പ്രകൃതി പഠിപ്പിക്കുന്നത്

പ്രദീപ് പുറവങ്കര
പ്രകൃതിയിലേയ്ക്ക് നോക്കി ജീവിക്കാൻ മനുഷ്യൻ പഠിക്കാത്തതാണ് പലരുടെയും ദുരിതങ്ങൾക്ക് പ്രധാന കാരണമെന്ന് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. സൂര്യൻ ഉദിക്കുന്പോൾ തന്നെ ആകാശത്ത് പറക്കാൻ തുടങ്ങുന്ന പക്ഷികൾ തന്നെ ഉദാഹരണം. വൈകുന്നേരം വരെ ദൂരയാത്രകൾ വരെ നടത്തി അസ്തമയത്തോടെ അവർ തങ്ങളുടെ കൂടുകളിൽ തിരിച്ചെത്തുന്നു. പിന്നെ നീണ്ട നിശബ്ദതയാണ്, രാവിലെ വരെ. ചെറിയ കൂടുകളിൽ സ്വസ്ഥമായി അവർ ഉറങ്ങുന്നു, വിശ്രമിക്കുന്നു. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ അവർ ഇര തേടി നടക്കാറില്ല, പരക്കം പായാറില്ല, നെട്ടോട്ടമോടാറില്ല. അവർക്ക് ആരോഗ്യപ്രശ്നങ്ങളില്ല, മാനസിക പ്രശ്നങ്ങളില്ല. മൃഗങ്ങളിലും മിക്കവരും ഇതേ അവസ്ഥയാണ്. ജീവിതത്തെ സത്യത്തിൽ അതിന്റെ പൂർണമായ അർത്ഥത്തിൽ നോക്കി കാണുന്നത് മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളാണെന്ന് ഇത്തരം കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
ഒരു കുഞ്ഞുചെടി വളരുന്പോൾ മുതൽ അതിനെ തന്നെ നോക്കിയിരുന്നാൽ പോലും നമുക്ക് ഏറെ പഠിക്കാനുണ്ട്. സൂര്യന്റെ പ്രകാശം സ്വീകരിച്ച് തന്നിലേക്ക് ഊർന്നിറങ്ങുന്ന ജലം കുടിച്ച് വലുതായി പൂക്കുകയോ, കായ്ക്കുകയോ ചെയ്യുന്പോൾ അതിന്റെ ഫലം ഈ ലോകത്തിന് നൽകി പൂർണ സംതൃപ്തിയോടെ വിടവാങ്ങുവാൻ ഈ കുഞ്ഞുചെടികൾക്ക് പോലും സാധിക്കുന്നു. ആഫ്രിക്കയിൽ പോയപ്പോഴാണ് സിംഹത്തെ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടാൻ തുടങ്ങിയത്. ക്രൂരനാണെന്ന് തോന്നുമെങ്കിലും സിംഹം വളരെ പാവമാണെന്ന് മനസിലായത് ആ യാത്രയിലാണ്. വിശന്നാൽ മാത്രം അത് ഒരു ഇരയെ പിടിക്കുന്നു. അത് തന്നെ ആരോഗ്യം നഷ്ടപ്പെട്ട മരിക്കാറായ ഇരയായിരിക്കും. അതിനെ പിടികൂടി ദിവസങ്ങളോളം എടുത്ത് മുഴുവനായും ഭക്ഷിച്ച ശേഷം മാത്രമേ സിംഹം മറ്റൊരു ഇരയെ തേടുകയുള്ളൂ. സിംഹത്തിന്റെ അരികിൽ മാനുകൾ വലിയ ധൈര്യത്തോടെ വന്ന് പുല്ല് തിന്നുന്ന കാഴ്ച കണ്ടപ്പോഴാണ് ഈ കാര്യം ഞാൻ സ്ഥിരീകരിച്ചത്. ഇങ്ങിനെ അനാവശ്യമായി പ്രകൃതിക്ക് ഒരു കോട്ടവും തട്ടാത്ത രീതിയിൽ മറ്റ് ജീവജാലങ്ങളൊക്കെ ഈ ഭൂമുഖത്ത് ജീവിച്ച് മരിക്കുന്പോൾ അതിസമർത്ഥരെന്ന് സ്വയം പറയുന്ന മനുഷ്യന്റെ കാര്യം എത്ര മാത്രം ചിന്തനീയമാണ്.
പലപ്പോഴും നമ്മൾ മനുഷ്യർക്ക് ചിലപ്പോൾ 24 മണിക്കൂർ പോലും പോരാ ഒന്ന് സ്വസ്ഥമായി ജീവിക്കാൻ. മരണകിടക്കയിൽ നിന്ന് പോലും ചിന്തിക്കുന്നത് അഥവാ എഴുന്നേറ്റ് പോയാൽ പാരവെക്കേണ്ടവരെ പറ്റിയാണ്. ആത്മഹത്യ ചെയ്യാൻ പോകുന്പോൾ പോലും ഫേസ്ബുക്കിൽ ലൈവിട്ട് റീച്ചും ലൈക്കും നേടാൻ ശ്രമിക്കുന്ന മനുഷ്യരുടെ ഇടയിൽ വ്യത്യസ്തരായി ചിലരുണ്ട്. അപൂർവം ചിലർ. അത്തരമൊരാളാണ് ബഹ്റിനിലെ ചന്ദ്രേട്ടൻ എന്ന സാമൂഹ്യപ്രവർത്തകൻ. അദ്ദേഹത്തെ കഴിഞ്ഞ ദിവസം കാണുവാനും ഒരു പുരസ്കാരം സമ്മാനിക്കാനും ലഭിച്ച അവസരവും അതിന്റെ സന്തോഷവും ഇവിടെ പങ്ക് വെക്കട്ടെ.