സോഷ്യൽ മീഡിയ കൊയ്യുന്നതും വിതയ്ക്കുന്നതും...പ്രദീപ് പുറവങ്കര
ഓരോ തവണയും ബഹ്റിനിലെത്തുന്പോൾ ഇവിടെ മലയാളി കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പത്രപ്രവർത്തകൻ എന്ന നിലയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് വലിയൊരു ഭാഗ്യമായി കാണുന്നയാളാണ് ഞാൻ. വലിയ കൂട്ടായ്മകൾ മുതൽ കുടുംബയോഗങ്ങൾ വരെ അതിൽ പെടും. നാട്ടിൽ നിന്ന് വ്യത്യസ്തമായി ഇത്തരം യോഗങ്ങൾ ഏറെ സൗഹാർദ്‍ദപരമാണ്. വ്യത്യസ്ത ആശയങ്ങൾ വെച്ചു പുലർത്തുന്ന സംഘടനകളുടെ അംഗങ്ങൾ പോലും പരസ്പരം പരിപാടികൾ നടത്തുന്പോൾ ഒന്നിച്ചു ചേരുന്നതും ഇവിടെ സാധാരണ കാഴ്ച്ച. ഇതൊക്കെ പ്രവാസത്തിന്റെ അനുഗ്രങ്ങളാണ്. ഇതോടൊപ്പം സ്വദേശികളും നമ്മുടെ പരിപാടികളിൽ പങ്കെടുക്കുന്പോൾ അതിരുകൾ ഭേദിച്ചുള്ള സംസ്കാരങ്ങളുടെ സമന്വയമായി ഓരോ ചടങ്ങും മാറുന്നു.
ബഹ്റിൻ അതിന്റെ ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. പതിവ് പോലെ സ്വദേശികൾക്കൊപ്പം മലയാളികളടക്കമുള്ള വിദേശികളും ഈ ദിനത്തെ സമുചിതമായി കൊണ്ടാടാനുള്ള തിരക്കിലാണ്. ഇന്ന് രാവിലെ അത്തരമൊരു പരിപാടിയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. ബ്ലഡ് ഡോണേർസ് കേരള എന്ന പേരിൽ രൂപീകരിച്ച ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ സൽമാനിയ ആശുപത്രിയിൽ വെച്ച് നടത്തിയ രക്തദാന ക്യാന്പായിരുന്നു അത്. വാട്സാപ്പ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലുടെയാണ് ഇത്തരമൊരു സംഘടന രൂപീകരിക്കപ്പെട്ടത്. ബഹ്റിനിലെ മുൻ എം.പിയും സാമൂഹ്യ പ്രവർത്തന മേഖലയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയുമായ ഹസൻ ഈദ് ബുക്കമാസ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. സ്വന്തം രാജ്യത്തെ പോലെ കണ്ട് അവിടെയുള്ളവർക്ക് വേണ്ടി രക്തം ദാനം ചെയ്യുന്നതടക്കം ഇവിടെ മലയാളികൾ നടത്തിവരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിക്കുകയുണ്ടായി. ഒപ്പം കേരളം പല തവണ സന്ദർശിക്കാൻ സാധിച്ച കാര്യവും അദ്ദേഹം പറയുകയുണ്ടായി.
സോഷ്യൽ മീഡിയ എന്നത് ഇന്ന് ഒരു കഠാര പോലെയായി മാറിയിട്ടുണ്ടെന്ന് അവിടെ പങ്കെടുത്ത സുഹൃത്ത് സലീം പറഞ്ഞപ്പോൾ അത് വലിയ സത്യമാണെന്ന് എനിക്കും തോന്നി. കറിക്ക് പച്ചക്കറി അരിയാൻ സാധിക്കുന്ന കഠാര കൊണ്ട് തന്നെ ഒരാളെ കുത്തികൊല്ലാനും സാധിക്കുന്നു. രക്തദാന ക്യാന്പ് പോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ വാട്സാപ്പ് എന്ന മീഡിയം സഹായിക്കുന്പോൾ അതു മുഖേന തന്നെ പരസ്പരം അറിയില്ലെങ്കിൽ പോലും തീവ്രമായ ശത്രുത സൃഷ്ടിക്കാനും ഇന്ന് സാധിക്കുന്നുണ്ട്. ഇത്തരം വാട്സാപ്പ് ഗ്രൂപ്പുകൾ നിയന്ത്രിക്കേണ്ടത് സമൂഹ നന്മയ്ക്ക് തന്നെ ആവശ്യമായി വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഒറ്റ ക്ലിക്കിൽ അയക്കുന്ന ഫോർവേർഡ് സന്ദേശങ്ങൾ എത്രയോ ഹൃദയങ്ങളെ വേദനിപ്പിക്കുമെന്ന് പോലും അയക്കുന്നവർ ചിന്തിക്കാറില്ല. ആശയങ്ങളുടെ പ്രചരണമല്ല മറിച്ച് വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളാണ് പലപ്പോഴും ഇത്തരം മാധ്യമങ്ങളിലൂടെ പരസ്പരം പങ്ക് വെക്കപ്പെടുന്നത്. ഇനി വരുന്ന ദിനങ്ങൾ കൂട്ടായ്മകളുടേതാണ്. ബഹ്റിനിലെ പ്രവാസി കൂട്ടായ്മകൾക്ക് സോഷ്യൽ മീഡിയകളുടെ ദുരുപോയഗത്തെ പറ്റി ഗൗരവപരമായി ചർച്ച ചെയ്യാൻ ഈ ദിവസങ്ങൾ ഉപകരിക്കട്ടെ എന്നാഗ്രഹിച്ചു കൊണ്ട്...