ടെ എന്ന് പ്രാർ‍ത്ഥിക്കുകയും ചെയ്യാം. 

You might also like

Most Viewed