കേരളം പച്ചപിടിക്കട്ടെ...


പ്രദീപ് പുറവങ്കര 

വിവിധ ഇനം സസ്യങ്ങളുടെയും മരങ്ങളുടെയും കാർഷികവിളകളുടെയും സംഗമഭൂമിയായിരുന്ന കേരളത്തെ തിരിച്ച് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ഇന്നു മുതൽ ഹരിതകേരളം എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കുകയാണ്. കൃഷി വികസനം, ജലസംരക്ഷണം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലായിട്ടാണ് വാർഡ് തലത്തിൽ ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം നാടിന്റെ പ്രകൃതി തന്നെ ഏറെ മാറിയിരിക്കുന്ന ഒരുകാലത്ത് ഏറ്റവുമധികം ആവശ്യമുള്ള പദ്ധതി തന്നെയാണിത് എന്ന കാര്യത്തിൽ സംശയമില്ല. 

കാലാവസ്ഥ വ്യതിയാനം ഭയാനകമായ രീതിയിൽ ആണ് നമ്മുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത്. മഴ ചാറി പെയ്യേണ്ട കാലത്ത് കൊടുംവെയിൽ എന്നത് സാധാരണ അനുഭവമാണ് ഇപ്പോൾ മലയാളികൾക്ക്. കാർഷിക സംസ്കാരത്തിൽ അധിഷ്ഠിതമായ ഒരു നാട്ടിൽ കാലാവസ്ഥ ഈ രീതിയിൽ മാറിയപ്പോൾ കാർഷിക ഉൽപ്പാദനത്തിലും ഏറെ ഇടിവ് സംഭവിച്ചു. നഗരവൽക്കരണത്തിന്റെ അളവ് പൊതുവേ കൂടിയപ്പോൾ കൃഷി എന്നത് പ്രാകൃതമായ ജോലിയായി മാറി. അന്യസംസ്ഥാനത്ത് നിന്നു വരുന്ന ഭക്ഷ്യഉൽപ്പന്നങ്ങൾ നമ്മുടെ അടുക്കളയും കീഴടക്കി. നമ്മുടെ വീടിന്റെ പിന്നാന്പുറത്ത് സ്ഥിരം കാഴ്ച്ചയായിരുന്ന പച്ചക്കറികൾ പോലും വിഷം  അങ്ങിയതാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ വിപണിയിൽ നിന്ന് വാങ്ങാൻ മലയാളികൾ മിക്കവരും തയ്യാറായി. ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ ഉള്ളവർ ഓരോ വീട്ടിലും സാധാരണ കാഴ്ച്ചയായി മാറി. ഈ രീതി മാറേണ്ടതുണ്ട്. ഉള്ള അൽപ്പം സ്ഥലത്തെങ്കിലും തങ്ങൾക്ക് ആവശ്യമുള്ള കുറച്ച് പച്ചക്കറികൾ എങ്കിലും നട്ടുവളർത്താൻ മുൻകൈയെടുക്കുന്നത് സ്റ്റാറ്റസ് സിന്പൽ ആക്കേണ്ടിയിരിക്കുന്നു. 

അതു പോലെ തന്നെയാണ് ജല സംരക്ഷണവും. നമ്മുടെ നാട്ടിലെനദികളൊക്കെ വറ്റി വരണ്ട് നീർച്ചാലുകളായിട്ടാണ് വർഷത്തിന്റെ മിക്ക ദിവസങ്ങളിലും ഒഴുകുന്നത്. മണൽ വാരൽ മുതൽ മാലിന്യ നിക്ഷേപം വരെ ഇതിന് കാരണമാകുന്നു. നഗരങ്ങളിൽ ശുദ്ധജലം എന്നത് വിലകൊടുത്താൽ പോലും ലഭിക്കാത്ത ഇനമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് നാട്ടിലെ ഓരോ ജല സ്രോതസും സംരക്ഷിക്കപ്പെടേണ്ട സാഹചര്യം ഉയർന്നുവന്നിരിക്കുന്നത്. തോടും, കുളങ്ങളും, നീർച്ചാലുകളുമൊക്കെ യഥാകാലം ശുചീകരിച്ച് അവയെ ജനോപകാര പ്രദമാക്കി മാറ്റണം. ഹരിത മിഷനിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു വിഷയം ശുചിത്വമാണ്. വ്യക്തി ശുചിത്വം മുതൽ പൊതുഇടങ്ങളിലെ ശുചിത്വം വരെ ഇതിൽ പെടും. മാലിന്യങ്ങളുടെ കൂന്പാരം സമൂഹത്തിന് നന്മയല്ല നൽകുന്നതെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ജൈവവും അജൈവവുമായ എല്ലാ മാലിന്യങ്ങളെയും സംസ്കരിക്കാനുള്ള ശാസ്ത്രീയമായ മാർഗം കേരളത്തിലെഎല്ലാ വാർഡുകളിലും ഉണ്ടാകണം. പരിസ്ഥിതി സംരക്ഷണവും ഹരിത മിഷനിൽ പ്രധാനപ്പെട്ടതാണ്. ഉള്ള കാട് സംരക്ഷിക്കുന്നത് മാത്രമല്ല, പുതിയ കാടുകൾ സൃഷ്ടിക്കുന്നതിലും സമൂഹം ശ്രദ്ധ കാണിക്കണം. 

യുവാക്കളുടെയും, കുട്ടികളുടെയും വലിയൊരു പങ്കാളിത്തം ഈ പദ്ധതി നടപ്പിലാക്കാൻ ആവശ്യമുണ്ട്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന ബോധവും ധാരണയും പരസ്പരം പകർത്തുവാനും, തങ്ങൾക്ക് ലഭിച്ചിരിക്കുന്ന ഈ സ്വത്തിനെ അതേ പടി അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതുണ്ടെന്നും നമ്മൾ ഓർക്കേണ്ടതുണ്ട്. അതിന് സംസ്ഥാന സർക്കാർ കൊണ്ടുവന്നിരിക്കുന്ന ഈ പുതിയ പദ്ധതിക്ക് കഴിയട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു. 

You might also like

Most Viewed