കാലം മാറുമ്പോൾ


പ്രദീപ് പുറവങ്കര 

ജയലളിതയുടെ മരണത്തെ തുടർ‍ന്ന് സംഭവിക്കാത്ത അനിഷ്ടസംഭവങ്ങൾ‍ ഇന്ന് ആഞ്ഞടിക്കുന്ന വർ‍ധ ചുഴലിക്കാറ്റിൽ‍ സംഭവിക്കുമോ എന്ന ആശങ്കയിലാണ് ചെന്നൈ മഹാനഗരത്തിലെ നിവാസികൾ‍. കഴിഞ്ഞ വർ‍ഷം നഗരത്തിലുണ്ടായ പേമാരിയും അതിലുണ്ടായ നഷ്ടങ്ങളും ഇന്നും അവരെ നടുക്കുന്ന ഓർ‍മ്മകളാണ്. ലക്ഷകണക്കിന് പേരെയാണ് പ്രകൃതിയുടെ ഈ വില്ലത്തരം ബാധിക്കുന്നത്. 

കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ‍ പോലും നമ്മൾ‍ മനുഷ്യരടക്കമുള്ള ജീവജാലങ്ങളെ എത്രമാത്രം ഭയപ്പെടുത്തുന്നു എന്ന വാസ്തവം തിരിച്ചറിഞ്ഞാൽ‍ തീരാവുന്നതേയുള്ളൂ സത്യത്തിൽ‍ നമ്മുടെ എല്ലാ അഹങ്കാരങ്ങളും, അൽ‍പ്പത്തരങ്ങളും എന്ന് ഓരോ തവണയും ഇത്തരം പ്രകൃതിക്ഷോഭങ്ങൾ‍ നമ്മളോട് വിളിച്ചു പറയുന്നുണ്ട്. 

ബഹ്റിനിലും കാലാവസ്ഥ പെട്ടന്ന് മാറിയിരിക്കുന്നു. പുറത്ത് ശീതകാറ്റ് വീശിയിടിക്കുന്നുണ്ട്. ആശുപത്രി വരാന്തകളിൽ‍ പനിയും ജലദോഷവുമൊക്കെ ക്യൂവായി ഇനി കുറച്ച് ദിവസം നിൽ‍ക്കും. ഡോക്ടർ‍മാർ‍ക്കും ജോലി ഭാരം കൂടും. ആകെയുള്ള സമാധാനം ഈ മാസം ഇനി ഉണ്ടാകാൻ പോകുന്ന അവധി ദിനങ്ങൾ‍ തന്നെയാണ്. മൂടി പുതച്ച് കിടന്നുറങ്ങാനുള്ള തയ്യാറെടുപ്പുകൾ‍ പലരുടെയും മനസ് ഇപ്പോഴെ എടുത്തിരിക്കും. തണുപ്പുകാലത്ത് ശൈത്യത്തെ ചെറുക്കാൻ സാധാരണഗതിയിൽ‍ പലരും ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗിച്ച് പ്രവർ‍ത്തിക്കുന്ന റൂം ഹീറ്ററുകളാണ്. എന്നാൽ‍ ചിലർ‍ കനൽ‍ അല്ലെങ്കിൽ‍ ചാർ‍ക്കോൾ‍ ഉപയോഗിച്ച് കിടപ്പുമുറി ചൂടാക്കുന്ന പതിവുണ്ട്. മുൻകാലങ്ങളിൽ‍ ബഹ്റിനടക്കമുള്ള രാജ്യങ്ങളിൽ‍ എത്രയോ തവണ മനുഷ്യജീവനുകൾ‍ അപഹരിക്കുന്ന തരത്തിൽ‍ അപകടം ക്ഷണിച്ചു വരുത്താൻ ഈ പ്രവണത ഇടയായിട്ടുണ്ട്. അതുപോലെ തന്നെ വില കുറഞ്ഞ തരത്തിലുള്ള റൂം ഹീറ്ററുകൾ‍ ഉപയോഗിച്ചും അപകടങ്ങൾ‍ ഉണ്ടാക്കുന്നു. 

അറിഞ്ഞു കൊണ്ട് ഒരു ദുരിതം ഏറ്റുവാങ്ങുന്നതും, മുൻകരുതലുകൾ‍‍ എടുത്ത് സുരക്ഷിതമായി മാറിയിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഇത്തരം ആളുകൾ‍ തിരിച്ചറിയേണ്ടതുണ്ട്. പ്രകൃതിയുടെ മാറ്റങ്ങളെ ചെറുക്കാൻ ജീവൻ രക്ഷിക്കാനുമൊക്കെയുള്ള ശാസ്ത്രീയമായ മാർ‍ഗങ്ങൾ‍ കണ്ടെത്തി അത് പ്രയോഗിക്കാനാണ് ഇവർ‍ ശ്രദ്ധിക്കേണ്ടത്. ബഹ്റിനിലെ സാമൂഹ്യ സംഘടനകൾ‍ ഇക്കാര്യത്തിൽ‍ ബോധവത്കരണം നടത്തണം. പ്രത്യേകിച്ച് സാന്പത്തികമായി ബുദ്ധിമുട്ടുകൾ‍ നേരിടുന്നവരുടെ താമസസ്ഥലങ്ങൾ‍ കണ്ടെത്തി കനലോ, ചാർ‍ക്കോളോ പോലുള്ള ഉത്പന്നങ്ങൾ‍ കൊണ്ട് ശൈത്യത്തെ നേരിടുന്നത് തടയണം. വാട്സാപ്പും, സോഷ്യൽ‍ മീഡിയയുമൊക്കെ ഇത്തരം പ്രചരണങ്ങൾ‍ കൂടി നടത്താനുള്ള വേദിയാകട്ടെ. 

You might also like

Most Viewed