ആര് ഞാനാകണം?
പ്രദീപ് പുറവങ്കര
ചിലർ അങ്ങിനെയാണ്. ഓരോ തവണ കാണുന്പോഴും കൂടുതൽ കൂടുതൽ ഊർജസ്വലതയോടെ ചുറുചുറുക്കോടെ അവർ കുറെക്കൂടി പ്രായം കുറഞ്ഞു വരുന്നത് പോലെ നമുക്ക് തോന്നും. അത്തരമൊരു വ്യക്തിയാണ് സഹോദര തുല്യം ഇഷ്ടപ്പെടുന്ന ലോകപ്രശസ്ത മാജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാട്. ബഹ്റിനിലെ കേരള സമാജത്തിൽ ദേശീയദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വന്നത്. വൈകുന്നേരം അദ്ദേഹത്തിന്റെ മാജിക്ക് ഷോ ഏവരെയും വിസ്മയഭരിതനാക്കി മുന്നേറുന്പോൾ ഞാൻ ചിന്തിച്ചത് പ്രായം പോറലേൽപ്പിക്കാത്ത അദ്ദേഹത്തിന്റെ ചുറുചുറുക്കിനെയാണ്. എത്ര പെട്ടന്നാണ് അദ്ദേഹം വസ്ത്രം മാറുന്നതും, ഒരിടത്ത് നിന്ന് മറ്റൊരിടത്ത് തന്റെ മായാജാലവിദ്യകൾ കൊണ്ട് എത്തുന്നതും. ശരിക്കും അതിശയപ്പെടുത്തുന്ന വേഗത.
പ്രായമാകുന്നതിന് മുന്പേ വാർദ്ധക്യം എന്ന മാനസികാവസ്ഥയിൽ എത്തുന്നവരാണ് നമ്മളിൽ മഹാഭൂരിഭാഗവും. ജീവിത സാഹചര്യങ്ങളെയാണ് ഇതിന് കുറ്റപ്പെടുത്തുക. ഞാൻ ഇനി എന്ത് ചെയ്യേണ്ടൂ എന്നതാണ് ചോദ്യം. എന്നാൽ ശ്രീ. മുതുകാടിന്റെ ശ്രേണിയിൽ പെട്ടവർ ചോദിക്കുന്നത്, എന്തുകൊണ്ട് എനിക്ക് അത് ചെയ്തുകൂടാ എന്നാണ്. ജീവിച്ചിരിക്കുന്ന ഒരോ നിമിഷവും അവർ അത് ആസ്വദിക്കുന്നു. മറിച്ച്, മരിച്ച് ജീവിക്കാൻ അവർ തയ്യാറാകുന്നില്ല.
ഇന്നത്തെ കാലത്ത് ചെറുപ്പം മുതൽക്ക് തന്നെ കുട്ടികളുടെ ഇടയിൽ നിയന്ത്രണങ്ങളുടെ പെരുമഴ സൃഷ്ടിക്കാനാണ് നമ്മളിൽ മിക്കവർക്കും താൽപര്യം. കാലം അത്രയും കെട്ടതാണെന്ന ഭീതി ഇതിന് ഒരു കാരണമാകുന്നുണ്ടാകാം. പക്ഷെ ഭയം മാത്രം കുഞ്ഞുമനസുകളിൽ കുത്തിവെച്ചാൽ അവർക്കാർക്കും ജീവിതപാതയിൽ മുന്നോട്ട് ചുറുചുറുക്കോടെ പോകാൻ സാധിക്കില്ല എന്നതാണ് സത്യം. തന്റെ ചെറുപ്പത്തിൽ ആരാകണമെന്ന ചോദ്യത്തിന് മായാജാലക്കാരൻ എന്ന് തുടർച്ചയായി മറുപടി പറഞ്ഞ മുതുകാടിനോട് അങ്ങിനെയെങ്കിൽ ഒരിക്കലും വിട്ടുകൊടുക്കരുതെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ അച്ഛനെ പോലെ ധൈര്യമുള്ള രക്ഷിതാക്കൾ ഈ കാലഘട്ടത്തിന്റെയും ആവശ്യമാണ്.