അന്തസത്ത ഓഫ് ലൈനാകുന്പോൾ...
പ്രദീപ് പുറവങ്കര
പ്രവാസലോകത്ത് പുലർക്കാലങ്ങളിൽ തണുപ്പ് അരിച്ചിറങ്ങുന്നതിനോടൊപ്പം തുടർച്ചയായ അവധികൾ കൂടി ലഭിക്കുന്പോൾ അൽപ്പമെങ്കിലും മടിയുള്ളവർക്ക് അത് ഇരട്ട സൗഭാഗ്യമാകുന്നു. മൂടിപ്പുതച്ച് ഉറങ്ങാനും അലാറാമിന്റെ വെറുപ്പിക്കുന്ന ശബ്ദത്തെ മറക്കാനും സാധിക്കുന്ന ഈ ദിവസങ്ങൾ അതു കൊണ്ടു തന്നെ ഇവിടെയുള്ള ഭൂരിഭാഗം പേർക്കും മനോഹരവുമാണ്. 2016 എന്ന വർഷത്തിന്റെ അവസാന പാദത്തിലാണ് ഇപ്പോൾ നാം. ചിലർക്ക് ദുഖം, ചിലർക്ക് സന്തോഷം, മറ്റു ചിലർക്ക് സമ്മിശ്രം. അങ്ങിനെയുള്ള ധാരാളം അനുഭവങ്ങൾ ഉണ്ടാകും ഈ വർഷം കടന്നു പോകുന്പോഴും ഒരോർത്തർക്കും പറയാനും പങ്ക് വെക്കാനും. കാലം ഇങ്ങിനെ കടന്നു പോകുന്പോൾ പ്രായവും എണ്ണി എണ്ണി കരേറുന്നുണ്ട് എന്ന യാത്ഥാർത്ഥ്യവും നിലനിൽക്കുന്നു. ഈ യാത്രയിൽ ഉണ്ടാകുന്ന വിജയങ്ങളെയും പരാജയങ്ങളെയും ഒക്കെ അനുഭവങ്ങളും പാഠങ്ങളും ആക്കി മാറ്റാൻ സാധിക്കാത്തവരാണ് പൊതുവേ ശാപവചസുകൾ ഉരുവിട്ടു കൊണ്ട് സ്വയം കത്തിയെരിയുന്നത്.
വർഷം അവസാനിക്കാറാകുന്പോൾ ലോകമെന്പാടും ക്രിസ്തുമസ് ആഘോഷങ്ങളും സജീവമാകും. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വീട്ടിൽ വെച്ച് കരോളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചപ്പോൾ എന്താണ് ക്രിസ്തുമസെന്നും, എന്തിനാണ് ക്രിസ്തുമസെന്നും ഇത് ആഘോഷിക്കുന്ന ഭൂരിഭാഗം പേർക്കും അറിയില്ല എന്ന് ബഹുമാന്യനായ വൈദികൻ പറഞ്ഞത് സത്യമാണ്. പലപ്പോഴും ആഘോഷങ്ങൾ എന്തിനാണെന്ന് പോലും അതിൽ ഉൾപ്പെടുന്നവർ മനസിലാക്കാറില്ല. എല്ലാം കേവലം ചടങ്ങുകളായും, ആചാരങ്ങളായും, അനുഷ്ടാനങ്ങളായും ഒതുങ്ങുന്പോൾ അന്തസത്തകൾ തിരിച്ചറിയാതെ പോകുന്ന സമൂഹമായി നമ്മൾ മാറി പോകുന്നു. ക്രിസ്തുമസ്സിനെ നമ്മൾ എക്സ്മസായി ആഘോഷിക്കുന്പോൾ അതിൽ ക്രിസ്തുവിനെ വിശ്വാസികൾ പോലും മറന്നുപോകുന്നു.
ഓൺലൈൻ ലോകത്തുണ്ടാകുന്ന വാഗ്വാദങ്ങളിൽ പെട്ട് ജീവിതം വെറുപ്പുകൾ കൊണ്ട് നിറക്കുന്നവരുടെ എണ്ണവും നമ്മുടെ ഇടയിൽ കൂടി വരുന്നു. തങ്ങൾ എന്നും ഓൺലൈനായി നിലകൊള്ളും എന്ന പോസിറ്റീവായിട്ടുള്ള ചിന്ത കൊണ്ടായിരിക്കും ഈ തമ്മിലടി അവർ ആസ്വദിക്കുന്നത്. എന്നാൽ സ്വിച്ചിട്ടാൽ ഓഫായി പോകുന്ന വെറും നിസാരനാണെന്ന് മനസിലാക്കാൻ ശ്രമിച്ചാൽ സൈബർ ലോകത്തിന്റെ അപ്പുറം മറ്റൊരു വിശാലമായ ലോകമുണ്ടെന്ന് അവർ തിരിച്ചറിയും. കലണ്ടറിന്റെ താളുകൾ മറിയുന്പോൾ മറയേണ്ടത് ഇത്തരത്തിലുള്ള നിക്ഷേധാത്മകമായ ചിന്തകൾ കൂടിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും നമുക്കൊരിക്കലും മനസിലാക്കാൻ പോലും സാധിക്കാത്ത തരത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ തീവ്രമായ വേദനകൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ വേദനകളെ പറ്റി അറിഞ്ഞ് മനസ് കൊണ്ടെങ്കിലും അവർക്കൊപ്പം നിന്ന് നമ്മുടെ വേദന എത്ര ചെറുതെന്ന് തിരിച്ചറിയാനും സാധിക്കണം. ഒപ്പം സമയം വിലപ്പെട്ടതാണെന്നും, അത് പാഴാക്കി ചർച്ച ചെയ്യേണ്ടത് തന്നെയാണോ ചർച്ച ചെയ്യുന്നതെന്നും ഈ നേരത്ത് ബഹുമാന്യരായ സുഹൃത്തുക്കൾ ചിന്തിക്കണമെന്ന ആഗ്രഹത്തോടെ..