നാഫ് നദി കരയുമ്പോൾ...
പ്രദീപ് പുറവങ്കര
ബർമ്മയുടെയും ബംഗ്ലാദേശിന്റെയും ഇടയിൽ ഒരു നദിയൊഴുകുന്നുണ്ട്. അതിന്റെ പേരാണ് നാഫ് നദി. ഈ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ബംഗ്ലാദേശിലെ ചിറ്റഗോംഗ് പ്രവിശ്യയും, കിഴക്ക് ഭാഗത്ത് ബർമ്മയിലെ ആർക്കൻ സംസ്ഥാനവുമാണ്. റാക്കീൻ എന്നു കൂടി അറിയപ്പെടുന്ന ഇവിടെ ബുദ്ധമതവിശ്വാസികൾ ഏറ്റവും അധികം താമസിക്കുന്നു. അംഹിസയെന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരാണ് ബുദ്ധമതവിശ്വാസികൾ. എന്നാൽ ഇവിടെയുള്ള നാഫ് നദിക്ക് സംസാരിക്കാൻ പറ്റുമെങ്കിൽ അത് പറഞ്ഞിരിക്കുക, ലോകം അടുത്ത കാലത്തൊന്നും കാണാത്ത തരത്തിലുള്ള ഹിംസയുടെ ഭീകരമായ കഥകളായിരിക്കും. ആ നദി ഇന്ന് ചോരയിൽ മുങ്ങി പോയിരിക്കുന്നു.
ഇവിടെ എണ്ണത്തിൽ ഏറെ കുറവായ മുസ്ലീം വംശജർ റോഹിങ്ക്യ മുസ്ലീങ്ങൾ എന്ന് പൊതുവേ അറിയപ്പെടുന്നു. അവർക്ക് നേരെയാണ് കൊടുംക്രൂരതകൾ ഇന്ന് അരങ്ങേറികൊണ്ടിരിക്കുന്നത്. 2012 മുതൽ രൂക്ഷമായ കലാപങ്ങളാണ് ഇവിടെ അരങ്ങേറുന്നതെന്ന് വാർത്ത ഏജൻസികൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നു. പട്ടാളത്തിന്റെയും ഭരണകൂടത്തിന്റെയും നേരിട്ടുള്ള അക്രമപ്രവർത്തനങ്ങളും, മനുഷ്യകുരുതികളുമാണ് ഇവിടെ ഇപ്പോൾ നടന്നു വരുന്നത്. അക്രമങ്ങളിൽ തളർന്ന് അഭയാർത്ഥികളായി ഇവിടെ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നാഫ് നദി കടന്ന് ബംഗ്ലാദേശിലെത്തിയത് 21,000ത്തോളം പേരാണ്. കേവലം കൊലപാതകങ്ങൾ മാത്രമല്ല, മറിച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തു തള്ളുന്നതും, പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പടെയുള്ളവരെ പീഢിപ്പിക്കുന്നതുമൊക്കെ വിനോദമായി കണക്കാക്കുന്ന പട്ടാളക്കാർ ഇവിടെ ഉണ്ടെന്ന് വാർത്തക്കളും ചിത്രങ്ങളും വ്യക്തമാക്കുന്നു. ഇവിടെയുള്ള ഗ്രാമങ്ങളിൽ ഹെലികോപ്ടർ ഉപയോഗിച്ച് ബോംബുകൾ വർഷിക്കുന്നതും സ്ഥിരമായിരിക്കുന്നുവത്രെ. ബംഗ്ലാദേശിൽ നിന്ന് വരുന്ന അഭയാർത്ഥികളാണ് റോഹിങ്ക്യ മുസ്ലീങ്ങൾ എന്നതാണ് ബർമ്മ അഥവാ മ്യാന്‍മാറിലെ ഭരണകൂടത്തിന്റെ അവകാശവാദം. അതേ സമയം ബംഗ്ലാദേശിന്റെ വാദം നേരെ വിപരീതമാണ്.
ഇങ്ങിനെ സ്വന്തം അസ്തിത്വം തേടി, എങ്ങോട്ട് പോകണമെന്ന് അറിയാതെ മരിച്ച് ജീവിക്കുന്ന റോഹിങ്ക്യയിലെ സഹോദരമാരുടെ വിഷയം ഈ ലോകത്തെ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കേണ്ട കാര്യമാണ്. അതോടൊപ്പം ഇവിടെ മതത്തിന്റെയോ വംശത്തിന്റെയോ അതിർവരന്പുകളെ പറ്റി ചിന്തിക്കാതെ മനുഷ്യനന്മയും മനുഷ്യാവകാശവും നിലനിർത്താൻ ആഗ്രഹിക്കുന്നവർ ആരും തന്നെ പ്രതിക്ഷേധിക്കാനും, പ്രവർത്തിക്കാനും മുന്പോട്ട് വരാതിരിക്കുന്നത് അതിശയം ജനിപ്പിക്കുന്നു.