മബ്റൂക്ക് ബഹ്റിൻ...
ഇന്ന് ഡിസംബർ 16, നീണ്ട 14 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു മാതൃരാജ്യമല്ലാത്ത ഒരിടത്ത് ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നാളുകൾ ജീവിച്ചു തുടങ്ങിയിട്ട്. എത്തിപ്പെട്ട മേഖലയും മാധ്യമരംഗമായത് കാരണം ഈ രാജ്യത്തെ അറിയാനും, ഇവിടെ ജീവിക്കുന്നവരുടെ സൗഹൃദം നേടാനുമുള്ള സാഹചര്യം വളരെ അനുകൂലമായിരുന്നു. ഇവിടെ വരുന്നതിന് മുന്പ് ശത്രുക്കളെന്ന് വിചാരിച്ച നമ്മുടെ അയൽരാജ്യക്കാരെ പറ്റിയുള്ള അഭിപ്രായം പോലും മാറ്റിയത് ബഹ്റിൻ എന്ന ഈ രാജ്യം തന്നെയാണ്.
ഈ കാലയളവിൽ ബഹ്റിൻ എന്ന രാജ്യം നേടിയ വികസനകുതിപ്പുകളും, ഒപ്പം അത് അനുഭവിച്ച വിഷമതകളും ഒക്കെ നേരിട്ട് കാണാനും അനുഭവിക്കാനും അവരുടെ സുഖത്തിലും ദുഃഖത്തിലും ഒപ്പം നിൽക്കാനും സാധിച്ചതിൻ ചാരിതാർത്ഥ്യം വാക്കുകൾക്കതീതമാണ്. സ്വദേശികളുടെ വാർത്തകൾക്കൊപ്പം ഇവിടെ ജീവിക്കുന്ന മഹാഭൂരിപക്ഷമായ പ്രവാസികളെ പറ്റിയും പുറംലോകത്തിനെ അറിയിക്കാൻ സാധിച്ച ഞങ്ങളെ പോലുള്ള മാധ്യപ്രവർത്തകർക്ക് സർവ സ്വാതന്ത്ര്യവും നൽകുന്ന ഇവിടുത്തെ ഭരണാധികാരികളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല.
ഈ രാജ്യത്തിൻ സ്നേഹവും കരുതലും അറിയാൻ ഇവിടെയുള്ള സൽമാനിയ മഡിക്കൽ കോംപ്ലക്സ് മാത്രം ഒന്ന് സന്ദർശിച്ചാൽ മതിയാകും. അവിടെ എത്തുന്ന രോഗികളെ, സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഏറ്റവും ചുരുങ്ങിയ ചിലവിൽ അത്യാധുനികമായ ചികിത്സകൾ വരെ നൽകുന്ന ആതുരാലയമാണത്. ഇങ്ങനെ ഏറ്റവും മനോഹരമായി നടത്തി കൊണ്ടുപോകുന്ന ഒട്ടനവധി പൊതുമേഖല സ്ഥാപനങ്ങൾ ബഹ്റിനിലുണ്ട്.
അന്യസംസ്ഥാന തൊഴിലാളികൾ കടന്നുവരുന്പോൾ തന്നെ മുറുമുറുക്കുന്ന നമ്മളോട് സ്വന്തം സഹോദരന്മാരെ പോലെ സ്നേഹത്തോടെ പെരുമാറുന്ന ഈ നാട്ടുകാരോട്, ഭരണാധികാരികളോട്, എങ്ങിനെയാണ് നമ്മൾ നന്ദി പറയുക. ഇനിയും എത്രയോ കാലം ഈ രാജ്യം ഇന്നുള്ളത് പോലെ സന്പൽസമൃദ്ധമായി മുന്പോട്ട് പോകണമെന്ന പ്രാർത്ഥനയോടെ ദേശീയ ദിനാശംസകൾ നേർന്നു കൊണ്ട് സസ്നേഹം.. മബ്റൂക്ക് എന്റെ, ഞങ്ങളുടെ പ്രിയപ്പെട്ട ബഹ്റിൻ...!
പ്രദീപ് പുറവങ്കര, മാനേജിംഗ് എഡിറ്റർ, ഫോർ പി.എം ന്യൂസ്