തണുപ്പിക്കാൻ ഉച്ചകോടികൾ


പ്രദീപ് പുറവങ്കര 

ഒക്ടോബർ‍-നവംബർ‍ മാസമാവുമ്പോഴേക്കും പ്രവാസലോകത്ത് ശൈത്യത്തിന്റെ കന്പളം പൊതിയാൻ തുടങ്ങും. അതുവരേക്കും മുരണ്ടുകൊണ്ടിരുന്ന എയർകണ്ടീഷൻ മെഷീനുകൾ നിശബ്ദതയിലേയ്ക്ക് പോകും. എന്നാൽ കുറച്ച് കാലങ്ങളായി കാലവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇവിടെയും ശൈത്യം വൈകിപ്പിക്കുന്നുണ്ട്. വലിയ തണുപ്പൊ
ന്നും ഇപ്പോഴും ബഹ്റിനടക്കമുള്ള രാജ്യങ്ങളിൽ എത്തിയിട്ടില്ല. എണ്ണയുടെ വില ഇടിവുമായി ബന്ധപ്പെട്ടുള്ള സാന്പത്തിക പ്രതിസന്ധി ഇവിടെയുള്ള മനുഷ്യമനസുകളെ ചൂടുപിടിപ്പിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അന്തരീക്ഷത്തിൽ ഒരു തണുപ്പ് എല്ലാവരും പ്രതീക്ഷിക്കുന്നു. 

ബഹ്റിൻ ഈ ആഴ്ച രണ്ട് പ്രധാന സമ്മേളനങ്ങൾ‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. അതിൽ ആദ്യത്തേതായ ജി.സി.സി ഉച്ചകോടി അവസാനിച്ചിരിക്കുന്നു. ഇനി ഇന്നു മുതൽ മനാമ ഡയലോഗ് ആരംഭിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ പങ്കെടുത്ത ജി.സി.സി ഉച്ചകോടിയെ ഏറെ ആകാംക്ഷയോടെയാണ് ലോകം നോക്കി കണ്ടത്. ഗൾഫ് മേഖലയുടെ സുരക്ഷ എന്നാൽ ഞങ്ങളുടെ സുരക്ഷ തന്നെയാണെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മെയ് തീവ്രവാദ ഭീഷണി നേരിടുന്ന അറബ് മേഖലയിൽ ഇപ്പോൾ നിലവിലുള്ള അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യത്തിന് പുറമേ ബ്രിട്ടീഷ് സൈന്യത്തിന്റെ കൂടി എണ്ണം വർദ്ധിപ്പിക്കുമെന്ന് അറിയിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം. ബഹ്റിനിൽ അമേരിക്കൻ‍ നേവിക്ക് സമാനമായി ബ്രിട്ടീഷ് നേവൽ ബേസ് കൂടി വരുമെന്നതും ഇതോടൊപ്പം അവർ പറഞ്ഞു.  ഗൾഫ് രാജ്യങ്ങൾ‍ പ്രധാനപ്പെട്ട ഭീഷണിയായി കരുതുന്ന ഇറാന് നേരെ മുന്നറിയിപ്പ് നൽകാനും ജി.സി.സി ഉച്ചകോടി മറന്നില്ല. സൈനിക മേഖലയിലെ സഹകരണത്തോടൊപ്പം തന്നെ വ്യാപാര, വ്യവസായ മേഖലകളിലും പരസ്പര സഹകരണത്തിന്റെ വാതായനങ്ങൾ തുറന്നിടാനും ബന്ധങ്ങൾ ശക്തപ്പെടുത്താനും അറബ് രാഷ്ട്ര തലവന്‍മാർ ജി.സി.സി ഉച്ചകോടിയിൽ തീരുമാനിക്കുകയുണ്ടായി. 

ഇന്ന് ആരംഭിക്കുന്ന മനാമ ഡയലോഗ് ഈ ഉച്ചകോടിയുടെ തുടർച്ച തന്നെയായിരിക്കും. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ അറിയപ്പെടുന്ന ബുദ്ധിജീവികളും, ചിന്തകരുമാണ്. പന്ത്രണ്ടാം തവണയാണ് സുരക്ഷാ ഉച്ചകോടി എന്നറിയപ്പെടുന്ന മനാമ ഡയലോഗ് അരങ്ങേറുന്നത്. ജി.സി.സി സമ്മിറ്റിലെ മുഖ്യ ആകർഷണം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നെങ്കിൽ മനാമ ഡയലോഗിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺ‍സൺ ആണ് മുഖ്യാതിഥി. സിറിയ, ഇറാഖ്, യെമൻ‍, ലിബിയ തുടങ്ങിയ രാജ്യങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ വിശകലനം തന്നെയായിരിക്കും ഇത്തവണ ഈ ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുക. ഇതോടൊപ്പം നിലവിൽ എണ്ണ പ്രതിസന്ധി കൊണ്ട് വലയുന്ന അറബ് രാജ്യങ്ങൾ മറ്റ് സാന്പത്തിക സ്രോതസുകൾ‍ കണ്ടെത്താനുള്ള ആഹ്വാനവും ഈ സമ്മേളനം നല്‍കിയേക്കാം. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ഒരു ഉച്ചകോടിയിൽ മാധ്യമപ്രവർ‍ത്തകൻ‍ എന്ന നിലയിൽ‍ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അതൊക്കെ വരാൻ‍ പോകുന്ന നാളുകളുടെ ദിശാ സൂചികയായിട്ടാണ് മാറിയിട്ടുള്ളത്. ഈ സമ്മേളനം പ്രവചിച്ചതൊക്കെ പിന്നീട് നടന്നിട്ടുണ്ടെന്നത് ചരിത്രമാണ്. ഇത്തവണത്തെ പ്രവചനം ആശ്വാസം തരുന്നതാകട്ടെ എന്ന് മാത്രം ആഗ്രഹിച്ചു കൊണ്ട്.. 

You might also like

Most Viewed